Friday, January 11, 2013

ആറന്മുള വിമാനത്താവളത്തിന് അനുമതി: ഉമ്മന്‍ ചാണ്ടി


ആറന്മുള വിമാനത്താവള പദ്ധതിക്ക് മന്ത്രിസഭായോഗം അനുമതി നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിമാനത്താവള കമ്പനിയില്‍ സര്‍ക്കാരിന് പത്തു ശതമാനം ഓഹരി ഉണ്ടാകും. വിമാനത്താവളത്തിനാവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ വിപണിവിലയ്ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എത്ര ഏക്കര്‍ ഭൂമിയാണ് നല്‍കുകയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല. വിമാനത്താവളത്തിനെതിരായ സമരം പ്രശ്നമല്ല. വിമാനത്താവളം വേണമെന്ന് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും നിവേദനം കിട്ടിയതായും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിന് സര്‍ക്കാരിന്റെ ഔപചാരിക അനുമതിമാത്രമാണ് വേണ്ടിയിരുന്നത്. അപേക്ഷയുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 2010ലെ പീഡനം തടയല്‍ ബില്‍ ഭേദഗതിക്ക് സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചതായി അദ്ദേഹം അറിയിച്ചു.

നേരത്തെ വര്‍മ കമീഷന്‍ അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍, രണ്ടുദിവസത്തെ സാവകാശംപോലും കിട്ടിയില്ല. നീണ്ടകര മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടനിര്‍മാണത്തിന് 36.63 കോടി രൂപയുടെ പ്രവൃത്തിക്ക് മന്ത്രിസഭാ അനുമതി നല്‍കി. കൊടുങ്ങല്ലൂര്‍ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടനിര്‍മാണത്തിന് 9.69 കോടി രൂപയുടെ പ്രവൃത്തിക്കും അനുമതി നല്‍കി. കേരള ന്യൂനപക്ഷ ധന വികസന കോര്‍പറേഷന് 50 ലക്ഷം രൂപ അനുവദിച്ചു. ക്ഷീരകര്‍ഷക പെന്‍ഷന്‍ ഭേദഗതി ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് അഞ്ചുവര്‍ഷം പാല്‍ അളന്ന 60 കഴിഞ്ഞ എല്ലാ ക്ഷീരകര്‍ഷകര്‍ക്കും പെന്‍ഷന്‍ ലഭിക്കും. പത്തുവര്‍ഷം പാല്‍ അളക്കണം എന്ന നിബന്ധനയാണ് ഭേദഗതി ചെയ്തത്. കുടിവെള്ളവിതരണം സ്വകാര്യകമ്പനിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. മിതമായ വിലയ്ക്ക് കുപ്പിവെള്ളം വിതരണംചെയ്യുകയാണ് പുതിയ കമ്പനിയുടെ ഉദ്ദേശ്യം. വാട്ടര്‍ അതോറിറ്റി മുഖേന ഇപ്പോള്‍ നടക്കുന്ന കുടിവെള്ളവിതരണം കമ്പനിക്ക് കൈമാറില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

deshabhimani 110113

No comments:

Post a Comment