Friday, January 11, 2013

അനിശ്ചിതകാല പണിമുടക്കിന് പിന്തുണയേറുന്നു


കൊല്ലം: ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ സംഘടനകള്‍ രംഗത്ത്. വ്യാഴാഴ്ച കലക്ടറേറ്റിനു മുന്നിലെയും താലൂക്കുകളിലെയും സമരകേന്ദ്രങ്ങളില്‍ യുവജനസംഘടനകളുടെ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ നടന്നു. ഡിവൈഎഫ്ഐ, എസ്എഫ്ഐ, പിഎസ്യു സംഘടനകളില്‍പ്പെട്ട നൂറുകണക്കിന് യുവതീയുവാക്കളും വിദ്യാര്‍ഥികളും അണിനിരന്ന പടുകൂറ്റന്‍ പ്രകടനത്തിന് ജില്ലാസമരകേന്ദ്രം സാക്ഷ്യംവഹിച്ചു. രാവിലെ മുതല്‍തന്നെ സമരകേന്ദ്രങ്ങളിലെല്ലാം പണിമുടക്കിയ ജീവനക്കാരുടെയും അധ്യാപരുടെയും കൂട്ടായ്മകളുണ്ടായി. ഇതിന് പിന്തുണയുമായാണ് വിദ്യാര്‍ഥി-യുവജനസംഘടനകളുടെ പ്രകടനം നടന്നത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുജനാരോഗ്യമേഖലയിലെ അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍ ജില്ലാആശുപത്രി വളപ്പില്‍ പ്രകടനം നടത്തി.

പണം അടയ്ക്കാന്‍ ട്രഷറിയില്‍ എത്തിയ യുവാക്കളെ എന്‍ജിഒ അസോസിയേഷന്‍കാര്‍ തല്ലിച്ചതച്ചു

കൊല്ലം: മൈക്ക്സാങ്ഷനുവേണ്ടി പണം അടയ്ക്കാന്‍ ട്രഷറിയില്‍ എത്തിയ യുവാക്കളെ എന്‍ജിഒ അസോസിയേഷന്‍കാരും ഖദര്‍ധാരികളും തല്ലിച്ചതച്ചു. വ്യാഴാഴ്ച പകല്‍ മൂന്നോടെജില്ലാട്രഷറിയിലാണ് സംഭവം. ട്രഷറിക്കുള്ളില്‍ രസീതു വാങ്ങാന്‍ എത്തിയ ഇരവിപുരം സ്വദേശികളായ ഷബീര്‍, രാഹുല്‍ എന്നിവരോട് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പണം അടയ്ക്കാന്‍ കഴിയില്ലെന്ന് എന്‍ജിഒ അസോസിയേഷന്‍ അംഗമായ പ്യൂണ്‍ പറഞ്ഞു. മൈക്ക് സാങ്ഷന്‍ വേണമെങ്കില്‍ സമരക്കാരോട് ചോദിക്കെടാ എന്ന് പ്യൂണ്‍ ആക്രോശിച്ചു. തുടര്‍ന്ന് പ്യൂണ്‍ മേശഡ്രായര്‍ ഊരിയെടുത്ത് അടിക്കാനായി പാഞ്ഞടുത്തു. ഇതുകണ്ട് ഭയന്നുവിറച്ച യുവാക്കളെ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുപ്പതംഗ ഗുണ്ടാസംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. യുവാക്കളെ പൊതിരെ തല്ലിയ സംഘം ഇരുവരുടെയും ഷര്‍ട്ട് വലിച്ചുകീറി എറിഞ്ഞു. അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് ചവറ ജയകുമാര്‍, ട്രഷറി ജീവനക്കാരായ ഷാജി, സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.തങ്ങള്‍ സമരക്കാരല്ലെന്നും മൈക്ക് സാങ്ഷന് പണം അടയ്ക്കാന്‍ എത്തിയതാണെന്നു പറഞ്ഞിട്ടും അസോസിയേഷന്‍കാര്‍ തല്ലുകയായിരുന്നു. അക്രമം കണ്ടുനിന്ന പോലീസും സംഘത്തെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല.

സമരം നേരിടാന്‍ പൊലീസ്-കെഎസ്യു സംഘം

നീലേശ്വരം: അധ്യാപക സമരത്തെ അടിച്ചെതുക്കാന്‍ പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൊലീസും കെഎസ്യു പ്രവര്‍ത്തകരും. നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പണിമുടക്കിയ അധ്യാപകരെ കൈയേറ്റം ചെയ്യാന്‍ കോണ്‍ഗ്രസ് നേതാവായ പിടിഎ പ്രസിഡന്റ് എറുവാട്ട് മോഹനന്റെ നേതൃത്വത്തിലാണ് പൊലീസ്- കെഎസ്യു സംഘമെത്തിയത്. പണിമുടക്കിയ അധ്യാപക സര്‍വീസ് സംഘടന പ്രവര്‍ത്തകര്‍ സ്കൂള്‍ ഗെയ്റ്റില്‍ പിക്കറ്റ് ചെയ്യുമ്പോള്‍ പിടിഎ പ്രസിഡന്റും കെഎസ്യുക്കാരുമെത്തി സമരക്കാരെ അക്രമിക്കാനൊരുങ്ങി. പൊലീസെത്തിയതോടെ ഉന്തും തള്ളുമായി. എസ്എഫ്ഐ മുന്‍ യൂണിറ്റ് പ്രസിഡന്റായിരുന്ന വിപിന്‍ചന്ദ്രനെ കെഎസ്യുക്കാര്‍ മര്‍ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ നീലേശ്വരത്ത് പ്രകടനം നടത്തി.
 
വനിതാ ജീവനക്കാര്‍ക്കു നേരെ സെറ്റോ നേതാക്കളുടെ കൈയേറ്റശ്രമം

കൊല്ലം: പങ്കാളിത്ത പെന്‍ഷന്‍ സംവിധാനം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയ വനിതാ ജീവനക്കാര്‍ക്കു നേരെ സെറ്റോ സംഘടനാ നേതാക്കളുടെ കൈയേറ്റശ്രമം പ്രതിഷേധമുയര്‍ത്തി. വനിതാ ജീവനക്കാരിലൊരാളെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ച സെറ്റോ നേതാക്കള്‍ക്കെതിരെ ജീവനക്കാരി പൊലീസില്‍ പരാതി നല്‍കി. ലേബര്‍ ഓഫീസര്‍ ഹെന്‍ട്രി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ചവറ ജയകുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ബിജുമോന്‍, ആഗ്മാര്‍ക്ക് ഓഫീസിലെ സുനില്‍ ജോസ് എന്നിവര്‍ക്കെതിരെയാണ് ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതിന് ജീവനക്കാരി പൊലീസില്‍ പരാതി നല്‍കിയത്. ജീവനക്കാരെ കൈയേറ്റം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കൗണ്‍സിലിന്റെയും സമരസമതിയുടെയും കണ്‍വീനര്‍മാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ വിവിധ അധ്യാപക സര്‍വീസ് സംഘടനാ നേതാക്കള്‍ ശക്തിയായി പ്രതിഷേധിച്ചു. കൈയേറ്റം തുടര്‍ന്നാല്‍ എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തി ഭീഷണി നേരിടുമെന്ന് സമരസമിതി നേതാക്കള്‍ പ്രസ്താവനയില്‍ മുന്നറിയിപ്പു നല്‍കി.

കെഎസ്ടിഎ നേതാവിനെ ആക്രമിക്കാന്‍ ശ്രമം

പത്തനംതിട്ട: അനിശ്ചിതകാല പണിമുടക്കിന്റെ പ്രചാരണ പരിപാടിയുടെ വാഹനം തടഞ്ഞ് കെഎസ്ടിഎ നേതാവിനെ ആക്രമിക്കാന്‍ ശ്രമം. കോന്നി ഐരവണില്‍ യൂത്ത് കോണ്‍ഗ്രസ് - കെഎസ്യു പ്രവര്‍ത്തകരാണ് വാഹനം തടഞ്ഞത്. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി മോഹനചന്ദ്രനെയും മറ്റ് നേതാക്കളെയുമാണ് ആക്രമിക്കാന്‍ ശ്രമം നടന്നത്. സമരത്തെ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാന്‍ നടത്തുന്ന ശ്രമത്തില്‍ കെഎസ്ടിഎ കോന്നി സബ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ഇത്തരം ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

ജീവനക്കാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചെന്ന് കള്ളക്കേസ്

കോട്ടയം: പണിമുടക്കിയ ജീവനക്കാര്‍ക്കെതിരെ എന്‍ജിഒ അസോസിയേഷന്റെ നിര്‍ദേശപ്രകാരം പൊതുമുതല്‍ നശീകരണത്തിന് കോട്ടയം വെസ്റ്റ് പൊലീസ് കള്ളക്കേസെടുത്തു. പഴയ ബോട്ട്ജെട്ടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ജലഗതാഗതവകുപ്പിന്റെ സ്റ്റേഷന്‍ ഓഫീസില്‍ അതിക്രമം കാട്ടിയെന്ന കള്ളപ്പരാതിയിലാണ് എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ഉദയന്‍ വി കുരുവിള, കോട്ടയം ടൗണ്‍ ബ്രാഞ്ച് പ്രസിഡന്റ് കെ കെ ഷാജി എന്നിവരടക്കം ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തത്. ഓഫീസിലെ മേശയും മറ്റും എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരോട് എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരാണ് അതിക്രമം കാട്ടിയതെന്ന് പറഞ്ഞു. ഇതിനു ശേഷം പൊലീസിനും വിവരം കൈമാറുകയായിരുന്നു.

വാട്ടര്‍ അതോറിറ്റി ഓഫീസില്‍ കെഎസ്യു ആക്രമണം

കൊച്ചി: വാട്ടര്‍ അതോറിറ്റി മധ്യമേഖലാ ചീഫ് എന്‍ജിനിയര്‍ ഓഫീസില്‍ കെഎസ്യു ആക്രമണം. പത്തോളം കെഎസ്യു പ്രവര്‍ത്തകര്‍ ഓഫീസിലെ വസ്തുവകകള്‍ തല്ലിത്തകര്‍ത്തു. ജീവനക്കാരെ അസഭ്യംവിളിക്കുകയുംചെയ്തു. കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) കൊടിമരവും ബോര്‍ഡുകളും പതാകയും നശിപ്പിച്ചു. വാട്ടര്‍ അതോറിറ്റി ക്യാമ്പസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന നേത്രചികിത്സാ ക്യാമ്പിലെ ഉപകരണങ്ങളും തല്ലിത്തകര്‍ത്തു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.

വ്യാഴാഴ്ച പകല്‍ 2.30 ഓടെയാണ് അക്രമം. ജലവിതരണത്തിന് സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കാനുള്ള ഉത്തരവിനെതിരെ വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനുശേഷമാണ് കെഎസ്യു പ്രവര്‍ത്തകര്‍ എത്തിയത്. ഓഫീസ്വളപ്പില്‍ പിന്നീട് ഇവരുടെ അഴിഞ്ഞാട്ടമായിരുന്നു. പാത്രത്തില്‍ ചാണകവെള്ളവുമായി എത്തിയ ഇവര്‍ അത് ഓഫീസിനുമുന്നിലെ റോഡില്‍ ഒഴിച്ചു. നേത്രപരിശോധനാ ക്യാമ്പിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. സംഭവത്തെത്തുടര്‍ന്ന് കണ്ടാലറിയാവുന്ന കെഎസ്യു പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തതായി എറണാകുളം സെന്‍ട്രല്‍ പൊലീസ് പറഞ്ഞു.

കെഎസ്യു പ്രവര്‍ത്തകരുടെ നടപടി അങ്ങേയറ്റം നീചമാണെന്ന് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് ടി ശിവദാസമേനോന്‍ പറഞ്ഞു. ഫാസിസം നടപ്പാക്കാന്‍ ഹിറ്റ്ലര്‍ കുട്ടികളെ ഉപയോഗിച്ചതുപോലെയാണ് ജീവനക്കാര്‍ക്കെതിരെ കോണ്‍ഗ്രസും സര്‍ക്കാരും കെഎസ്യുക്കാരെ ഇളക്കിവിടുന്നത്. ഇതിനെതിരെ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിക്കണമെന്ന് ടി ശിവദാസമേനോന്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റി മധ്യമേഖലാ ചീഫ് എന്‍ജിനിയര്‍ ഓഫീസിനു നേരെ കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് സര്‍വീസ് സംഘടനാ ഐക്യസമരസമിതിയുടെയും വര്‍ഗബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ പ്രകടനം നടത്തി. സിഐടിയു മേഖലാ സെക്രട്ടറി കെ വി മനോജ്, സി എസ് ശശികുമാര്‍, എ പി ലൗലി, എ പി സുധീരഥന്‍, ഇ പി കെ സുഭാഷിതന്‍, എസ് എസ് അനില്‍, എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കൃഷ്ണപ്രസാദ്, ബെഫി നേതാവ് നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകസംഘടനയായ കെഎസ്ടിഎയുടെ ജില്ലാകമ്മിറ്റി ഓഫീസിനു നേരെയും കെഎസ്യു പ്രവര്‍ത്തകര്‍ അക്രമം നടത്തി. സര്‍ക്കാര്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി കെഎസ്ടിഎ ഓഫീസില്‍ കടന്നുകയറിയ ഇവര്‍ ജനാലച്ചില്ലകള്‍ എറിഞ്ഞുടച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് സമരസഹായസമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ചെയര്‍മാന്‍ പി രാജു, സിഐടിയു ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഥ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി സി സഞ്ജിത് എന്നിവര്‍ സംസാരിച്ചു.

സമരസമിതി പ്രവര്‍ത്തകരെ യൂത്ത് ലീഗുകാര്‍ കൈയേറ്റംചെയ്തു

മലപ്പുറം: അനിശ്ചിതകാല പണിമുടക്കിന്റെ പ്രചാരണത്തിലേര്‍പ്പെട്ട ഐക്യ സമരസമിതി പ്രവര്‍ത്തകരെ യൂത്ത് ലീഗുകാര്‍ കൈയേറ്റംചെയ്തു. എടരിക്കോട് പഞ്ചായത്ത് ഓഫീസില്‍ പ്രചാരണം നടത്തി തിരിച്ചുവരികയായിരുന്ന പ്രവര്‍ത്തകരെയാണ് കൈയേറ്റംചെയ്തത്. വ്യാഴാഴ്ച പകല്‍ 3.30-നാണ് സംഭവം. യൂത്ത് ലീഗ് അക്രമത്തില്‍ സമരസഹായസമിതി പ്രതിഷേധിച്ചു. എടരിക്കോട്ട് സമരസഹായസമിതി നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും വിശദീകരണ യോഗവും നടത്തി. സിപിഐ എം കോട്ടക്കല്‍ ഏരിയാ സെക്രട്ടറി എം മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു. ഇ സുരേഷ്, കെ ദാസന്‍, എന്‍ എം അഷറഫ് എന്നിവര്‍ സംസാരിച്ചു.

ജീവനക്കാരെ അസഭ്യം പറഞ്ഞ് കെഎസ്യു മാര്‍ച്ച്

കല്‍പ്പറ്റ: പണിമുടക്കിന്റെ ഭാഗമായി കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തിയ അധ്യാപകരെയും ജീവനക്കാരേയും ആക്രമിക്കാന്‍ കെഎസ്യു മാര്‍ച്ച്. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് കെഎസ്യുക്കാര്‍ മണിക്കൂറോളോളം ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ട് കലി തീര്‍ത്തു. യാത്രക്കാര്‍ ഏറെനേരം പെരുവഴിയിലായി. ഈ സമയം പൊലീസ് കാഴ്ചക്കാരായി. പിന്നീട് ആളുകള്‍ പ്രതിഷേധവുമയെത്തിയതോടെയാണ് കെഎസ്യുക്കാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. അഞ്ചുപേര്‍ക്കെതിരെ കേസ് എടുത്തു. അധ്യാപകരെ തെറിവളിച്ചും അസഭ്യം പറഞ്ഞുമായിരുന്നു കെഎസ്യു മാര്‍ച്ച്. വിരലിലെണ്ണാവുന്നവരാണ് കൊടികെട്ടിയ വടികളുമേന്തി മാര്‍ച്ചുമായി എത്തിയത്. കലക്ടറേറ്റിന്റെ പ്രധാന ഗെയ്റ്റില്‍ ധര്‍ണനടത്തുകയായിരുന്ന ജീവനക്കാരെ ആക്രമിച്ച് സംഘര്‍ഷമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രധാന ഗെയ്റ്റ് എത്തുന്നതിനുമുമ്പുള്ള കലക്ടറേറ്റ് കവാടത്തില്‍ ഇവരെ പൊലീസ് തടഞ്ഞു. ഇതോടെ ഇവര്‍ റോഡില്‍ നിരന്നിരുന്ന് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കി. അരികിലൂടെ ചെറുവാഹനങ്ങള്‍ കടന്നുപോകാന്‍ തുടങ്ങിയതോടെ റോഡില്‍ കിടന്ന് പൂര്‍ണമായും ഗതാഗതം സ്തംഭിപ്പിച്ചു. വാഹനങ്ങള്‍ കടത്തിവിടാനുള്ള യാത്രക്കാരുടെ അഭ്യര്‍ഥനയും മാനിച്ചില്ല. ഒരുമണിക്കൂറിനുശേഷം ആളുകള്‍ ഇടപെടാന്‍ തുടങ്ങിയതോടെ അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തത്. ഇതോടെ മറ്റുള്ളവര്‍ പിരിഞ്ഞുപോയി. അറസ്റ്റ് ചെയ്തവരെ പിന്നീട് സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ വിട്ടു.

deshabhimani 110113

No comments:

Post a Comment