Friday, May 31, 2013

സ്ത്രൈണതയെ ആഘോഷിച്ച ചലച്ചിത്രകാരന്‍

ഋതുപര്‍ണ ഘോഷിന്റെ തികച്ചും അപ്രതീക്ഷിതമായ വേര്‍പാട് ഉച്ചശ്രുതിയില്‍ നില്‍ക്കുന്ന രാഗാലാപനം പെട്ടെന്നു നിലച്ചുപോയ അനുഭവമാണ് അദ്ദേഹത്തിന്റെ സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്കിടയിലുണ്ടാക്കിയിരിക്കുക. 1994 മുതല്‍ 2012 വരെ മാത്രം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സിനിമാസപര്യ സമൃദ്ധമായിരുന്നു. സ്ത്രൈണതയുടെ വിവിധ മാനങ്ങളില്‍നിന്നുകൊണ്ട് മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളെ അന്വേഷിക്കുകയും അവതരിപ്പിക്കുകയും ചെയ്തവയായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. സ്വന്തം ലിംഗമാറ്റത്തെ തന്നെ അതിന്റെ എല്ലാവിധ ഹര്‍ഷസംഘര്‍ഷങ്ങളോടെയും സിനിമയുടെ വിഷയമാക്കാനുള്ള ആര്‍ജവം കാണിച്ച അപൂര്‍വം ചലച്ചിത്രകാരന്മാരിലൊരാളായിരുന്നു ഘോഷ്.

ബംഗാളി സിനിമ ഒരര്‍ഥത്തില്‍ ഒരു വഴിത്തിരിവിലോ ദശാസന്ധിയിലോ എത്തിപ്പെട്ടിരുന്ന 1990കളുടെ അവസാനത്തിലാണ് ഘോഷ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. സത്യജിത് റായ്, ഋത്വിക്ക് ഘട്ടക്, മൃണാള്‍സെന്‍ തുടങ്ങിയ മഹാരഥന്മാര്‍ക്കുശേഷം വന്ന ബുദ്ധദേവ് ദാസ്ഗുപ്ത, ഗൗതം ഘോഷ് തുടങ്ങിയവരുടെ തലമുറയുടെ കാലം അപ്പോഴേക്കും കഴിഞ്ഞുതുടങ്ങിയിരുന്നു. നവതരംഗത്തിന്റെതായ ഉണര്‍വുകളുടെ കാലഘട്ടം കഴിയുകയും ടെലിവിഷന്‍ ദൃശ്യമാധ്യമരംഗത്തെയാകെ കൈയടക്കുകയും ചെയ്ത സന്ദര്‍ഭമായിരുന്നു അത്. അതുവരെയുണ്ടായിരുന്നതും വിലമതിക്കപ്പെട്ടിരുന്നതും ഉപരിവര്‍ഗത്തിന്റെയും ഇടത്തരക്കാരുടെയും അംഗീകാരം നേടിയിരുന്നതുമായ പ്രമേയഭൂമികകളും പരിചരണരീതികളും അപ്രസക്തമാകുകയും പൊതുവെ വ്യത്യസ്തവും കലാപരവും ആയ സിനിമകള്‍ക്ക് പ്രചാരവും പരിഗണനയും കുറഞ്ഞുതുടങ്ങിയതുമായ കാലമായിരുന്നു അത്. ഘോഷ് തനിക്കുമുമ്പേ നിലനിന്ന രണ്ടു ധാരകളെയും ഒരുരീതിയില്‍ സമന്വയിപ്പിക്കയാണ് ചെയ്തത്. ഒരു വശത്ത് തന്റെ ക്ലാസിക് പാരമ്പര്യത്തിന്റെ സ്വാധീനങ്ങളും താല്‍പ്പര്യങ്ങളും ടാഗോര്‍, സത്യജിത് റായ് തുടങ്ങിയവരുടെ തുടര്‍ച്ച എന്ന നിലയില്‍ തന്റെ സിനിമകളില്‍ അദ്ദേഹം നിലനിര്‍ത്തി. എന്നാല്‍, അതിനോടൊപ്പം വ്യക്തിസവിശേഷവും എന്നാല്‍, രൂപപരവും ലാവണ്യപരവുമായ തലങ്ങളില്‍ ആഗോളീയമായി സമകാലികവും ആയ ഒരു ശൈലിയും അദ്ദേഹം വികസിപ്പിച്ചെടുത്തു. റായിയെ പോലെ പരസ്യലോകത്തുനിന്ന് സിനിമയിലേക്കു വന്ന ഒരാളാണ് ഘോഷും. അതുകൊണ്ടുതന്നെ ഓരോ ദൃശ്യത്തിന്റെയും ദീപസംവിധാനത്തിലും സ്ഥലവിന്യാസത്തിലും ഒപ്പം ആഖ്യാനത്തിലുള്ള ഹ്രസ്വതയിലും അദ്ദേഹത്തിന് പ്രത്യേക കൈയടക്കം തുടക്കം മുതല്‍ തന്നെ കാണാം.

ഉനിഷേ ഏപ്രില്‍ (1994) തൊട്ട് ചിത്രാംഗദ (2012) വരെയുള്ള ചിത്രങ്ങളിലെല്ലാംതന്നെ സ്ത്രീരൂപങ്ങളാണ് ആഖ്യാനകേന്ദ്രത്തിലുള്ളത്. വിഭജിക്കപ്പെട്ട ഒരു കുടുംബത്തിലോ അതില്‍നിന്ന് പലകാരണങ്ങള്‍കൊണ്ടും പുറത്തായവരോ പുറത്തുവന്നവരോ ആയിരിക്കും ഘോഷിന്റെ നായികമാര്‍. അവര്‍ ജീവിതത്തെ അതിന്റെ എല്ലാവിധ ഏറ്റിറക്കങ്ങളോടെയും സുഖദുഃഖങ്ങളോടെയും സ്വീകരിക്കുന്നു. പലപ്പോഴും അവര്‍ ജീവിതത്തില്‍ ഒരു വലിയ ദുരന്തത്തിലൂടെയെങ്കിലും കടന്നുപോയിട്ടുമുണ്ടാകും. സ്ത്രീകളുടെ ലോകത്തിന്റെ ആവിഷ്കര്‍ത്താവായതിനാല്‍ത്തന്നെ വീടകങ്ങളുടെ ചിത്രീകരണത്തില്‍ സവിശേഷമായ മികവ് ഘോഷ് പുലര്‍ത്തുന്നതുകാണാം. കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥകള്‍ക്കനുസരിച്ച് വീടകങ്ങളുടെ (പ്രത്യേകിച്ചും ഒന്നിലധികം നിലകളും നീണ്ട ബാല്‍ക്കണിയും ഇടനാഴികളും ഉള്ള ബംഗാളിഗൃഹങ്ങള്‍) വിവിധ സമയങ്ങളിലും സന്ദര്‍ഭങ്ങളിലും ഉള്ള പ്രകാശവ്യതിയാനങ്ങളും പ്രതലഭേദങ്ങളും ജനലുകളും കോണിപ്പടികളും വാതിലുകളും അലങ്കാരകട്ടിലുകളും മറ്റു സാധനസാമഗ്രികളും എല്ലാം ഉപയോഗിക്കാനുള്ള പ്രാഗല്‍ഭ്യം സത്യജിത് റായ്ക്കു ശേഷം ആരും പ്രകടിപ്പിച്ചിട്ടില്ല. സ്ത്രീപുരുഷബന്ധങ്ങളില്‍ അന്തര്‍ഹിതമായിരിക്കുന്ന അധികാരപ്രയോഗങ്ങളുടെ സൂക്ഷ്മതലങ്ങളെ ഘോഷ് ചിത്രങ്ങള്‍ നിരന്തരം ഇഴപിരിച്ചു പരിശോധിച്ചുകൊണ്ടിരുന്നു, വ്യക്തമായും എക്കാലത്തും അദ്ദേഹത്തിന്റെ ചായ്വ് സ്ത്രീപക്ഷത്തോടുതന്നെയായിരുന്നു. ഇത്ര ഗാഢവും വൈകാരികവുമായ രീതിയില്‍ സ്ത്രീപുരുഷാവസ്ഥകളെ അനുഭവിച്ചറിഞ്ഞ മറ്റൊരു ചലച്ചിത്രകാരനുണ്ടാകാനിടയില്ല. ഒരുപക്ഷേ വ്യക്തിപരമായ തലത്തിലും കലാകാരന്‍ എന്ന നിലയിലും അദ്ദേഹത്തെ അനന്യനാക്കുന്നത് തന്റെ ചലച്ചിത്രസപര്യയിലൂടെ ക്രമേണ സ്ത്രൈണതയിലേക്ക് സഞ്ചരിച്ച ഒരാള്‍ എന്നതായിരിക്കും.
(സി എസ് വെങ്കിടേശ്വരന്‍)

deshabhimani

No comments:

Post a Comment