Thursday, May 30, 2013

അട്ടപ്പാടി: പോഷകവൈകല്യമുള്ളവരെ പുനരധിവസിപ്പിക്കണം

അട്ടപ്പാടിയില്‍ പോഷകവൈകല്ല്യമുള്ളവരെ പുനരധിവസിപ്പിക്കാന്‍ സംവിധാനമൊരുക്കണമെന്ന് ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശം. കൂടുതല്‍ ശിശുക്കള്‍ മരിക്കുന്ന സാഹചര്യത്തില്‍ പോഷകവൈകല്യവും വിളര്‍ച്ചയുമുള്ളവരെ പോഷണപുനരധിവാസ കേന്ദ്രത്തില്‍ താമസിപ്പിച്ച് ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. നവജാതശിശുക്കള്‍ കൂട്ടത്തോടെ മരിക്കുന്നത് സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കാത്ത സാഹചര്യത്തിലാണ് സിപിഐ എമ്മിന്റെ ആവശ്യപ്രകാരം ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘം അട്ടപ്പാടി സന്ദര്‍ശിച്ച് പഠനം നടത്തിയത്. പഠനത്തില്‍ കണ്ടെത്തിയ കാരണങ്ങള്‍ അടിവരയിടുന്നതാണ് തുടര്‍ച്ചയായ മരണങ്ങള്‍.

അട്ടപ്പാടിയില്‍ ആയിരക്കണക്കിന് ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരുമുണ്ട്. ആറായിരത്തോളം കുഞ്ഞുങ്ങളുണ്ട്. ഇവരില്‍ പോഷകക്കുറവുള്ളവരെ പ്രത്യേക പരിചരണ കേന്ദ്രത്തില്‍ എത്തിക്കണം. കേന്ദ്രങ്ങളില്‍ താമസിക്കാന്‍ തയ്യാറാവാത്തവരുടെ വീടുകളില്‍ പോഷകാഹാരം എത്തിക്കാനും നിരീക്ഷിക്കാനും "ആശ"വര്‍ക്കര്‍മാരെയും ട്രൈബല്‍ പ്രൊമോട്ടര്‍മാരെ ചുമതലപ്പെടുത്തണം. വിളര്‍ച്ചയുള്ളവര്‍ക്ക് മുടങ്ങാതെ അയേണ്‍ ഫോളിക്ക് ആസിഡ് വിതരണം ചെയ്യണം. ഇംഫറോണ്‍ ഇന്‍ജക്ഷന് പകരം അയണ്‍ സുക്രോസ് നല്‍കണം. റേഷന്‍ കടകളിലൂടെയും അങ്കണവാടികളിലൂടെയും വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളില്‍ റാഗി, ചാമ, ചോളം, വെരക്, തുവര, തിന, പയര്‍വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണം. ദേശീയതൊഴിലുറപ്പ് പദ്ധതി പുനരാരംഭിക്കണം. ജോലി ചെയ്ത കാലയളവില്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള 25 ലക്ഷം രൂപയും തൊഴില്‍ നല്‍കാതിരുന്ന കാലയളവ് കണക്കിലെടുത്ത് ഉചിതമായ നഷ്ടപരിഹാരത്തുകയും നല്‍കണം.

ആശപ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, സബ്സെന്ററിലെ ഫീല്‍ഡ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പുനഃപരിശീലനം നല്‍കുക, ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക, അങ്കണവാടികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സൂപ്പര്‍വൈസര്‍മാര്‍ക്ക് കൂടുതല്‍ വാഹനം നല്‍കുക, 20 ഊരുകളില്‍ അങ്കണവാടികള്‍ തുടങ്ങുക, പോഷകാഹാരത്തിന് ഒരുകുട്ടിക്ക് നല്‍കുന്ന ആറ്രൂപ എന്നത് 12 രൂപയായി ഉയര്‍ത്തുക, അതിനാവശ്യമായ തുക പഞ്ചായത്തുകള്‍ക്ക് നല്‍കുക തുടങ്ങിയ കാര്യങ്ങളും അടിയന്തരമായി ചെയ്യണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. കള്ളവാറ്റും കഞ്ചാവ് കൃഷിയും അനധികൃത മദ്യവില്‍പ്പനയും തടയാന്‍ എക്സൈസ്പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ലഹരിമുക്തി കേന്ദ്രം സ്ഥാപിച്ച് ആശാവര്‍ക്കര്‍മാര്‍ക്കും ഫീല്‍ഡ് ഓഫീസര്‍മാര്‍ക്കും ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്കും ഡി അഡിഷക്ഷന്‍ കൗണ്‍സലിങ്ങില്‍ പരിശീലനം നല്‍കണം. അഹാഡ്സിന്റെ ഭാവി പ്രവര്‍ത്തനം നിശ്ചയിക്കുന്നതിന് വിദഗ്ധരുടെയും ജനപ്രതിനിധികളുടെയും സാമൂഹ്യസംഘടനാപ്രവര്‍ത്തകരുടെയും യോഗം വിളിക്കണം. കൃഷിവകുപ്പും അഹാഡ്സും സഹകരിച്ച് ആദിവാസികളെ കൃഷിക്കാരാക്കി മാറ്റാന്‍ നീര്‍ത്തടവികസനം പോലുള്ള പദ്ധതികള്‍ നടപ്പാക്കണം. പരമ്പരാഗതവും ആധുനികവുമായ കാര്‍ഷികവിളകളും കൃഷിരീതിയും സമന്വയിപ്പിച്ച് കാര്‍ഷികവികസനപദ്ധതി ആസൂത്രണം ചെയ്യണമെന്നും സിപിഐ എമ്മിനും മന്ത്രിമാര്‍ക്കും നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

deshabhimani

No comments:

Post a Comment