Sunday, May 19, 2013

അജിത് സര്‍ക്കാര്‍ വധക്കേസ്: സിബിഐ അപ്പീല്‍ നല്‍കണം- സിപിഐ എം


ബിഹാറിലെ സിപിഐ എം നേതാവും എംഎല്‍എയുമായിരുന്ന അജിത് സര്‍ക്കാരിനെ വധിച്ച കേസില്‍ പപ്പു യാദവ് അടക്കമുള്ള പ്രതികളെ വെറുതെവിട്ട പട്ന ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. പപ്പു യാദവ് അടക്കമുള്ള പ്രതികളെ വെറുതെവിട്ട കോടതി ഉത്തരവ് നീതിയെ പരിഹസിക്കുന്നതാണ്. കുറ്റവാളികള്‍ക്കെതിരെ തര്‍ക്കരഹിതമായ തെളിവുകള്‍ കീഴ്ക്കോടതിക്ക് ബോധ്യപ്പെടുകയും പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു. സുപ്രീംകോടതി നിരവധി തവണ പപ്പു യാദവിന് ജാമ്യം നിഷേധിച്ചു. എന്നാല്‍ "സംശയത്തിന്റെ ആനുകൂല്യം" എന്ന പേരില്‍ ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടിരിക്കയാണ്. പ്രശ്നം സിബിഐ ഗൗരവമായെടുക്കണം. കേസില്‍ നീതി നിഷേധിക്കപ്പെടാന്‍ പാടില്ലെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു. 1998 ജൂണ്‍ 14ന് ബിഹാറിലെ പൂര്‍ണിയയിലാണ് അജിത് സര്‍ക്കാരിനെ അക്രമികള്‍ കൊലപ്പെടുത്തിയത്.

"സുപ്രീംകോടതിയെ സമീപിക്കും"

ന്യൂഡല്‍ഹി: ബിഹാറിലെ സിപിഐ എം നേതാവും എംഎല്‍എയുമായിരുന്ന അജിത് സര്‍ക്കാരിനെ വധിച്ച കേസില്‍ ആര്‍ജെഡി നേതാവ് പപ്പു യാദവിനെയും കൂട്ടുപ്രതികളെയും വിട്ടയച്ച പട്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അജിത് സര്‍ക്കാരിന്റെ ഭാര്യ മാധവി പൂര്‍ണിയയില്‍ അറിയിച്ചു. കോടതിയെ താന്‍ ബഹുമാനിക്കുന്നുവെന്നും പട്ന ഹൈക്കോടതിക്കു മുന്നില്‍ പ്രോസിക്യൂട്ടര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് മനസ്സിലാക്കുന്നതെന്നും അവര്‍ പറഞ്ഞു. കൊല നടത്തിയതിന് മതിയായ തെളിവുകളുണ്ട്. കോടതി ഉത്തരവ് വിശദമായി പരിശോധിച്ചശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്ന് മകന്‍ അമിത്തും പറഞ്ഞു.

deshabhimani 190513

No comments:

Post a Comment