Thursday, May 30, 2013

കുര്യന് അനുകൂലമായി ധര്‍മരാജന്റെ മലക്കം മറിച്ചില്‍

സൂര്യനെല്ലി കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി ധര്‍മരാജന്‍ പി ജെ കുര്യന് അനുകൂലമായി മലക്കം മറിഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തില്‍ കുര്യനെതിരായ പരാമര്‍ശങ്ങള്‍ മദ്യലഹരിയില്‍ നടത്തിയതായിരുന്നുവെന്നും ദേശീയനേതാവായ കുര്യനെ ഉള്‍പ്പെടുത്തുന്നത് കേസില്‍ തനിക്ക് പ്രയോജനകരമാവുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ഉപദേശം സ്വീകരിച്ചുള്ളതായിരുന്നെന്നും ധര്‍മരാജന്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. കുര്യനെയും കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ നായര്‍, ജമാല്‍ എന്നിവരെയും താനാണ് സ്വന്തം കാറില്‍ കുമളി റസ്റ്റ് ഹൗസില്‍ പെണ്‍കുട്ടിയുടെ അടുത്തെത്തിച്ചതെന്നായിരുന്നു ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. നിര്‍ണായകമായ ഇതിന്റെ അടിസ്ഥാനത്തില്‍ കുര്യനടക്കമുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടി ആദ്യം പീരുമേട് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കോടതി ഈ ആവശ്യം നിരാകരിച്ചതിനെതുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ റിവിഷന്‍ പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ച തൊടുപുഴ സെഷന്‍സ് കോടതി കുര്യനടക്കമുള്ളവര്‍ക്ക് നേരിട്ട് ഹാജരായോ അഭിഭാഷകര്‍ മുഖേനയോ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നോട്ടീസ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കുര്യനൊഴികെയുള്ളവര്‍ കോടതിമുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചു. കുര്യനുവേണ്ടി അഡ്വ. രാംകുമാര്‍ ഹാജരായി സത്യവാങ്മൂലം പിന്നീട് ഹാജരാക്കാമെന്നറിയിച്ചു. കുര്യന്‍ ഒഴികെയുള്ളവരുടെ സത്യവാങ്മൂലങ്ങള്‍ ഫയലില്‍ സ്വീകരിച്ച സെഷന്‍സ് കോടതി ജഡ്ജി എബ്രഹാം മാത്യു കേസ് ജൂണ്‍ 22ലേക്ക് മാറ്റി.

ആവശ്യത്തിന് വരുമാനമില്ലാത്തതിനാല്‍ കേസില്‍ അപ്പീല്‍ നല്‍കാന്‍ കഴിയാതിരുന്ന സന്ദര്‍ഭത്തിലാണ് ചാനല്‍ പ്രവര്‍ത്തകര്‍ തന്നെ കാണാന്‍ വന്നതെന്നും താന്‍ അപ്പോള്‍ മദ്യലഹരിയിലായിരുന്നെന്നും സത്യവാങ്മൂലത്തില്‍ ധര്‍മരാജന്‍ പറഞ്ഞു. സംഭവസമയത്ത് സ്വന്തമായി കാറില്ലായിരുന്നു-ധര്‍മരാജന്‍ വ്യക്തമാക്കി. വാദിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. ഭദ്രകുമാരി, അഡ്വ. എ ജെ വിത്സണ്‍ എന്നിവര്‍ വിശദമായ സത്യവാങ്മൂലം കോടതി മുമ്പാകെ പിന്നീട് ഹാജരാക്കാമെന്നറിയിച്ചു. അതേസമയം കേസില്‍ കക്ഷി ചേരാന്‍ ക്രൈം നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയോട് വാദിഭാഗം കടുത്ത വിയോജിപ്പറിയിച്ചു. ഇത് കേസ് വഴിതെറ്റിക്കാനുദ്ദേശിച്ചുള്ളതാണെന്നും വ്യക്തമാക്കി. വിയോജിപ്പ് ഫയല്‍ ചെയ്യാന്‍ സമയം വേണമെന്നുമുള്ള പെണ്‍കുട്ടിയുടെ അഭിഭാഷകരുടെ ആവശ്യം കോടതി അംഗീകരിച്ചു. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍, ജസ്റ്റിസ് കെ ടി തോമസ്, ജസ്റ്റിസ് സിറിയക് ജോസഫ്, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, കടാശ്വാസകമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ ആര്‍ ഉദയഭാനു, കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍, റിട്ട. ഡിജിപി വി ആര്‍ രാജീവന്‍ എന്നിവര്‍ക്ക് കേസില്‍ വിവിധരൂപത്തില്‍ പങ്കെുണ്ടെന്ന ആരോപണമാണ് ഹര്‍ജിയില്‍ നന്ദകുമാര്‍ ഉന്നയിച്ചിരിക്കുന്നത്. ക്രൈം നന്ദകുമാറിന്റെ ഹര്‍ജിയിലും ജൂണ്‍ 22ന് കോടതി വാദം കേള്‍ക്കും.

deshabhimani

No comments:

Post a Comment