Wednesday, May 15, 2013

മാധ്യമങ്ങള്‍ പലതും പറയും; കാര്യമാക്കുന്നില്ലെന്ന് ജഡ്ജി

ചന്ദ്രശേഖരന്‍ കേസില്‍ കോടതി പറയാത്ത കാര്യങ്ങളും മാതൃഭൂമിക്ക് വാര്‍ത്ത. പി മോഹനന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി പറയാത്ത കാര്യങ്ങളും നിരീക്ഷണങ്ങളുമാണ് ചൊവ്വാഴ്ച മാതൃഭൂമി പ്രസിദ്ധീകരിച്ചത്. കോടതി ഉത്തരവില്‍ ഇല്ലാത്ത കാര്യങ്ങള്‍ പത്രത്തില്‍ വന്നത് പ്രതിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മാധ്യമങ്ങള്‍ പലതും പറയുന്നുണ്ടെന്നും താന്‍ അത് കാര്യമാക്കുന്നില്ലെന്നും ജഡ്ജി പ്രതികരിച്ചു. പത്രത്തില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ ഉത്തരവില്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തേ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നല്‍കിയതിനാല്‍ പുതിയ അപേക്ഷ അവിടെത്തന്നെയാണ് സമര്‍പ്പിക്കേണ്ടതെന്നാണ് കോടതി ഉത്തരവ്. ഹര്‍ജിയുടെ ഗുണദോഷങ്ങള്‍ വിചാരണക്കോടതി പരിശോധിച്ചിട്ടില്ല. എന്നാല്‍, പി മോഹനന്‍ കേസില്‍ കുറ്റക്കാരനാണെന്ന് സ്ഥാപിക്കാനുള്ള "വിധി പ്രസ്താവം" ലേഖകന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. ജാമ്യഹര്‍ജിയില്‍ വാദത്തിനിടെ പ്രോസിക്യൂഷന്‍ ഉന്നയിച്ച തടസവാദങ്ങള്‍ ജഡ്ജി അംഗീകരിച്ചു എന്ന നുണ എഴുതി പ്രോസിക്യൂഷന്റെ ഭാഗം ചേരുകയാണ് ലേഖകന്‍ ചെയ്തത്. കേസിന്റെ പേരില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള മാതൃഭൂമിയുടെ താല്‍പര്യമാണ് വാര്‍ത്തയില്‍ വെളിപ്പെട്ടത്. കൊലപാതകത്തിന്റെ ബുദ്ധികേന്ദ്രമായിരുന്നു പി മോഹനന്‍ എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു എന്ന്് വാര്‍ത്തയില്‍ എഴുതിയത് പ്രതിഭാഗം അഭിഭാഷകര്‍ ചൊവ്വാഴ്ച സാക്ഷി വിസ്താരം അവസാനിച്ചയുടനെ ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെടുത്തി. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി സ്വീകരിച്ചു എന്നും വാര്‍ത്തയിലുണ്ട്. ഈ രണ്ട് പരാമര്‍ശങ്ങളും ജഡ്ജി നിഷേധിച്ചു.

പി മോഹനന്റെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് ഹൈക്കോടതിയെന്ന്

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പി മോഹനന്റെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് ഹൈക്കോടതിയാണെന്ന് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി. നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷകള്‍ നല്‍കിയതിനാല്‍ പുതിയ അപേക്ഷ നല്‍കേണ്ടതും അവിടെതന്നെയാണെന്ന് ജഡ്ജി ആര്‍ നാരായണ പിഷാരടി ഉത്തരവായി. ദൃക്സാക്ഷികളുടെ വിസ്താരം കഴിഞ്ഞാല്‍ മോഹനന് പുതിയ ജാമ്യഹര്‍ജി നല്‍കാമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. എന്നാല്‍ ഏതു കോടതിയില്‍ ഹര്‍ജി നല്‍കണമെന്ന് ഉത്തരവില്‍പറയുന്നില്ല. മുമ്പ് മൂന്നുതവണ ഹൈക്കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കിയത്. വിചാരണക്കോടതിയില്‍ നല്‍കാത്ത സാഹചര്യത്തില്‍ പുതിയ ഹര്‍ജിയും ഹൈക്കോടതിയില്‍ നല്‍കുന്നതാണ് ഉചിതമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

5 സാക്ഷികളെക്കൂടി വിസ്തരിച്ചു

കോഴിക്കോട്: ചന്ദ്രശേഖരന്‍ കേസിലെ അഞ്ച് സാക്ഷികളെക്കൂടി ചൊവ്വാഴ്ച പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്തരിച്ചു. മഹസര്‍സാക്ഷികളായ ഡോ. പി സി അനില്‍കുമാര്‍, എസ്ഐ സാജു എസ് ദാസ്, ചോമ്പാല്‍ എസ്ഐ പി ദിലീപ്കുമാര്‍, ബോംബ് സക്വാഡ് എഎസ്ഐ ഇ കെ രാജന്‍, വടകര സ്റ്റേഷനിലെ സിപിഒ രാമചന്ദ്രന്‍ എന്നിവരെയാണ് വിസ്തരിച്ചത്. ഇവര്‍ 129 മുതല്‍ 133 വരെയുള്ള സാക്ഷികളാണ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി കെ അശ്വന്ത് പൊലീസിന് മൊഴികൊടുക്കുന്നത് കണ്ടിട്ടില്ലെന്ന് എസ്ഐ പി ദിലീപ്കുമാര്‍ ക്രോസ് വിസ്താരത്തില്‍ പറഞ്ഞു. കാറിലുണ്ടായിരുന്നതെന്ന് പറയപ്പെടുന്ന സ്റ്റിക്കറിന്റെ ഭാഗങ്ങള്‍ കണ്ടെടുത്ത സ്ഥലങ്ങളില്‍ പോയപ്പോള്‍ അറബി ഭാഷ അറിയാവുന്നയാള്‍ കൂടെ ഉണ്ടായിരുന്നില്ലെന്നും ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ സാക്ഷി മൊഴിനല്‍കി. സാക്ഷികള്‍ വടകര ഡിവൈഎസ്പി ഓഫീസില്‍വച്ചാണ് മഹസര്‍ ഒപ്പിട്ടതെന്നും മൊഴിയില്‍ പറയുന്ന സ്ഥലങ്ങളില്‍ പോയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. കേസ് ഡയറിയിലെ 253-ാം സാക്ഷി താമരശേരി സ്റ്റേഷനിലെ സിപിഒ പത്മനാഭനെ വിസ്തരിക്കുന്നതില്‍നിന്നും ഒഴിവാക്കി. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ എം അശോകന്‍, കെ വിശ്വന്‍, വിനോദ്കുമാര്‍ ചമ്പളോന്‍ എന്നിവരും പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയും സാക്ഷികളെ വിസ്തരിച്ചു.

deshabhimani 150513

No comments:

Post a Comment