Sunday, May 19, 2013

തൊഴിലും പെന്‍ഷനും അവകാശമാക്കാന്‍ നിയമനിര്‍മാണം വേണം: ഐഎല്‍സി


തൊഴിലും വിരമിക്കുന്ന തൊഴിലാളികള്‍ക്ക് പെന്‍ഷനും നിയമപരമായി ഉറപ്പാക്കാന്‍ "തൊഴിലും പെന്‍ഷനും അവകാശനിയമം" കൊണ്ടുവരണമെന്ന് ശനിയാഴ്ച സമാപിച്ച 45-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് നിര്‍ദേശിച്ചു.

തൊഴിലെടുക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശമാണ്. വിരമിക്കുമ്പോള്‍ പെന്‍ഷന്‍ ലഭിക്കേണ്ടതും അവകാശമാണ്. വിദ്യാഭ്യാസ അവകാശനിയമം, വിവരാവകാശനിയമം എന്നിവയുടെ മാതൃകയില്‍ തൊഴിലിനും പെന്‍ഷനുമായി നിയമനിര്‍മാണം നടത്തി കര്‍ശനമായി നടപ്പാക്കണമെന്ന് സമ്മേളനം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു. ചെറുകിട, സൂക്ഷ്മ വ്യവസായമേഖലയില്‍ തൊഴിലന്തരീക്ഷം മെച്ചപ്പെടുത്താനെന്ന പേരില്‍ തൊഴിലാളികള്‍ക്കെതിരായ വ്യവസ്ഥകളുള്‍ക്കൊള്ളുന്ന നിയമനിര്‍മാണം നടത്താനുള്ള നീക്കത്തെ സമ്മേളനം എതിര്‍ത്തു. കൂടിയാലോചനക്കുശേഷമേ നിയമനിര്‍മാണം പാടുള്ളൂവെന്നും ഇവ തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാകരുത് എന്നും നിര്‍ദേശിച്ചു. എല്ലാ തൊഴിലാളികള്‍ക്കും പെന്‍ഷനും സാമൂഹ്യസുരക്ഷാസംവിധാനങ്ങളും ഉറപ്പുവരുത്തണം. ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയെന്നത് നിയമപരമായി ഉറപ്പാക്കണം. അസംഘടിതമേഖലയിലടക്കം എല്ലാ തൊഴിലാളികള്‍ക്കും ഒരു വിവേചനവുമില്ലാതെ ഈ ആനുകൂല്യങ്ങള്‍ നല്‍കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോടിയോളം തൊഴിലാളികളുടെ ഏറ്റവും പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന നിര്‍ദ്ദേശം സമ്മേളനം മുന്നോട്ടുവെച്ചു. പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്നവരെ തൊഴിലാളികളായി അംഗീകരിച്ച് മിനിമം വേതനം, പെന്‍ഷന്‍, സാമൂഹ്യസുരക്ഷാ സംവിധാനം എന്നിവ ലഭ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വിരമിക്കുന്നവര്‍ക്ക് ഗ്രാറ്റുവിറ്റി, ലംപ്സം പേമെന്റ് എന്നിവ നല്‍കണമെന്നും ആവശ്യപ്പെട്ടു.

സുപ്രധാനമായ ഈ ആവശ്യങ്ങളെ വനിതാ ശിശുവികസന- മാനവശേഷി വികസനമന്ത്രാലയങ്ങള്‍ എതിര്‍ത്തുവെങ്കിലും സമ്മേളനത്തിന്റെ പൊതുനിര്‍ദ്ദേശമായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. ഈ ആവശ്യമുന്നയിച്ച് സിഐടിയു കഴിഞ്ഞ നവംബറില്‍ ദേശീയ തലസ്ഥാനത്ത് ദ്വിദിന ധര്‍ണ നടത്തിയിരുന്നു. സിഐടിയു നടത്തിയ ശക്തമായ പ്രക്ഷോഭത്തിന്റെ ഫലമായാണ് ഐഎല്‍സിയില്‍ സുപ്രധാന അജണ്ടയായി ഇത് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത്. അന്താരാഷ്ട്ര തൊഴില്‍സംഘടന(ഐഎല്‍ഒ)യുടെ ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. തൊഴിലാളികള്‍ക്ക് സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഐഎല്‍ഒ കണ്‍വന്‍ഷനുകള്‍ ഇന്ത്യ അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പണിമുടക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്നും തൊഴില്‍ തര്‍ക്കങ്ങളില്‍ സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ത്രികക്ഷിചര്‍ച്ച നടക്കുമെന്ന് ഉറപ്പുനല്‍കാന്‍ കഴിയണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

deshabhimani 190513

No comments:

Post a Comment