Saturday, March 17, 2012

മതത്തെയും മാര്‍ക്സിസത്തെയും അറിയാന്‍

മതവും മാര്‍ക്സിസവും തമ്മിലുള്ള അടുപ്പത്തിന്റെ ആഴമറിയണമെങ്കില്‍ തത്വചിന്തകരുടെ രാജ്യത്തെക്കുറിച്ചറിയണം. ആ രാജ്യവും അവിടുത്തെ തത്വചിന്തയും ലോകമറിയുന്ന ചിന്തകരെയും കുറിച്ചറിയണമെങ്കില്‍ "സോഷ്യലിസമാണ് ഭാവി" ചരിത്ര പ്രദര്‍ശന നഗരിയില്‍ എത്തണം. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് അനുബന്ധമായി ഇ എം എസ് നഗറില്‍ ഒരുക്കിയിട്ടുള്ള ചരിത്ര പ്രദര്‍ശനത്തില്‍ മതവും മാര്‍ക്സിയന്‍ ദര്‍ശകരും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ചരിത്രപശ്ചാത്തലം കണ്‍മുന്നില്‍ കാണിച്ചുതരും. സിപിഐ എം മതത്തെക്കുറിച്ച് പറഞ്ഞാല്‍ മതപ്രീണനമാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ തീര്‍ച്ചയായും പ്രദര്‍ശനം കാണണം. ക്രിസ്തുമതവും മാര്‍ക്സിയന്‍ ചിന്തകളുമായുള്ള ബന്ധത്തിന്റെ ഇഴയടുപ്പം എത്ര ദൃഢമായിരുന്നുവെന്ന് പ്രദര്‍ശന നഗരിയിലെ ചരിത്രസത്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തും. ക്രിസ്ത്യാനികളുടെ ദൈവരാജ്യം സ്വായത്തമാകണമെങ്കില്‍ , കമ്യൂണിസ്റ്റുകാരുടെ സോഷ്യലിസം നടപ്പാകണമെങ്കില്‍ എല്ലാ മതങ്ങളും മാര്‍ക്സിസ്റ്റുകാരും യോജിച്ച് മുന്നേറണമെന്ന ഇ എം എസിന്റെ വാക്കുകള്‍ തെളിയിക്കുന്ന ചരിത്ര സംഭവവികാസങ്ങളാണ് പ്രദര്‍ശനത്തില്‍ നമുക്ക് കാണാനാകുക.

എ ഡി പത്താം നൂറ്റാണ്ടോടെ ക്രിസ്തുമതം റോമാ സാമ്രാജ്യത്തിന്റെ മതമാകുന്നതുവരെ ആ വിശ്വാസികള്‍ അനുഭവിച്ച ഭരണാധികാരികളുടെ ക്രൂരതകളുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ കാണാം. പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായാല്‍ അതിനുത്തരവാദി ക്രിസ്തുവിന്റെ അനുയായികളാണെന്ന് കണക്കുകൂട്ടിയിരുന്ന കാലം. പട്ടിണിക്കാരെ സേവിച്ച് ക്രിസ്തു വിശ്വാസികള്‍ ലോകത്തിന്റെ സ്നേഹം പിടിച്ചുപറ്റിയ കാലം. 16-ാം നൂറ്റാണ്ടില്‍ തത്ത്വചിന്തകരുടെ രാജ്യമായ ജര്‍മനിയില്‍ മാര്‍ട്ടിന്‍ ലൂതര്‍ നാടുവാഴിത്തത്തിനും സഭയിലെ യാഥാസ്ഥിതികര്‍ക്കുമെതിരെ തുടക്കമിട്ട മതപരിഷ്കരണ പ്രസ്ഥാനം(റിഫര്‍മേഷന്‍), അതിനിടയാക്കിയ തത്വചിന്തകരുടെ വാദപ്രതിവാദങ്ങള്‍ , ചര്‍ച്ചകള്‍ - എല്ലാം പ്രദര്‍ശനത്തില്‍ കാണുകയും മനസ്സിലാക്കുകയും ചെയ്യാം. പില്‍ക്കാലത്ത് മാര്‍ക്സും എംഗല്‍സും നടത്തിയ അഭിപ്രായ പ്രകടനങ്ങളും അവയുടെ അന്നത്തെ പ്രസക്തിയും അവതരിപ്പിച്ചിട്ടുണ്ട്.

ക്രിസ്തുമതത്തിലെ പരിഷ്കരണ വിഭാഗമായ പ്രൊട്ടസ്റ്റന്റുകാര്‍ യൂറോപ്പിലാകമാനം നേടിയ മുന്നേറ്റം ക്രിസ്തുമതത്തിലെ പരിഷ്കരണത്തിന്റെ കാലത്താണ് ശാസ്ത്രത്തിനും മതേതര നിലപാടുകള്‍ക്കും ലോകത്ത് മുന്നേറ്റമുണ്ടാക്കാനായതെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. ലോക കമ്യൂണിസ്റ്റ് നേതാക്കള്‍ മതത്തിന്റെ മാനവികതയെ പരാമര്‍ശിക്കുന്ന ചരിത്ര നിമിഷങ്ങളും കാണാം. "ദരിദ്രരെ ഒറ്റുകൊടുക്കുന്നവന്‍ ക്രിസ്തുവിനെയും ഒറ്റുകൊടുക്കുന്നു" എന്ന ഫിദല്‍ കാസ്ട്രോയുടെ വരികള്‍ ഏതു ലോക പണ്ഡിതര്‍ക്കാണ് എതിര്‍ക്കാന്‍ കഴിയുക. മതവും സോഷ്യലിസവും തമ്മില്‍ , മതവും വിപ്ലവവും തമ്മില്‍ അടവുപരമായ സഖ്യമല്ല തന്ത്രപരമായ സഖ്യമാണ് വേണ്ടതെന്ന കാസ്ട്രോയുടെ വാക്കുകള്‍കൂടി ഈ ചരിത്ര നഗരിയില്‍നിന്ന് വായിച്ചെടുക്കുമ്പോള്‍ ഏതുമതത്തില്‍പെട്ടവര്‍ക്കും സോഷ്യലിസത്തിന്റെ ഭാവിക്കായി നിലകൊള്ളാനുള്ള വിവേചനം കൈമുതലാകും. ശനിയാഴ്ച ആര്‍ക്കിടെക്ട് ജി ശങ്കര്‍ പ്രദര്‍ശന നഗരിയിലെത്തി.

"കനല്‍വഴികളില്‍ നിന്നും" ഡോക്യുമെന്ററി പൂര്‍ത്തിയായി

വടകര: മണ്ണിലധ്വാനിക്കുന്നവന്റെ പോരാട്ടങ്ങളും പ്രതിരോധങ്ങളും പ്രതിപാദിക്കുന്ന ഡോക്യൂമെന്ററി ഫിലിം "കനല്‍ വഴികളില്‍ നിന്നും" ചിത്രീകരണം പൂര്‍ത്തിയായി. സിപിഐ എം കോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റി നേതൃത്വത്തിലാണ് നിര്‍മാണം. കോട്ടപ്പള്ളി പ്രദേശത്ത് ജന്മിനാടുവാഴിത്തത്തിനും മാടമ്പിത്വത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ടി നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ കഥ പറയുകയാണ് കനല്‍ വഴികളില്‍ നിന്നും.

1940 മുതല്‍ എഴുപതുവരെ കോട്ടപ്പള്ളി പ്രദേശത്ത് കോണ്‍ഗ്രസ്സിന്റെയും പൊലീസിന്റെയും ഒത്താശയോടെ കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ നരനായാട്ടില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടിവന്നു. ചോരയും കണ്ണീരും വീണ വഴികളില്‍ എം കേളപ്പന്റെയും ടി കെ ബാലന്‍ നായരുടെയും നേതൃത്വത്തില്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ജന്മിത്വവും മാടമ്പിത്വവും അടിയറവ് പറഞ്ഞു. സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി നിര്‍മിക്കുന്ന ഡോക്യുഫിലിമില്‍ ഇരുനൂറ്റിഅമ്പതിലധികം പേര്‍ അഭിനയിക്കുന്നുണ്ട്. ഗോപീനാരായണനാണ് സംവിധാനം. എം കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ തിരക്കഥ. സുഗേഷ് ശേഖര്‍ ഛായാഗ്രഹണം. അജിത് ശ്രീധറാണ് സംഗീതം. ഷൈലേഷ് റെഡ് എഡിറ്റിങ്. പി കെ കൃഷ്ണദാസ് കവിത ആലപിച്ചു. അസോസിയേറ്റ് ഡയരക്ടര്‍മാരായി ബോബി മോഹനും പീതാംബരന്‍ എടക്കയിലും പ്രവര്‍ത്തിച്ചു.

deshabhimani 170312

1 comment:

  1. മതവും മാര്‍ക്സിസവും തമ്മിലുള്ള അടുപ്പത്തിന്റെ ആഴമറിയണമെങ്കില്‍ തത്വചിന്തകരുടെ രാജ്യത്തെക്കുറിച്ചറിയണം. ആ രാജ്യവും അവിടുത്തെ തത്വചിന്തയും ലോകമറിയുന്ന ചിന്തകരെയും കുറിച്ചറിയണമെങ്കില്‍ "സോഷ്യലിസമാണ് ഭാവി" ചരിത്ര പ്രദര്‍ശന നഗരിയില്‍ എത്തണം. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് അനുബന്ധമായി ഇ എം എസ് നഗറില്‍ ഒരുക്കിയിട്ടുള്ള ചരിത്ര പ്രദര്‍ശനത്തില്‍ മതവും മാര്‍ക്സിയന്‍ ദര്‍ശകരും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ചരിത്രപശ്ചാത്തലം കണ്‍മുന്നില്‍ കാണിച്ചുതരും. സിപിഐ എം മതത്തെക്കുറിച്ച് പറഞ്ഞാല്‍ മതപ്രീണനമാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ തീര്‍ച്ചയായും പ്രദര്‍ശനം കാണണം. ക്രിസ്തുമതവും മാര്‍ക്സിയന്‍ ചിന്തകളുമായുള്ള ബന്ധത്തിന്റെ ഇഴയടുപ്പം എത്ര ദൃഢമായിരുന്നുവെന്ന് പ്രദര്‍ശന നഗരിയിലെ ചരിത്രസത്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തും. ക്രിസ്ത്യാനികളുടെ ദൈവരാജ്യം സ്വായത്തമാകണമെങ്കില്‍ , കമ്യൂണിസ്റ്റുകാരുടെ സോഷ്യലിസം നടപ്പാകണമെങ്കില്‍ എല്ലാ മതങ്ങളും മാര്‍ക്സിസ്റ്റുകാരും യോജിച്ച് മുന്നേറണമെന്ന ഇ എം എസിന്റെ വാക്കുകള്‍ തെളിയിക്കുന്ന ചരിത്ര സംഭവവികാസങ്ങളാണ് പ്രദര്‍ശനത്തില്‍ നമുക്ക് കാണാനാകുക.

    ReplyDelete