Saturday, May 18, 2013

ആന്റണി പരാജയപ്പെട്ട പ്രതിരോധമന്ത്രി: സെബാസ്റ്റ്യന്‍ പോള്‍


ഇന്ത്യന്‍ പട്ടാളം ഇന്ത്യക്കാരായ സ്ത്രീകള്‍ക്കുനേരെ നടത്തുന്ന അക്രമം അവസാനിപ്പിക്കാന്‍ കഴിയാത്ത എ കെ ആന്റണി ചരിത്രത്തിലെ പരാജയപ്പെട്ട പ്രതിരോധമന്ത്രിയാണെന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു. ഭരണകൂടം സംഘടിതമായി സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തുകയാണ്. കഠിന ശിക്ഷകൊണ്ട് കുറ്റകൃത്യം ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സിപിഐ എം ജില്ലാക്കോടതി അഭിഭാഷക ബ്രാഞ്ച് സംഘടിപ്പിച്ച "ക്രിമിനല്‍ നിയമഭേദഗതിയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും" എന്ന സെമിനാര്‍ കിടങ്ങാംപറമ്പ് എല്‍പി സ്കൂളില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ട്രെയിനില്‍ ജവാന്മാര്‍ യാത്രചെയ്യുന്ന കമ്പാര്‍ട്ടുമെന്റില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്രചെയ്യാനാകില്ല. ഇന്ത്യന്‍ പട്ടാളം ഉള്ളിടത്തെല്ലാം സ്ത്രീകള്‍ക്ക് സുരക്ഷയില്ല.

ഭരണകൂടത്തിനെതിരെ ശബ്ദിച്ചാല്‍ അനുഭവം ഇതായിരിക്കുമെന്ന സന്ദേശമാണ് മണിപ്പൂരിലെ സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണത്തിലൂടെ പട്ടാളം നല്‍കുന്നത്. സ്ത്രീകളെ ആക്രമിച്ചാലും പട്ടാളക്കാര്‍ക്ക് നിയമ പരിരക്ഷ ലഭിക്കും. കുറ്റവാളികളായ പട്ടാളക്കാരെ വിചാരണചെയ്യണമെന്ന വര്‍മ കമീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഭാര്യമാരെ പൊതുസ്വത്തായി കണ്ട് ഇവരെ പരസ്പരം പങ്കുവയ്ക്കുന്ന നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെ എ കെ ആന്റണി ഒരു നടപടിയും സ്വീകരിക്കുന്നില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമം പ്രാകൃതമായ അവസ്ഥയുടെ ലക്ഷണമാണ്. സ്ത്രീകള്‍ക്കെതിരായി ആസിഡ് ആക്രമണം വര്‍ധിച്ചുവരുന്നു. ആസിഡിന്റെ ലഭ്യതയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും സ്ത്രീകളോടുള്ള സമുഹത്തിന്റെ മനോഭാവം മാറണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 4 ശതമാനംമാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ എന്ന് വിഷയം അവതരിപ്പിച്ച ഹ്യൂമന്‍ റൈറ്റ്സ് ലോ നെറ്റ്വര്‍ക്ക് പ്രവര്‍ത്തക അഡ്വ. ജെ സന്ധ്യ പറഞ്ഞു. ഇരകളായ സ്ത്രീകള്‍ കൂറുമാറുകയോ കേസില്‍നിന്ന് പിന്മാറുകയോ ചെയ്യുന്നതാണ് ഇതിനുകാരണം. പണത്തിന്റെ സ്വാധീനവും ഭീഷണിയുമാണ് ഇത്തരം സാഹചര്യം സൃഷ്ടിക്കുന്നത്. വിചാരണ സമയത്തുപോലും ഇരകളായ സ്ത്രീകള്‍ക്ക് സംരക്ഷണം ലഭിക്കുന്നില്ല. കോടതിമുറികള്‍ പുരുഷ കേന്ദ്രീകൃതമാണ്. രഹസ്യ വിചാരണ സമയത്തുപോലും 20ഓളം പുരുഷന്മാരുള്ള കോടതിമുറിയിലാണ് പീഡനത്തിനിരയായ സ്ത്രീ സംഭവം വിവരിക്കേണ്ടത്.

നീതിന്യായ വ്യവസ്ഥയുടെ എല്ലാ ഘടകങ്ങളുടെയും മനോഭാവത്തില്‍ മാറ്റംവരണമെന്നും അവര്‍ പറഞ്ഞു. അഡ്വ. ജി പ്രിയദര്‍ശന്‍തമ്പി അധ്യക്ഷനായി. ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ചെറിയാന്‍ കുരുവിള, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എസ് സുദര്‍ശനകുമാര്‍, അഭിഭാഷകരായ രഞ്ജിത്ത് ശ്രീനിവാസ്, ജയന്‍ സി ദാസ് എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ കെ സുലൈമാന്‍ സ്വാഗതവും ടി കെ സുജിത് നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment