Saturday, May 18, 2013

കുഞ്ഞുങ്ങളുടെ മരണം അമ്മമാര്‍ക്ക് ആരോഗ്യമില്ലാത്തതിനാല്‍: മുഖ്യമന്ത്രി


അട്ടപ്പാടിയില്‍ ആദിവാസി കുഞ്ഞുങ്ങള്‍ മരിക്കുന്നത് പോഷകാഹാര കുറവുകൊണ്ടല്ലെന്നും അമ്മമാരുടെ ആരോഗ്യക്കുറവുമൂലമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആശുപത്രിയിലെ ശ്രദ്ധക്കുറവും കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമല്ല. അട്ടപ്പാടിയില്‍ റേഷന്‍ നല്‍കുന്നുണ്ടെങ്കിലും ആദിവാസി കുടുംബങ്ങള്‍ അത് വാങ്ങുന്നില്ല. പാക്കേജുകള്‍ ആദിവാസികളില്‍ എത്തുന്നുണ്ടെന്ന് തീര്‍ത്തുപറയാന്‍ കഴിയില്ലെന്നും പാക്കേജുകള്‍ ഉപയോഗപ്പെടുത്താത്ത പ്രശ്നമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വെള്ളിയാഴ്ചയും അട്ടപ്പാടിയിലെ ഒരു കുട്ടി പോഷകാഹാരകുറവുമൂലം മരിച്ചതും മുഖ്യമന്ത്രി അട്ടപ്പാടി സന്ദര്‍ശിക്കാത്തതും സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല.

അട്ടപ്പാടിയില്‍ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും. അവിടെ ആദിവാസിക്ഷേമത്തിന് സമഗ്രപദ്ധതി നടപ്പാക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയതാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ സംഭാവനയെന്നും വൈദ്യുതോല്‍പ്പാദനം, മാലിന്യസംസ്കരണം, കുടിവെളളക്ഷാമം തുടങ്ങിയ കാര്യങ്ങള്‍ വലിയ വെല്ലുവിളിയായി തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയ ഒറ്റക്കാരണത്തിന് ഭാവിയില്‍ യുഡിഎഫ് സര്‍ക്കാര്‍ ഓര്‍മിക്കപ്പെടും. പരിമതികള്‍ക്കകത്തുനിന്നേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകൂ. രണ്ടാം വര്‍ഷം പല പ്രശ്നങ്ങളുമുണ്ടായത് നിഷേധിക്കുന്നില്ല. എന്നാല്‍, ഈ പ്രശ്നങ്ങള്‍ തീരുമാനങ്ങളെടുക്കുന്നതിന് തടസ്സമായില്ലെന്നും മന്ത്രിസഭ ഒരു ടീമായി പ്രവര്‍ത്തിച്ചെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

വികസനവും കരുതലുമാണ് സര്‍ക്കാരിന്റെ മുദ്രാവാക്യം. കൊച്ചി മെട്രോ, സ്മാര്‍ട്സിറ്റി, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൊല്ലം-കോട്ടപ്പുറം ജലപാത എന്നിവയാണ് സര്‍ക്കാരിന്റെ പതാകവാഹക പദ്ധതികള്‍. എമര്‍ജിങ് കേരള വന്‍വിജയമായെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി നിക്ഷേപങ്ങളെക്കുറിച്ച് മൗനംപാലിച്ചു. അതേസമയം, വിദ്യാര്‍ഥി സംരഭകത്വ പദ്ധതി എമര്‍ജിങ് കേരളയുടെ ഭാഗമായി വിശേഷിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്‍കുന്നത് സര്‍ക്കാരിന്റെ മുഖ്യ നേട്ടമാണ്. 120 പട്ടികജാതി-പട്ടികവര്‍ഗ കോളനികളില്‍ ഒരു കോടി വീതം 120 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ആലപ്പുഴ, കൊല്ലം ദേശീയപാത ബൈപ്പാസ് നിര്‍മാണച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കും. 2.30 ലക്ഷം ഭൂരഹിതരെ കണ്ടെത്തിയിട്ടുണ്ട്. ഒരു ലക്ഷം പേര്‍ക്ക് ആഗസ്തില്‍ മൂന്നു സെന്റ് വീതം നല്‍കും. റോഡ് പ്രവൃത്തികള്‍ക്കായിരുന്നു രണ്ടാം വര്‍ഷം പ്രാധാന്യം. അടുത്ത വര്‍ഷം ജലസുരക്ഷയ്ക്ക് ഇതേ പരിഗണന നല്‍കും. ക്രമസമാധാനപാലനത്തില്‍ വലിയ നേട്ടമുണ്ടായി. പുതിയ അപേക്ഷകര്‍ക്കെല്ലാം എപിഎല്‍ റേഷന്‍ കാര്‍ഡാണ് നല്‍കുന്നത്. മാനദണ്ഡങ്ങളുണ്ടാക്കി ഇതവസാനിപ്പിക്കും. വികസനപദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളിയാണ്. എല്ലാ രാഷ്ട്രീയപാര്‍ടികളും ഇക്കാര്യത്തില്‍ സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍, ചില ശക്തികള്‍ എതിരായി പ്രവര്‍ത്തിക്കുന്നു. ഇതിന് പരിഹാരം കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ സി ജോസഫും സംബന്ധിച്ചു.

മന്ത്രിസഭക്ക് ഒരേ സ്വരം മുഖ്യമന്ത്രി

തിരു: തന്റെ മന്ത്രിസഭക്ക് ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മയും ഐക്യവുമാണ് സര്‍ക്കാരിന്റെ വിജയം. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിച്ച് ഒറ്റക്കെട്ടായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. തീരുമാനങ്ങളെല്ലാം കൃത്യമായി നടപ്പാക്കി. കൊച്ചി മെട്രോ അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കി. സ്്മാര്‍ട് സിറ്റി അന്തിമ ഘട്ടത്തിലാണ്. ഉമ്മന്‍ ചാണ്ടി പറഞ്ഞു.

deshabhimani

No comments:

Post a Comment