Tuesday, May 28, 2013

ലാഭം കൊയ്യുന്ന ഐടി കമ്പനി മുന്‍ ചീഫ് സെക്രട്ടറിയുടെ ബന്ധുവിന്റേത്

സംസ്ഥാന സര്‍ക്കാരിന്റെയും വകുപ്പുകളുടെയും രഹസ്യ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടെക്നോപര്‍ക്കിലെ സ്വകാര്യ ഐടി കമ്പനി മുന്‍ ചീഫ് സെക്രട്ടറിയുടെ ബന്ധുവിന്റേത്. ഐഎഎസ് ലോബിയുടെയും ഐടി വകുപ്പിന്റെയും സമ്മര്‍ദം മൂലമാണ് സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ ഫയലുകള്‍ കൈകാര്യം ചെയ്യാനുള്ള അവസരമൊരുക്കി കൊടുത്തതെന്നാണ് ആക്ഷേപം. പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കമുള്ള കേന്ദ്ര മന്ത്രാലയങ്ങള്‍ നടപ്പാക്കിയ ഇ-ഫയലിങ് സോഫ്റ്റ്വെയറിനെ തള്ളിയാണ് സര്‍ക്കാര്‍ ടെക്നോപാര്‍ക്കിലെ സ്വകാര്യ കമ്പനിക്ക് നിലകൊണ്ടത്. കേന്ദ്രം വിജയകരമായി നടപ്പാക്കിയ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ (എന്‍ഐസി) സോഫ്റ്റ്വെയര്‍ ഇ-ഫയലിങ്ങിന് ഉപയോഗിക്കാനാണ് ആദ്യം മുഖ്യമന്ത്രി അംഗീകാരം നല്‍കിയത്. പിന്നീട് ഈ തീരുമാനം മാറ്റി ടെക്നോപാര്‍ക്കിലെ കമ്പനി കൊണ്ടുവന്ന സോഫ്റ്റ്വെയര്‍ നടപ്പാക്കി. കലക്ടറേറ്റുകളില്‍ വിജയകരമായി നടപ്പാക്കിയ ഡിസ്ട്രിക്ട് കലക്ടറേറ്റ് സ്യൂട്ട് (ഡിസി സ്യൂട്ട്), മെസേജ്, ഇ-ഓഫീസ് എന്നീ മൂന്ന് സോഫ്റ്റ്വെയറാണ് ഇ-ഫയലിങ്ങിനായി എന്‍ഐസി വികസിപ്പിച്ചത്. പ്രധാനമന്ത്രി കാര്യാലയത്തിലും ഇതര മന്ത്രാലയങ്ങളും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇ-മെസേജ് വിജയകരമായി നടപ്പാക്കി. നാഷണല്‍ ഇ-ഗവേണന്‍സ് പ്ലാനിന്റെ ഭാഗമായ ദൗത്യമാതൃകയായി ഇ-ഓഫീസ് നിശ്ചയിച്ചു. ഇതു നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

ഈ സമയത്താണ് സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ഡിജിറ്റല്‍ ഡോക്കുമെന്റ് ഫയല്‍ ഫ്ളോ സിസ്റ്റം (ഡിഡിഎഫ്എസ്) നടപ്പാക്കാനായി ടെക്നോപാര്‍ക്ക് കമ്പനി സമീപിക്കുന്നത്. എന്നാല്‍, വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖര്‍ ഇത് നിരസിച്ചു. ഇദ്ദേഹം ഡല്‍ഹിയില്‍ സര്‍വീസിലുള്ളപ്പോഴാണ് വിവിധ മന്ത്രാലയങ്ങളില്‍ ഇ-ഓഫീസ് നടപ്പാക്കിയത്. ആസൂത്രണ ബോര്‍ഡിലും ഇ-ഓഫീസ് നടപ്പാക്കാനായിരുന്നു വൈസ് ചെയര്‍മാന്റെ തീരുമാനം. ചീഫ് സെക്രട്ടറിയായിരിക്കെ ജോസ് സിറിയക്കും ഡിഡിഎഫ്എസ് ഒഴിവാക്കാനും ഇ-ഓഫീസ് നടപ്പാക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രിയും ഇത് അംഗീകരിച്ചു. എന്നാല്‍, ജോസ് സിറിയക് സ്ഥാനത്ത് തുടരുന്നതുവരെ ഐടി വകുപ്പ് ഫയല്‍ പിടിച്ചുവച്ചു.

ജോസ് സിറിയക് സ്ഥാനമൊഴിഞ്ഞ ഉടന്‍ ടെക്നോപാര്‍ക്ക് കമ്പനി അപേക്ഷയുമായി വീണ്ടും സര്‍ക്കാരിനെ സമീപ്പിച്ചു. ഈ അപേക്ഷ പരിഗണിച്ച മുഖ്യമന്ത്രി കമ്പനിക്ക് അനുകൂലമായ തീരുമാനമെടുത്തു. ഐടി വകുപ്പു മന്ത്രിയും സെക്രട്ടറിയും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും ഇതിനായുള്ള സമ്മര്‍ദത്തില്‍ പങ്കാളികളായി. സോണിയാഗാന്ധിയുമായി അടുപ്പമുള്ള ഒരു മുന്‍ ചീഫ് സെക്രട്ടറിയുടെ ബന്ധുവിന്റേതാണ് ടെക്നോപാര്‍ക്ക് കമ്പനി. അതിനാല്‍ ഐഎഎസ് ലോബിയും ഇതിന് കൂട്ടുനിന്നു. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു നടപ്പാക്കിയ എന്‍ഐസിയുടെ പദ്ധതിയില്‍ കേരളത്തില്‍ നടപ്പാക്കിയിരുന്നെങ്കില്‍ സര്‍ക്കാരിന് വന്‍സാമ്പത്തിക ബാധ്യത ഒഴിവാക്കാമായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ അധ്വാനവും ഖജനാവിലെ 1.30 കോടിയും ചെലവിട്ട് സ്വകാര്യ കമ്പനി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര്‍ പൊലീസില്‍ നടപ്പാക്കിയതിന് പ്രതിഫലമായി 40 ലക്ഷം രൂപ നല്‍കി. ഇതുപോലെ ഓരോ സ്ഥാപനത്തിലും വകുപ്പിലും ഇ-ഫയലിങ് നടപ്പാക്കുമ്പോള്‍ കോടിക്കണക്കിനു രൂപ കമ്പനിക്ക് നല്‍കണം. എന്‍ഐസി സോഫ്്റ്റ്വെയര്‍ വകുപ്പുകള്‍ തമ്മിലും കേന്ദ്രമന്ത്രാലയങ്ങളുമായുള്ള ഫയല്‍ കൈമാറ്റവും സുഗമമാക്കുമായിരുന്നു. ഫയലുകളുടെ രഹസ്യസ്വഭാവും ഉറപ്പായാനേ.

deshabhimani

No comments:

Post a Comment