Tuesday, May 14, 2013

പെണ്‍കുഞ്ഞുങ്ങള്‍ ഗര്‍ഭപാത്രത്തിലും സുരക്ഷിതരല്ല: സുഭാഷിണി അലി


പെണ്‍കുഞ്ഞുങ്ങള്‍ അമ്മമാരുടെ ഗര്‍ഭപാത്രത്തില്‍പ്പോലും സുരക്ഷിതരല്ലെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സുഭാഷിണി അലി പറഞ്ഞു. കേരളത്തില്‍ സ്ത്രീധനസമ്പ്രദായം ദുരാചാരംപോലെ പടരുകയാണ്. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കായംകുളം ജിഡിഎം ഓഡിറ്റോറിയത്തില്‍ വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

രാജ്യമെങ്ങും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. തൊഴിലിടങ്ങളും വിദ്യാലയങ്ങളും സ്വന്തം വീടുപോലും സുരക്ഷിതമല്ലാതായി. പണവും പ്രതാപവുമുള്ളവര്‍ക്ക് പാവപ്പെട്ട പെണ്‍കുട്ടികളെ ഏതുവിധവും പീഡിപ്പിക്കാവുന്ന സ്ഥിതിയാണ്. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതിലഭിക്കാന്‍ ഏറെ പ്രയാസകരമായ സാഹചര്യമാണുള്ളത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം നിലനില്‍ക്കുന്ന സാമൂഹ്യ സാമ്പത്തിക നയങ്ങളുടെ സൃഷ്ടിയാണ്. ഇത്തരം നയങ്ങള്‍ക്കെതിരായ പോരാട്ടത്തിലൂടെയേ സ്ത്രീകളുടെ അന്തസും പദവിയും ഉയര്‍ത്താനാകൂ. കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യവിപത്തായി സ്ത്രീധനസമ്പ്രദായം മാറി. ജാതിമതഭേദമന്യേ എല്ലാവരും ഈ ദുരാചാരത്തെ പ്രോത്സാഹിപ്പിക്കുന്നു. സ്ത്രീധനത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ആണ്‍കുട്ടികളോ അവരുടെ വീട്ടുകാരോ അല്ല. ആഭരണവ്യവസായികളും കമ്പോളവുമാണ്. സംസ്ഥാനത്താകെ അടിക്കടി വളര്‍ന്നുവരുന്ന ജൂവലറികള്‍ ഇതിനു തെളിവാണ്.

സ്ത്രീധന സമ്പ്രദായം നിലനില്‍ക്കേണ്ടത് കമ്പോളത്തിന്റെ ആവശ്യമാണ്. പുരുഷനെക്കാള്‍ സ്ത്രീയുടെ മൂല്യം കുറവാണെന്ന് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു. പെണ്‍കുട്ടികളില്‍ ഏറെയും വിദേശത്തടക്കം ജോലിചെയ്യുന്നത് വിവാഹച്ചെലവ് സ്വരൂപിക്കാനാണ്. അതേസമയം തുഛവേതനം നല്‍കി പെണ്‍കുട്ടികളെക്കൊണ്ട് ജോലി ചെയ്യിച്ച് കച്ചവടക്കാര്‍ കൊള്ളലാഭം കൊയ്യുന്നു. യുപിഎ വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ത്രീസുരക്ഷ കൂടുതല്‍ അപകടത്തിലാകും. ദിനംപ്രതി സ്ത്രീകള്‍ ദുര്‍ബലരായിരിക്കൊണ്ടിരിക്കുന്നു. സ്വത്വരാഷ്ട്രീയം ജനങ്ങളെ ഭിന്നിപ്പിക്കാനാണ്. സ്വത്വരാഷ്ട്രീയത്തിന്റെ പേരില്‍ പരസ്പരം കലഹിച്ചു നില്‍ക്കുന്ന സമൂഹം പൊതുസമൂഹത്തിന്റെ മുന്നേറ്റത്തിനുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. സി എസ് സുജാത അധ്യക്ഷയായി.

മാധ്യമ പ്രവർത്തകരായ കെ എ ബീന, കെ കെ ഷാഹിന എന്നിവരും സംസാരിച്ചു.

deshabhimani

No comments:

Post a Comment