Tuesday, May 14, 2013

അസ്ഗാര്‍ അലി എഞ്ചിനീയര്‍ അന്തരിച്ചു


ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായ അസ്ഗാര്‍ അലി എഞ്ചിനീയര്‍ (73) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. മതേതരവാദിയായ മുസ്ലിം എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മുസ്ലിം ജീവിതവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

1940 മാര്‍ച്ച് 10ന് രാജസ്ഥാനിലെ ദാവൂദീ ബോറ സമുദായത്തിലെ പുരോഹിത കുടുംബത്തില്‍ ജനിച്ചു. പിതാവ് ശൈഖ് ഖുര്‍ബാന്‍ ഹുസൈന്‍. തഫ്സീര്‍, ഹദീസ്, കര്‍മശാസ്ത്രം എന്നിവയില്‍ അവഗാഹം നേടിയിട്ടുണ്ട്. സിവില്‍ എഞ്ചിനീയറിങ് ബിരുദമെടുത്ത ശേഷം എഞ്ചിനീയര്‍ എന്ന് പേരിനോടൊപ്പം ചേര്‍ത്ത് ഉപയോഗിച്ചു. പാശ്ചാത്യ ദര്‍ശനങ്ങളിലും മാര്‍ക്സിയന്‍ ചിന്തകളിലും പരിജ്ഞാനമുണ്ട്. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കുറേക്കാലം എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു. 1972ല്‍ വിരമിച്ചു.

മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇസ്ലാമിക് സ്റ്റഡീസിന്റെ സ്ഥാപകനും ഡയറക്ടറുമാണ്. സമുദായത്തിലെ പൗരോഹിത്യാധിപത്യത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ നിലയുറപ്പിച്ച ഇദ്ദേഹത്തിന് യാഥാസ്ഥിതിക മതപുരോഹിതന്മാരില്‍ നിന്നും രൂക്ഷമായ എതിര്‍പ്പുകള്‍ നേരിട്ടു. ഭീഷണികളെ അവഗണിച്ച് സാമുദായിക സൗഹാര്‍ദത്തിനായി ശക്തമായി നിലകൊണ്ടു. ദി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ദാവൂദി ബോറ,ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്,സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം ;എന്നീ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചു.

ഇസ്ലാമിനെയും ഇന്ത്യന്‍ മുസ്ലിംകളെയും കുറിച്ച് പ്രതിപാദിക്കുന്ന 52 ഓളം ഗ്രന്ഥങ്ങള്‍ രചിച്ചു. ദി ഇസ്ലാമിക് സ്റ്റേറ്റ്, ദി ഒറിജിന്‍ ആന്‍ഡ് ഡെവലപ്മെന്റ് ഓഫ് ഇസ്ലാം, ദ് ഷബാനു കണ്‍ട്രിവേഴ്സി എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളെക്കുറിച്ചുള്ള ആധികാരിക പഠനഗ്രന്ഥങ്ങളിലൊന്നായ കമ്യൂണല്‍ റയട്ട്സ് ഇന്‍ പോസ്റ്റ് ഇന്‍ഡിപെന്‍ഡന്‍സ് ഇന്ത്യ എന്ന കൃതിയുടെ എഡിറ്ററായിരുന്നു. ഒരു ഇന്ത്യന്‍ മുസ്ലിമിന്റെ സ്വതന്ത്ര ചിന്തകള്‍ എന്ന പേരില്‍ ഇദ്ദേഹത്തിന്റെ ഏതാനും ലേഖനങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ഇസ്ലാമിന്റെ പ്രസക്തി, ഇസ്ലാമും മതനിരപേക്ഷതയും, ഇസ്ലാമും വര്‍ത്തമാന കാലവും തുടങ്ങിയ ഇദ്ദേഹത്തിന്റെ ഏതാനും കൃതികളും മലയാളവിവര്‍ത്തനം പ്രസിദ്ധീകരിച്ചു.

കൊല്‍ക്കത്താ യൂണിവേഴ്സിറ്റി ഡി.ലിറ്റ് (1993) നല്‍കി ആദരിച്ചു.കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എംഎസ് എസ്സിന്റെ (മുസ്ലിം സര്‍വീസ് സൊസൈറ്റി) സി.എന്‍. അഹമ്മദ് മൗലവി എന്‍ഡോവ്മെന്റ് കമ്മിറ്റി മതേതര പ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേി നല്‍കുന്ന അവാര്‍ഡിന് 2004ല്‍ അര്‍ഹനായി.ബഹുഭാഷാ പണ്ഡിതന്‍ കൂടിയായ അസ്ഗര്‍ അലി എഞ്ചിനീയര്‍ അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, പാകിസ്താന്‍, ഈജിപ്ത്, ജോര്‍ദാന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

deshabhimani

No comments:

Post a Comment