Saturday, May 18, 2013

ചന്ദ്രശേഖരന്‍ കേസ്: സീനിയര്‍ സിപിഒവിനെ വിസ്തരിച്ചു


ചന്ദ്രശേഖരന്‍ കേസ് അന്വേഷണസംഘത്തിലെ സീനിയര്‍ സിപിഒ സുനില്‍കുമാറിനെ 138-ാം സാക്ഷിയായി പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി മുമ്പാകെ വിസ്തരിച്ചു. കൊടി സുനി അടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്തത് മുടക്കോഴി പെരിങ്ങനംമലയിലെ ഷെഡ്ഡില്‍നിന്നാണെന്ന് പ്രോസിക്യൂഷന്‍ വിസ്താരത്തില്‍ പറഞ്ഞ സാക്ഷിക്ക് ക്രോസ് വിസ്താരത്തില്‍ ഷെഡ് മാറി ടെന്റ് ആയി. അന്വേഷണ സംഘത്തില്‍ അംഗമായ തീയതി കൃത്യമായി ഓര്‍ക്കുന്നില്ലെന്ന് ക്രോസ് വിസ്താരത്തില്‍ ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ സാക്ഷി പറഞ്ഞു. പ്രതികളെ പലതവണ ക്യാമ്പില്‍ കൊണ്ടുവന്നിരുന്നു. സംഭവസ്ഥലത്തുനിന്ന് റിവോള്‍വര്‍ കണ്ടെടുത്തതായി മേലുദ്യോഗസ്ഥന് മൊഴി കൊടുത്തതായി ഓര്‍മയില്ലെന്നും സാക്ഷി പറഞ്ഞു.

വടകര ക്യാമ്പ് ഓഫീസില്‍ പലതവണ കണ്ടതിനാലും പ്രതികളുടെ ഫോട്ടോ കണ്ടതിനാലുമാണ് സാക്ഷി കോടതിയില്‍ ഇവരെ തിരിച്ചറിഞ്ഞതെന്ന് പ്രതിഭാഗം വാദിച്ചു. പെരിങ്ങനംമലയില്‍നിന്നല്ല കൊടി സുനി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ സ്ഥലത്ത് പോയിട്ടില്ല. പ്രതികളെന്നു പറയുന്നവരെ സംശയത്തിന്റെ പേരില്‍ വീടുകളില്‍കയറി അറസ്റ്റ് ചെയ്തതാണെന്നും പ്രതിഭാഗം വാദിച്ചു. വെള്ളിയാഴ്ച വിസ്തരിക്കേണ്ടിയിരുന്ന എസ്ഐ ജയന്‍, സീനിയര്‍ സിപിഒ ലീലാധരന്‍ എന്നിവരെ വിസ്തരിക്കുന്നതില്‍നിന്ന് ഒഴിവാക്കി. പ്രതിഭാഗത്തിനായി അഭിഭാഷകരായ ബി രാമന്‍പിള്ള, പി വി ഹരി, കെ ഗോപാലകൃഷ്ണക്കുറുപ്പ്, കെ അജിത്കുമാര്‍ എന്നിവരും പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയും സാക്ഷികളെ വിസ്തരിച്ചു. ശനിയാഴ്ച കേസ് ഡയറിയിലെ 274 മുതല്‍ 280 വരെയുള്ള സാക്ഷികളെ വിസ്തരിക്കും.

deshabhimani 180513

No comments:

Post a Comment