Sunday, June 23, 2013

ജനസമ്പര്‍ക്കത്തിന് തുലച്ചത് 8 കോടി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ സംഘാടനത്തിനായി 11 ജില്ലകളില്‍ മാത്രം ചെലവഴിച്ചത് എട്ടുകോടിയിലേറെ രൂപ. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു ജില്ലകള്‍ ചെലവിന്റെ കണക്കുനല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ രണ്ടു ജില്ലകള്‍ അപൂര്‍ണ കണക്കാണ് നല്‍കിയത്. വിവിധ ജില്ലകളിലെ ചെലവുകളുടെ അന്തരം ദുരൂഹത ഉണര്‍ത്തുന്നതാണ്. പരിപാടിക്ക് തുക ചെലവാക്കുന്നതിന് സര്‍ക്കാര്‍ ഒരു മാനദണ്ഡവും ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കൊട്ടിഘോഷിക്കപ്പെട്ട പരിപാടിയിലൂടെ ലഭ്യമാക്കിയതാകട്ടെ 11 പേര്‍ക്ക് ഒട്ടാകെ 41.55 സെന്റ് ഭൂമിയും. എറണാകുളം, ഇടുക്കി, കോഴിക്കോട് ജില്ലകളാണ് ചെലവിന്റെ കണക്ക് നല്‍കാത്തത്. തിരുവനന്തപുരം, വയനാട് ജില്ലകളാണ് പ്രധാന ചെലവുകള്‍ ഒഴിവാക്കി അപൂര്‍ണ കണക്ക് നല്‍കിയത്. ഇതുപ്രകാരം 11 ജില്ലകളിലെ ചെലവ് 7,98,43,273 രൂപയാണ്. ലഭ്യമായ കണക്കുപ്രകാരം പാലക്കാട് ജില്ലയാണ് ചെലവില്‍ മുന്നില്‍. 63,95,649 രൂപയാണ് ജില്ല പരിപാടിക്കായി ചെലവഴിച്ചത്. 57.10 ലക്ഷം രൂപ ചെലവഴിച്ച കണ്ണൂര്‍ ജില്ലയാണ് രണ്ടാംസ്ഥാനത്ത്. 53.61 ലക്ഷം രൂപ ചെലവഴിച്ച ആലപ്പുഴയാണ് മൂന്നാമത്. കോട്ടയം (48.42 ലക്ഷം രൂപ), കൊല്ലം (22.30 ലക്ഷം), മലപ്പുറം (22.97 ലക്ഷം), പത്തനംതിട്ട (20.29 ലക്ഷം), തൃശൂര്‍ (19.62 ലക്ഷം), കാസര്‍കോട് (2.74 ലക്ഷം) എന്നിവയാണ് പൂര്‍ണ ചെലവുകണക്ക് നല്‍കിയ മറ്റു ജില്ലകള്‍.

തിരുവനന്തപുരം ജില്ലയില്‍ ദുരന്തനിവാരണവിഭാഗം മാത്രമാണ് ചെലവു സംബന്ധിച്ച കണക്ക് നല്‍കിയത്. ഇവര്‍ 1.81 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കൃത്യമായ കണക്ക് ലഭ്യമാക്കിയ കോര്‍പറേഷനുകള്‍കൂടി ഉള്‍പ്പെടുന്ന തൃശൂര്‍, കൊല്ലം ജില്ലകളില്‍ 19 ലക്ഷത്തിനും 23 ലക്ഷത്തിനുമിടയില്‍ തുകയാണ് ചെലവഴിച്ചതെങ്കില്‍ പാലക്കാട്, കോട്ടയം, ആലപ്പുഴ പോലുള്ള ജില്ലകളില്‍ ഇതിനേക്കാള്‍ മൂന്നിരട്ടിയോളം തുക പരിപാടിയുടെ നടത്തിപ്പിന് ചെലവഴിച്ചതായുള്ള കണക്കാണ് ദുരൂഹത സൃഷ്ടിക്കുന്നത്. ഇതിനായി എത്ര തുക ചെലവഴിക്കാമെന്ന നിര്‍ദേശം സമര്‍പ്പിച്ചിരുന്നില്ലെന്നാണ് ഈ കണക്ക് നല്‍കുന്ന സൂചന. പരിപാടിയില്‍ സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ അപേക്ഷ സ്വീകരിച്ചതും തൃശൂരാണ് (90,688 എണ്ണം). ഇതിന്റെ മൂന്നിരട്ടി തുക ചെലവഴിച്ച പാലക്കാടാകട്ടെ സ്വീകരിച്ചത് 30,852 പരാതികളും. ഒട്ടാകെ 5,50,001 പരാതിയാണ് പരിപാടിയില്‍ ലഭിച്ചത്. ഭൂമിയായിരുന്നു ഒരുവിഭാഗം അപേക്ഷകരുടെ പ്രധാന ആവശ്യം. ഭൂമി ലഭ്യമായ കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകളില്‍പ്പോലും ആര്‍ക്കും ഭൂമി നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. കൊച്ചിയിലെ ഭൂമി അപേക്ഷകളില്‍പ്പോലും കാസര്‍കോട് ഭൂമി നല്‍കാമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നിരിക്കെയാണ് അവിടെ ജനസമ്പര്‍ക്കപരിപാടിയിലൂടെ ഒരു തുണ്ടു ഭൂമിപോലും നല്‍കാത്തത്. പരിപാടിവഴി 24.24 കോടി രൂപ ധനസഹായമായി വിതരണംചെയ്തിട്ടുണ്ട്. 5000 രൂപവരെ പേരിനു നല്‍കി ജനങ്ങളെ കബളിപ്പിച്ചതായുള്ള പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് കണക്കുകള്‍.
(ഷഫീഖ് അമരാവതി)

deshabhimani

No comments:

Post a Comment