ഇത്തരത്തില്‍ പ്രകടനങ്ങള്‍ നടക്കുമ്പോള്‍ ആവശ്യമായ മുന്നൊരുക്കം സ്വീകരിക്കാറുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് വിഭാഗത്തില്‍നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാലിയുടെ സ്വഭാവവും പങ്കെടുക്കാനിടയുള്ളവരുടെ ഏകദേശ കണക്കും മനസ്സിലാക്കിയാണ് സുരക്ഷ ക്രമീകരിക്കുക. ഇതിനു മുന്നോടിയായി നഗരത്തിലെ എല്ലാ അസിസ്റ്റന്റ് കമീഷണര്‍മാരുടെയും സിഐമാരുടെയും യോഗം കമീഷണര്‍ വിളിക്കും. ഏതെല്ലാം കേന്ദ്രങ്ങളിലൂടെ പ്രകടനം അനുവദിക്കണമെന്നും, ഗതാഗതം എങ്ങനെ ക്രമീകരിക്കണമെന്നും ധാരണയിലെത്തും. ആവശ്യമായ പൊലീസ് സേനയെ ക്യാമ്പുകളില്‍നിന്ന് നിയോഗിക്കും. അത്യാവശ്യത്തിന് ഉപയോഗിക്കാന്‍ ക്യാമ്പുകളില്‍ സേനയെ സജ്ജമാക്കി നിര്‍ത്തും. പോപ്പുലര്‍ ഫ്രണ്ട് റാലിയുടെ കാര്യത്തില്‍ ഇതൊന്നുമുണ്ടായില്ല. ആശാന്‍ സ്ക്വയറില്‍നിന്ന് പ്രകടനം ആരംഭിക്കുമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. പുത്തരിക്കണ്ടത്തായിരുന്നു റാലി. റോഡുകളില്‍നിന്ന് മാറിനിന്ന പൊലീസ് ഗതാഗതനിയന്ത്രണം പോപ്പുലര്‍ഫ്രണ്ട് വളന്റിയര്‍മാരെ ഏല്‍പ്പിച്ചു. ആശാന്‍ സ്ക്വയറിനുപകരം എ കെ ജി സെന്ററിനുമുന്നില്‍ വടക്കന്‍ ജില്ലകളില്‍നിന്നുള്ളവര്‍ സംഘടിച്ചു. ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ വന്നിട്ടും ഇടപെടലുമുണ്ടായില്ല. സിപിഐ എം പ്രവര്‍ത്തകര്‍ അങ്ങേയറ്റം ആത്മസംയമനം പാലിച്ചതുമൂലമാണ് പ്രശ്നങ്ങള്‍ ഉണ്ടാകാതിരുന്നത്. നഗരത്തില്‍ പലയിടത്തും കാല്‍നടയാത്രക്കാര്‍ കുടുങ്ങി. ഇവരെ സഹായിക്കാന്‍ പൊലീസുകാരെ കണ്ടില്ല. സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് അധികൃതര്‍ ഒരുവിധത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ലെന്നാണ് വിവരം.
deshabhimani
No comments:
Post a Comment