കലിക്കറ്റ് സര്‍വകലാശാല ബൃഹദ് പദ്ധതികള്‍ നടപ്പാക്കാന്‍ സ്വകാര്യ സംരംഭകരില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നു. 23 കോടി രൂപ ചെലവുവരുന്ന പദ്ധതികള്‍ക്കാണ് ഗള്‍ഫ് വ്യവസായികളില്‍നിന്നും നിക്ഷേപം സ്വീകരിക്കുന്നത്. ഇതുസംബന്ധിച്ച് സര്‍വകലാശാലാ അധികൃതരും സ്വകാര്യസംരംഭകരും ആദ്യവട്ട ചര്‍ച്ച നടത്തി. സിന്‍ഡിക്കേറ്റിന്റെ അനുമതി ലഭിച്ചാലുടന്‍ നിക്ഷേപം സ്വീകരിക്കാനാണ് തീരുമാനം. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല അതിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യനിക്ഷേപം തേടുന്നത്. സര്‍വകലാശാലയുടെ പരമാധികാരത്തിലും സ്വയംഭരണത്തിലും ബാഹ്യശക്തികള്‍ക്ക് ഇടപെടാനുള്ള സൗകര്യമൊരുങ്ങുമെന്ന ആശങ്ക ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.
15 കോടി ചെലവില്‍ കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസിന് പുതിയ കെട്ടിടം, അഞ്ചുകോടിയുടെ സ്പോര്‍ട്സ് ഹോസ്റ്റല്‍, കായികമേഖലയുടെ നവീകരണത്തിന് മൂന്നുകോടി എന്നിങ്ങനെ മൂന്ന് പദ്ധതികള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിക്ഷേപം സ്വീകരിക്കുന്നത്. മലയാളിയായ പ്രമുഖ ഗള്‍ഫ് വ്യവസായി പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാണെന്നുകാണിച്ച് സര്‍വകലാശാലക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, വെറും നിക്ഷേപമായി പണം നല്‍കാന്‍ ഇവര്‍ സന്നദ്ധരല്ല. സര്‍വകലാശാലയുടെ ഗവേണിങ് ബോഡിയില്‍ സ്ഥാനം, മുടക്കുന്ന തുകയ്ക്കനുസരിച്ച് ലാഭവിഹിതം, കെട്ടിടങ്ങള്‍ക്ക് പേരിടാനുള്ള അധികാരം തുടങ്ങി നിരവധി നിബന്ധന കമ്പനി മുന്നോട്ടുവച്ചതായാണ് വിവരം. വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍സലാം മുന്‍കൈയെടുത്താണ് പദ്ധതി ആവിഷ്കരിച്ചത്. ലീഗ് സിന്‍ഡിക്കേറ്റംഗങ്ങളുടെ പരിപൂര്‍ണ പിന്തുണയുമുണ്ട്.
നിക്ഷേപം സ്വീകരിക്കുന്നത് സംബന്ധിച്ച് സര്‍വകലാശാല സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായമാരാഞ്ഞപ്പോള്‍ അനുകൂല മറുപടിയാണ് ലഭിച്ചത്. കഴിഞ്ഞ 27ന് ചേര്‍ന്ന സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചക്കുവന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇത്തരം നിക്ഷേപം സ്വീകരിക്കുമ്പോള്‍ സര്‍വകലാശാല ചില വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന് സിന്‍ഡിക്കേറ്റ് കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ഇതിനെതിരെ ചില കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തി. വെറും നിക്ഷേപമായി മാത്രം പണം സ്വീകരിച്ചാല്‍ മതിയെന്നും മറ്റ് ഒരു സൗകര്യവും ചെയ്തുകൊടുക്കേണ്ടതില്ലെന്നും അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് വിഷയം മാറ്റിവയ്ക്കുകയായിരുന്നു. കോണ്‍ഗ്രസ് അംഗങ്ങളെ അനുനയിപ്പിച്ച് പദ്ധതി നടപ്പാക്കാനാണ് ലീഗ് ശ്രമം
deshabhimani
No comments:
Post a Comment