പ്രധാന നഗരങ്ങളും കവലകളും ചീഞ്ഞളിഞ്ഞ് കിടക്കുന്ന ഒരു നാട്ടില്‍ വികസന പദ്ധതികളുമായി ആരാണ് എത്തുക. പകര്‍ച്ച വ്യാധികള്‍ തടയാന്‍ മുന്‍കൂട്ടികണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ല. നാടിനോടും ജനങ്ങളോടും പ്രതിബന്ധതയില്ലാത്ത ഒരു സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. അതിന്റെ പ്രത്യാഘാതമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്. ഗവണ്‍മെന്റിന്റെ ഇത്തരം സമീപനങ്ങളാണ് വികസനം തടയുന്നത്. ആരോഗ്യരംഗത്ത് ലോകത്തിന്തന്നെ മാതൃകയാണെന്ന് ഊറ്റംകൊള്ളുന്ന കേരളത്തിലാണ് അട്ടപ്പാടി. ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് അട്ടപ്പാടിയിലെ ശിശുമരണനിരക്ക്. അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സംരക്ഷണ നടപടികള്‍ ഗവണ്‍മെന്റ് റദ്ദ് ചെയ്തു. ഇതാണ് അട്ടപ്പാടിയിലെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രത്യേകം സംരക്ഷണം നല്‍കുന്ന പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത് കളഞ്ഞിരിക്കുകയാണ്.
നാടിന്റെ വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് ക്രമസമാധാന മേഖല. ക്രമസമാധന രംഗത്ത് ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത് നിന്നിരുന്ന കേരളം ഇന്ന് ഏറെ പുറകോട്ട് പോയി. പൊലീസിനെ രാഷ്ട്രീയ വല്‍ക്കരിച്ച സര്‍ക്കാര്‍ നടപടിയാണ് ഇതിന് കാരണം. എതിര്‍ കക്ഷിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരെ നാടുകടത്തുന്ന തരത്തിലേക്ക് പൊലീസിനെ ഗവണ്‍മെന്റ് ഉപയോഗിക്കുകയാണ്. സിപിഐ എം പ്രവര്‍ത്തകരെ തെരഞ്ഞ് പിടിച്ച് കള്ളക്കേസുകളില്‍ കുടുക്കുകയാണ്. വിജിലന്‍സ് സംവിധനത്തെയും സ്വന്തം കാര്യത്തിനാണ് ഉപയോഗിക്കുന്നത്. കൂട്ടിലടച്ച തത്തയെപ്പോലെയാണ് കേരളത്തില്‍ വിജിലന്‍സ് വകുപ്പ്.
സംസ്ഥാനത്ത് ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നത്. യുഡിഎഫിലും മുഖ്യകക്ഷിയായ കോണ്‍ഗ്രസിലും ശക്തമായ തമ്മിലടിയാണ് നടക്കുന്നത്. എപ്പോഴാണ് തങ്ങളുടെ വകുപ്പുകള്‍ നഷ്ടപ്പെടുകയെന്ന ഭീതിയിലാണ് കോണ്‍ഗ്രസ് മന്ത്രിമാര്‍. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതെ തങ്ങളുടെ മന്ത്രിക്കസേര ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മന്ത്രിമാര്‍. നാടിന് മാതൃകയാകുന്ന ഒരു വകുപ്പുപോലും സര്‍ക്കാരിന് ചൂണ്ടിക്കാണിക്കാനില്ല. ഭരണമുപയോഗിച്ച് എങ്ങനെ അഴിമതി നടത്താമെന്ന കാര്യത്തില്‍ മാത്രമാണ് മന്ത്രിമാര്‍ തമ്മില്‍ യോജിപ്പുള്ളത്.
ഭരിക്കുന്ന മുന്നണിയ്ക്ക് വികസന കാഴ്ചപ്പാടില്ല. ജാതിമത സംഘടനകളെയും തീവ്രവാദ വിഭാഗങ്ങളെയും കൂട്ടുപിടിച്ച് നേരിയ ഭൂരിപക്ഷത്തിലാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ ഇന്ന് ഇത്തരം പല സംഘടനകളും സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഉപകാരസ്മരണയുടെ ഭാഗമായി സര്‍ക്കാര്‍ നല്‍കിയ പദവികള്‍ ഈ സംഘടനകള്‍ വലിച്ചെറിയുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയി. നിലവില്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം സാങ്കേതികമാണ്. ഇത്തരത്തില്‍ ന്യൂനപക്ഷപായി മാറിയ സര്‍ക്കാര്‍ അധികരത്തിലുള്ളപ്പോള്‍ ആരാണ് നിക്ഷേപവുമായി രംഗത്തെത്തുക. വൈദ്യുതി രംഗത്തും കുറ്റകരമായ അനാസ്ഥയാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോഡ് ഷെഡ്ഡിങ്ങും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങും സംസ്ഥാനത്ത് ഇന്ന് നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് ആവശ്യത്തിന് വൈദ്യുതിയില്ലാത്ത അവസ്ഥയും നിക്ഷേപകരെ അകറ്റും. പൊതുവിദ്യാഭ്യാസ രംഗവും വ്യവസായ മേഖലയും പരമ്പരാഗത മേഖലയും സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും പിണറായി വ്യക്തമാക്കി.
സിപിഐ എം യൂസഫലിയ്ക്ക് എതിരല്ല
തിരു: പ്രമുഖ വ്യവസായി എം എ യൂസഫലിയ്ക്ക് എതിരല്ല സിപിഐ എമ്മെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നാടിന്റെ താല്‍പര്യത്തിന് അനുകൂലമായ എല്ലാ നിക്ഷേപത്തെയും പാര്‍ട്ടി സ്വാഗതം ചെയ്യും. യൂസഫലിയുടെ നിക്ഷേപത്തിനും സ്ഥാപനങ്ങള്‍ക്കും പാര്‍ട്ടി എതിരല്ല. ബോള്‍ഗാട്ടി പദ്ധതിയ്ക്കായി യൂസഫലിയ്ക്ക് പോര്‍ട്ട് ട്രസ്റ്റ് ഭൂമി അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചിട്ടല്ല എന്ന ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്. ഇത്തരമൊര് ആരോപണം ഉയര്‍ന്നതിന്റെ പേരില്‍ യൂസഫലി പദ്ധതിയില്‍ നിന്ന് പിന്‍മാറേണ്ടതില്ല. ഉയര്‍ന്ന് വന്നിട്ടുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ പാട്ടക്കരാര്‍ വ്യവസ്ഥയില്‍ തിരുത്തല്‍ വരുത്താന്‍ പോര്‍ട്ട് ട്രസ്റ്റ് തയ്യാറാകണം.
ലുലു മാളിന് നിര്‍മ്മാണാനുമതി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ചട്ടപ്രകാരമാണ് അനുമതി നല്‍കിയത്. ലുലു മാള്‍ പൂര്‍ത്തിയായതിന് ശേഷം ഇടപ്പള്ളിയില്‍ ഗതാഗതക്കുരുക്ക് ശക്തമായിട്ടുണ്ട്. ആഗോള നിലവാരത്തിലുള്ള മാള്‍ പൂര്‍ത്തിയായതോടെ ഇത് സന്ദര്‍ശിക്കാന്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ എത്തുന്നുണ്ട്. ഇതിന്റെ ഭാഗമായുണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നത് എറണാകുളം ജില്ലക്കാരാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഇടപ്പള്ളിയില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലത്തിന്റെ നിര്‍മ്മാണച്ചെലവ് ലുലു മാള്‍ അധികൃതര്‍ വഹിക്കണമെന്നാണ് സിപിഐ എം എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടത്. ഇതിനെയാണ് പാര്‍ട്ടി ലുലു മാളിന് എതിരാണെന്ന് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. മുന്‍സിപ്പല്‍ നിയമത്തിലെ 358ാം വകുപ്പനുസരിച്ച് ഒരു സ്ഥാപനം നിലവില്‍ വന്നതിന് ശേഷം ഗതാഗതക്കുരുക്ക് രൂക്ഷമായാല്‍ അതിന്റെ പരിഹാരത്തിന് ആ സ്ഥാപനത്തിന്റെ കയ്യില്‍ നിന്നും പണം ഈടാക്കുകയോ അവരുമായി സഹകരിച്ച് പരിഹാരം കാണുകയോ ചെയ്യാം. ഇത് ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. മേല്‍പ്പാലത്തിന്റെ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുമോ അതോ ലുലു അധികൃതരുമായി സഹകരിച്ച് മേല്‍പ്പാലം പൂര്‍ത്തിയാക്കുമോ എന്ന തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്.
ഇടപ്പള്ളി തോട് കയ്യേറ്റത്തെക്കുറിച്ച് ഉയര്‍ന്ന ചോദ്യത്തിനും പിണറായി മറുപടി നല്‍കി. ഇടപ്പള്ളി തോട് സംരക്ഷണവുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയപ്പോള്‍ ലുലു മാളിന്റെ പരിസരത്ത് തോടിന് ഇടുക്കം സംഭവിച്ചതായാണ് ആരോപണം ഉയര്‍ന്നത്. അത് പരിശോധിക്കണം. കയ്യേറ്റമുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടണം. അതിന്റെ ഭാഗമായുള്ള റീ സര്‍വേ നടപടി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനുഷ്യത്വപരമായ സമീപനങ്ങളാണ് യൂസഫലിയെ മറ്റ് വ്യവസായികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഗര്‍ഫില്‍ പലവിധ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന മലയാളികള്‍ പലപ്പോഴും പ്രശ്ന പരിഹാരത്തിന് സമീപിക്കുന്നത് യൂസഫലിയെയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പാര്‍ട്ടി വിലകുറച്ചുകാണുന്നില്ലെന്നും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന നടപടികളില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍മാറമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
deshabhimani
No comments:
Post a Comment