Sunday, June 2, 2013

എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗ് മുഖപത്രം

എന്‍എസ്എസിനും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗ് മുഖപത്രം. പത്രത്തില്‍ "പ്രതിഛായ" എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. ആര്‍എസ്എസിന്റെ അജണ്ടയാണ് സുകുമാരന്‍ നായരുടെതെന്ന് കരുതുന്നവരുണ്ടെന്നും കുളിച്ച് കുറിയിട്ടുവന്ന് സുകുമാരന്‍ നായര്‍ രണ്ടുവാക്ക് മൊഴിഞ്ഞാല്‍ അതില്‍നിന്ന് ഒരു പ്രശ്നം ചിറകടിച്ചുയരുമെന്നും ലേഖനത്തില്‍ പറയുന്നു. അത് ചിലപ്പോള്‍ വര്‍ഗീയ ധ്രുവീകരണവും രാഷ്ട്രീയാസ്വാസ്ഥ്യവുമൊക്കെ ഉണ്ടാക്കിയെന്നും വരും. തൊട്ടതൊക്കെ വിവാദമാക്കാനുള്ള ഈ ശേഷിയാണ് സുകുമാരന്‍ നായര്‍ക്കുണ്ടെന്ന് പറയുന്ന നായര്‍ സ്പിരിറ്റ്.

ചെന്നിത്തലയെ മന്ത്രിസഭയിലെത്തിക്കണമെന്ന ദൗത്യത്തിന്റെ വാലില്‍പ്പിടിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് സുകുമാരന്‍ നായര്‍. വെറുതെ പെരുന്നയില്‍ ഭക്ഷണവും വിശ്രമവുമായി കഴിഞ്ഞുകൂടിയാല്‍ മതിയായിരുന്നു. ഇപ്പോള്‍ പിടിച്ച പുലിവാല് പിടിച്ചോണ്ടിരിക്കാനും വയ്യ പിടിവിടാനും വയ്യ എന്ന പരുവത്തിലാണ് അദ്ദേഹമെന്നും ലേഖനം വിലയിരുത്തുന്നു. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഉള്ളുകള്ളികള്‍ മനസിലാക്കാതെ ഇറങ്ങിപ്പുറപ്പെട്ട് ബുദ്ധിമോശം കാണിച്ചിരിക്കുകയാണ് സുകുമാരന്‍ നായരെന്നും പത്രം കുറ്റപ്പെടുത്തുന്നു. മകള്‍ സുജാതയെ വിസിയോ പിവിസിയോ ആക്കണം. തന്റെ വരുതിക്ക് നില്‍ക്കുന്ന ഒരു മന്ത്രിവേണം എന്നീ മോഹങ്ങള്‍ സുകുമാരന്‍ നായര്‍ക്കുണ്ടായിരുന്നു. അതിനാണ് ചെന്നിത്തലയെ മന്ത്രിയാക്കാന്‍ പുറപ്പെട്ടത്. ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രിസ്ഥാനത്തെ ലീഗ് ശക്തിയായി എതിര്‍ക്കുമെന്നതിന്റെ സൂചനയാണ് ലേഖനത്തിലൂടെ വ്യക്തമാകുന്നത്.

ചാതുര്‍വര്‍ണ്യത്തിന്റെ നിയമാവലി വെച്ചുനോക്കിയാല്‍ വേദം കേള്‍ക്കാന്‍പോലും യോഗ്യതയില്ലാത്ത ശൂദ്രവര്‍ഗത്തിന്റെ കൂട്ടത്തില്‍പ്പെടുന്ന നായന്‍മാര്‍ തങ്ങള്‍ മുന്നാക്കക്കാരാണെന്ന മിഥ്യാഭിമാനത്തിന്റെ ബലത്തില്‍ കെട്ടിയുണ്ടാക്കിയതാണ് എന്‍എസ്എസിന്റെ അസ്ഥിവാരമെന്ന കടുത്ത വിമര്‍ശനവും പത്രമുയര്‍ത്തുന്നു. രേഖകള്‍ പരിശോധിച്ചാല്‍ സുകുമാരന്‍ നായര്‍ കേരള സര്‍വീസ് കമ്പനിയില്‍ പ്യൂണായിരുന്നെന്ന് മനസിലാകും. ബന്ധുബലത്തിന്റെ പിന്‍ബലത്തിലാണ് സുകുമാരന്‍ നായര്‍ എന്‍എസ്എസ് തലപ്പത്തെത്തിയതെന്നും പത്രം കുറ്റപ്പെടുത്തുന്നണ്ട്. മുസ്ലിം പ്രീണനമെന്ന ഉമ്മാക്കികാണിച്ച് വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടിയതിന്ന് പിന്നിലെ ചാണക്യസൂത്രവും സുകുമാരന്‍ നായരുടെതാണെന്ന് കരുതുന്നവരാണ് ഏറെയെന്നും ലേഖനത്തില്‍ വിലയിരുത്തുന്നുണ്ട്.

deshabhimani

No comments:

Post a Comment