Sunday, June 2, 2013

ഗ്രൂപ്പ്പോര്: കോണ്‍. മണ്ഡലം സെക്രട്ടറിയെ വെട്ടിക്കൊന്നു

തൃശൂര്‍: യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് മണ്ഡലം സെക്രട്ടറിയെ കോണ്‍ഗ്രസിലെ മറുവിഭാഗം പട്ടാപ്പകല്‍ ഭാര്യയുടെ മുന്നില്‍ വെട്ടിക്കൊന്നു. അയ്യന്തോള്‍ മണ്ഡലം സെക്രട്ടറി ഈച്ചരത്ത് വീട്ടില്‍ മധുവാണ് (44) കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
 
തൃശൂര്‍ നഗരത്തിന് സമീപം അയ്യന്തോളില്‍ കാര്‍ത്യായനി ക്ഷേത്രനടയിലെ ദീപസ്തംഭത്തിനു സമീപം ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം. കാര്‍ത്യായനി ക്ഷേത്രകമ്മിറ്റി വൈസ് പ്രസിഡന്റായ മധു രാവിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് മാരകായുധങ്ങളുമായി കാത്തുനിന്ന നാലംഗസംഘം ആക്രമിച്ചത്. ഓട്ടോയിലെത്തിയ സംഘം ആദ്യം മധുവിനെ ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് ഓട്ടോയിലുണ്ടായിരുന്ന മൂന്നു പേര്‍ ചേര്‍ന്ന് മധുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമികള്‍ ഓട്ടോയില്‍ തന്നെ രക്ഷപ്പെട്ടു.മധുവിനോടൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ ഭാര്യ ജ്യോതി സമീപത്തെ ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് ആക്രമം നടന്നത്. ഭാര്യ ജ്യോതിയുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് മധുവിനെ ആശുപത്രിയിലെത്തിച്ചത്. 10.25ഓടെ മരിച്ചു. വെട്ടേറ്റ് കഴുത്ത് പിളര്‍ന്നനിലയിലായിരുന്നു. മുഖത്തും വയറ്റിലും മറ്റുമായി ഇരുപത്തേഴ് വെട്ടേറ്റു. സംഭവത്തില്‍ അടാട്ട് സ്വദേശി മാര്‍ട്ടിന്‍, ചാവക്കാട് സ്വദേശി ഷിനോജ്, അയ്യന്തോള്‍ സ്വദേശികളായ പ്രവീണ്‍, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
 
യൂത്ത് കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം തെരഞ്ഞെടുപ്പിനെച്ചൊല്ലി ഐ വിഭാഗത്തിലെ ചേരിതിരിവാണ് മധുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. മണ്ഡലം പ്രസിഡന്റായി ഐ ഗ്രൂപ്പിലെ പ്രേംജി കൊള്ളന്നൂര്‍ തെരഞ്ഞെടുക്കപ്പെട്ടതുമുതലാണ് തര്‍ക്കം രൂക്ഷമായത്. ഐ ഗ്രൂപ്പിലെ മധു ഉള്‍പ്പെടുന്ന വിഭാഗം തെരഞ്ഞെടുപ്പ് അംഗീകരിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ വിഷുനാളില്‍ പ്രേംജി കൊള്ളന്നൂരിനെ ഒരുസംഘം ആക്രമിച്ചു. പിന്നീട് ഇരുവിഭാഗങ്ങളും കൊലവിളി മുഴക്കിയിരുന്നു. മധുവിനെ അവസാനിപ്പിക്കുമെന്ന് മറുവിഭാഗം ഭീഷണി മുഴക്കിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ഐജി എസ് ഗോപിനാഥ്, സിറ്റി പൊലീസ് കമീഷണര്‍ പി പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.
 
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍പൊലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നേത്യാര്‍മഠത്തില്‍ പരേതരായ അപ്പന്‍നായരുടെയും (ബാലകൃഷ്ണന്‍നായര്‍) ഈച്ചരത്ത് വീട്ടില്‍ അമ്മിണിയമ്മയുടെയും (ജാനകിയമ്മ) മകനാണ് മധു. ഭാര്യ ജ്യോതി തൃശൂര്‍ ജില്ലാ സഹ. ബാങ്ക് ജീവനക്കാരിയാണ്. മക്കള്‍: മിഥുന്‍, മഞ്ജു. ഇരുവരും തൃശൂര്‍ കേരളവര്‍മ കോളേജില്‍ ബിരുദവിദ്യാര്‍ഥികളാണ്. സഹോദരങ്ങള്‍: പരേതനായ ഗോപാലകൃഷ്ണന്‍, രാധാകൃഷ്ണന്‍, ശാന്ത, പങ്കജം, സതി, രമ. സംസ്കാരം ഞായറാഴ്ച പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തില്‍.

deshabhimani

No comments:

Post a Comment