Sunday, June 2, 2013

അസംതൃപ്തരെ മെരുക്കാന്‍ ഖജനാവും ചോര്‍ത്തുന്നു

പുനഃസംഘടനാതര്‍ക്കത്തില്‍ കുരുങ്ങി ഭരണസംവിധാനം നിശ്ചലമായതോടെ അസംതൃപ്തരെ കൂടെ നിര്‍ത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ ഖജനാവ് ചോര്‍ത്തുന്നു. പുതിയ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍, ബാച്ചുകള്‍, പിഎസ്സി അംഗത്വം, മന്ത്രിപദവിയോടെ സ്ഥാനമാനങ്ങള്‍ തുടങ്ങിയ തീരുമാനങ്ങളിലൂടെ അതിഭീമമായ സാമ്പത്തികബാധ്യത അടിച്ചേല്‍പ്പിക്കുകയാണ്് സര്‍ക്കാര്‍. കോണ്‍ഗ്രസും യുഡിഎഫും കൂട്ടക്കുഴപ്പത്തിലാണെങ്കിലും സ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിയുള്ള വിലപേശല്‍ മൂര്‍ധന്യത്തിലാണ്്. ഇടയുന്നവരെ മെരുക്കാന്‍ ചോദിക്കുന്നതെന്തും കൊടുക്കാം എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്.

കഴിഞ്ഞവര്‍ഷം പതിനയ്യായിരത്തോളം പ്ലസ്വണ്‍ സീറ്റാണ് ഒഴിഞ്ഞുകിടന്നത്. ഇത് പരിഗണിക്കാതെയാണ് ഈ വര്‍ഷം 150 പുതിയ സ്കുളുകളും ബാച്ചും അനുവദിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും എയ്ഡഡ് മേഖലയിലാണ്. ഒരു സ്കൂളില്‍ 20 മുതല്‍ 30 വരെ അധ്യാപകരെയും പുറമെ മറ്റു ജീവനക്കാരെയും നിയമിക്കാന്‍ മാനേജര്‍ക്ക് അധികാരമുണ്ട്. 25 ലക്ഷം രൂപ വരെയാണ് ഹയര്‍സെക്കന്‍ഡറി അധ്യാപകനിയമനത്തിന് കോഴ. ഇവര്‍ക്കെല്ലാം ശമ്പളം സര്‍ക്കാര്‍ നല്‍കണം. മുന്‍വര്‍ഷങ്ങളിലെ പ്രവേശനം പരിശോധിച്ച് ആവശ്യമുള്ളയിടത്ത് മാത്രം സ്കൂളോ ബാച്ചുകളോ അനുവദിക്കുന്നതിനു പകരം ആവശ്യപ്പെടുന്നവര്‍ക്കെല്ലാം വച്ചുനീട്ടുകയാണ് സര്‍ക്കാര്‍.

ഏറ്റവും കൂടുതല്‍ പിഎസ്സി അംഗങ്ങളുള്ള സംസ്ഥാനമാണ് കേരളം. ഇതൊന്നും പരിഗണിക്കാതെയാണ് മൂന്നുപേരെ വീണ്ടും ഉള്‍പ്പെടുത്തിയത്. അംഗങ്ങളുടെ എണ്ണം 12ല്‍ നിന്ന് 18 ആക്കിയത് മുന്‍ യുഡിഎഫ് സര്‍ക്കാരാണ്. ഇപ്പോള്‍ അംഗസംഖ്യ 21 ആയി. ശമ്പളവും ആനുകൂല്യങ്ങളുമായി മാസം രണ്ടുലക്ഷത്തോളം രൂപ പിഎസ്സി അംഗത്തിനായി സര്‍ക്കാര്‍ ചെലവിടണം. ഒരംഗത്തിന് സിഎ കാറ്റഗറിയിലുള്ള ഓരോ പിഎയെയും ഒരു ഡഫേദാരെയും നിയമിക്കണം. സര്‍ക്കാര്‍ ശമ്പളത്തോടെ ഡ്രൈവറെയും ഓരോ അംഗത്തിനും വയ്ക്കാം.

പിഎസ്സിയില്‍ 400 ജീവനക്കാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ജീവനക്കാരുടെ കുറവ് നിയമന നടപടികളുടെ താളംതെറ്റിക്കുന്നു. മേഖല-ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. പക്ഷേ മൂന്നുപേരെ തിരുകിക്കയറ്റി ജംബോ പിഎസ്സി വിപുലീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പിന്നോക്കസമുദായക്ഷേമം ലക്ഷ്യമാക്കിയുള്ള മൂന്ന് കോര്‍പറേഷനുകളില്‍ നിസ്സാരപ്രതിഫലത്തോടെ പാര്‍ട്ടൈം ചെയര്‍മാന്മാര്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ആര്‍ ബാലകൃഷ്ണപിള്ളയെ മന്ത്രിപദവിയോടെ മുന്നോക്കസമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനായി വാഴിക്കാന്‍ നീക്കമുള്ളത്. പിള്ളയെ മെരുക്കാന്‍ മന്ത്രിപദവിയുള്ള ചെയര്‍മാന്‍ സ്ഥാനം വച്ചുനീട്ടിയെങ്കിലും മകനെ തിരികെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന പിള്ളയുടെ ആവശ്യം നിലനില്‍ക്കുന്നു.

പഠനനിലവാരം അങ്ങേയറ്റം മോശമായ സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ അടയ്ക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതാണ്. നിലവാരമുയര്‍ത്താന്‍ അടിയന്തര നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ധരിപ്പിച്ചു. എന്നാല്‍ എന്‍ജിനിയറിങ് പ്രവേശനത്തിന് കണക്കില്‍ ചുരുങ്ങിയത് 50 മാര്‍ക്ക് വേണമെന്ന നിബന്ധന 45 ആക്കി ചുരുക്കി. വിദ്യാര്‍ഥികളില്ലാതെ കുഴങ്ങുന്ന സ്വാശ്രയകോളേജുകളുടെ സമ്മര്‍ദമാണിതിന് പിന്നില്‍. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെച്ചൊല്ലി ഉണ്ടായ രൂക്ഷമായ തര്‍ക്കത്തോടെ ഭരണം പൂര്‍ണ സ്തംഭനത്തിലാണ്. കോണ്‍ഗ്രസ് മന്ത്രിമാര്‍ അഴിച്ചുപണി കാത്തിരിക്കുന്നു. ഇവര്‍ കൈകാര്യംചെയ്യുന്ന വകുപ്പുകളുടെ പ്രവര്‍ത്തനം നിലച്ചു. സംസ്ഥാനത്ത് മരണം വിതച്ച് പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും ആരോഗ്യവകുപ്പിന്റെ നിസ്സഹായാവസ്ഥ ഭരണത്തകര്‍ച്ചയുടെ ആഴം തുറന്നുകാട്ടുന്നു.
(കെ എം മോഹന്‍ദാസ്)

deshabhimani

No comments:

Post a Comment