Saturday, June 1, 2013

ജനകീയ കൂട്ടായ്മയില്‍ വീരേന്ദ്രകുമാറിനെതിരെ രൂക്ഷ വിമര്‍ശം

കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സോഷ്യലിസ്റ്റ് നേതാക്കള്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയില്‍ എം പി വീരേന്ദ്രകുമാറിനെതിരെ രൂക്ഷ വിമര്‍ശം. മുന്‍ എംപിയും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായ പി വിശ്വംഭരനും കെ കൃഷ്ണന്‍കുട്ടിയുമടക്കം പങ്കടുത്ത കൂട്ടായ്മയില്‍ എച്ച്എംഎസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ് അധ്യക്ഷനായി. എംഎല്‍എമാരായ മാത്യു ടി തോമസ്, സി കെ നാണു, മുന്‍ എംഎല്‍എ എം കെ പ്രേംനാഥ്, സിഎംപി നേതാവ് എം കെ കണ്ണന്‍, സാബു ജോര്‍ജ്, ടോമി മാത്യു, അഡ്വ. വി എം നാരായണന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ജില്ലകളില്‍നിന്നായി ആയിരത്തോളംപേര്‍ പങ്കെടുത്ത യോഗം പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിന് സമിതിയും രൂപീകരിച്ചു. പി വിശ്വംഭരന്‍ (ചെയര്‍മാന്‍), കെ കൃഷ്ണന്‍കുട്ടി (ജനറല്‍ കണ്‍വീനര്‍), തമ്പാന്‍ തോമസ് (ജനറല്‍ സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.

ഗാട്ട് കരാറിന്റെ കാണാച്ചരടുകള്‍ കണ്ടുപിടിച്ച് പുസ്തകം എഴുതിപ്പിച്ച് പുരസ്കാരം വാങ്ങിയ വ്യക്തി ഇപ്പോള്‍ അതേ കരാര്‍ ഒപ്പിട്ടവരുമായി കൂട്ടുചേര്‍ന്നിരിക്കുകയാണെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത പി വിശ്വംഭരന്‍ പറഞ്ഞു. വയനാട്ടില്‍ കാടുനശിപ്പിച്ച് കാപ്പിത്തോട്ടം ഉണ്ടാക്കിയയാള്‍ മന്ത്രിയായപ്പോള്‍ ഇനി ആരും മരം വെട്ടരുതെന്ന കപട പരിസ്ഥിതിവാദവും ഉയര്‍ത്തി. സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാരിന്റെ അവസ്ഥ കുറുന്തോട്ടിക്ക് വാതം പിടിച്ചതുപോലെയാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പരിഹരിക്കേണ്ട കെപിസിസി പ്രസിഡന്റുതന്നെ ഇപ്പോള്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രശ്നമായിരിക്കുയാണെന്നും വിശ്വംഭരന്‍ പറഞ്ഞു.

ആഗോളവല്‍ക്കരണത്തിനെതിരെ പുസ്തകം എഴുതിയവര്‍ കൊക്കകോള പ്രശ്നത്തില്‍ ഒത്തുതീര്‍പ്പ് ആകാമെന്നാണ് ഇപ്പോള്‍ പറയുന്നതെന്ന് കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊക്കകോള പ്രശ്നത്തില്‍ ട്രിബ്യൂണലിനെ നിയമിച്ചു. ഇതിന് മൂന്നുവര്‍ഷമായിട്ടും കേന്ദ്രം അംഗീകാരം നല്‍കിയിട്ടില്ല. ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുന്നവര്‍ ഇതിനെതിരെ മിണ്ടുന്നില്ല. അട്ടപ്പാടിയില്‍ സുസ്ലോണ്‍ കമ്പനി ആദിവാസികളുടെ ഭൂമി കൈയേറിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ ക്കൊണ്ട് അന്വേഷിപ്പിച്ചു. കമ്പനി കൈക്കലാക്കിയത് ആദിവാസി ഭൂമിതന്നെയെന്ന് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കി. അന്ന് ആദിവാസി സ്നേഹം പറഞ്ഞവര്‍ ഇപ്പോള്‍ അനങ്ങുന്നില്ല. വയനാട്ടില്‍ ആദിവാസികളുടെ ഭൂമി കൈയേറിയതിനെപ്പറ്റിയും മിണ്ടാട്ടമില്ല. ബോള്‍ഗാട്ടി ഭൂമി കൈമാറ്റത്തെക്കുറിച്ചും മെട്രോ റെയിലിന്റെ ഭൂമി കൈയേറിയെന്ന ആക്ഷേപത്തെക്കുറിച്ചും കുത്തകകള്‍ക്കെതിരെ സംസാരിക്കുന്നവര്‍ മൗനം പാലിക്കുന്നു. "ഗാട്ടും കാണാച്ചരടും" എന്ന പുസ്തകം ജനതാദള്‍ പ്രവര്‍ത്തകരെക്കൊണ്ട് വിറ്റഴിപ്പിച്ചവര്‍ ആഗോളവല്‍ക്കരണത്തെ അനുകൂലിക്കുന്നവരുടെ ഒപ്പം പോയത് എന്തിനെന്ന് വിശദമാക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച ജോസ് തെറ്റയില്‍ എംഎല്‍എ പറഞ്ഞു.

deshabhimani

No comments:

Post a Comment