Wednesday, June 5, 2013

യൂത്ത് തെരഞ്ഞെടുപ്പില്‍ കൂട്ടത്തല്ല്

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം കൂട്ടത്തല്ല്. തിങ്കളാഴ്ച ആരംഭിച്ച തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച അവസാനിച്ചതോടൊപ്പമാണ് പലയിടത്തും അടിപൊട്ടിയത്. എ, ഐ വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തെയും നേതാക്കളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടിയതായി എ വിഭാഗം അവകാശപ്പെട്ടപ്പോള്‍ സംഘടന പിടിക്കാന്‍ പൊലീസിനെ ഉള്‍പ്പെടെ രംഗത്തിറക്കി സര്‍ക്കാര്‍ സംവിധാനമാകെ ദുരുപയോഗിച്ചതായി ഐ ഗ്രൂപ്പ് ആരോപിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറിയാകാന്‍ മത്സരിക്കുന്ന മകന്‍ ചാണ്ടിഉമ്മനുവേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് തെരഞ്ഞെടുപ്പില്‍ ഇടപെട്ടതിനെതിരെ ഐ ഗ്രൂപ്പ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം, പാര്‍ലമെന്റ് മണ്ഡലം, സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ചൊവ്വാഴ്ച പൂര്‍ത്തിയായത്. ഇതില്‍ നിയോജകമണ്ഡലം, പാര്‍ലമെന്റ് വോട്ടുകള്‍ ചൊവ്വാഴ്ചതന്നെ എണ്ണിയതോടൊപ്പമാണ് ഗ്രൂപ്പുതിരിഞ്ഞ് തെരുവില്‍ അടി പൊട്ടിയത്. സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ ആറിന് കൊച്ചിയിലാണ് എണ്ണുന്നത്. എറണാകുളത്ത് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ഐ ഗ്രൂപ്പ് പ്രസിഡന്റ് സ്ഥാനാര്‍ഥി ദിലീപ് കുഞ്ഞുകുട്ടിയെ എ വിഭാഗം മര്‍ദ്ദിച്ചു. എന്നാല്‍ തങ്ങളല്ല മര്‍ദ്ദിച്ചതെന്നും പുറത്തു നിന്ന് വന്നവരാണെന്നും എ ഗ്രൂപ്പുകാര്‍ പറഞ്ഞു.

എറണാകുളം ടൗണ്‍ഹാളിനു മുന്നില്‍ ചൊവ്വാഴ്ച വൈകിട്ട് 8.15 ഓടെയാണ് സംഭവം. പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റായി എ ഗ്രൂപ്പിന്റെ രതീഷ് വിജയിച്ചതായുള്ള പ്രഖ്യാപനം വന്ന ഉടന്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പരസ്പരം ഉന്തും തള്ളും നടത്തി. തെരഞ്ഞെടുപ്പിനായി സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകളും പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ഇതോടെയാണ് പൊലീസ് ലാത്തി വീശിയത്.

വടകര പാര്‍ലമെന്റ് മണ്ഡലം വോട്ടെണ്ണുന്നതിനിടെ വടകര ടൗണ്‍ഹാളിന് മുന്നിലും പരിസരത്തുള്ള റോഡിലുമാണ് എ, ഐ ഗ്രൂപ്പുകാര്‍ ചേരിതിരിഞ്ഞ് തമ്മില്‍ത്തല്ലിയത്. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റുമായ ഐ വിഭാഗം നേതാവ് ഇ മോഹനകൃഷ്ണന്‍, കുറ്റ്യാടി മണ്ഡലം സാംസ്കാരിക സാഹിതി കണ്‍വീനറും ഐ ഗ്രൂപ്പ് നേതാവുമായ പ്രമോദ് കോട്ടപ്പള്ളി, എ ഗ്രൂപ്പ് നേതാവും അഴിയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായ കോട്ടയില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക്് പരിക്കേറ്റു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.

തൊടുപുഴയില്‍ തെരഞ്ഞെടുപ്പു നടന്ന ഐസി കോളേജിന് മുന്നിലായിരുന്നു സംഘര്‍ഷം. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും വിജയിച്ച "എ"ഗ്രൂപ്പാണ് ആക്രമണം നടത്തിയത്. പീരുമേട് മണ്ഡലത്തിലെ ഐ ഗ്രൂപ്പുകാരനായ ലിറ്റിസ് തോമസിന് മര്‍ദനമേറ്റു. തുടര്‍ന്ന് ഇരുവിഭാഗവും ഏറ്റുമുട്ടി. തൊടുപുഴ ഡിവൈഎസ്പി ആന്റണി തോമസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും കാഴ്ചക്കാരായി.

കൊല്ലത്തുണ്ടായ സംഘര്‍ഷത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കും പൊലീസുകാര്‍ക്കും ജനയുഗം ഫോട്ടോഗ്രാഫര്‍ സുരേഷ് ചൈത്രത്തിനും പരിക്കേറ്റു. ആന്ധ്രപ്രദേശ് സ്വദേശികളായ വരണാധികാരിക്കുനേരെയും കൈയേറ്റശ്രമമുണ്ടായി. ആശ്രാമം എവൈകെ ഓഡിറ്റോറിയത്തില്‍ നടന്ന വോട്ടെടുപ്പിനിടെയാണ് എ, ഐ ഗ്രൂപ്പുകാര്‍ തമ്മില്‍തല്ലിയത്. കള്ളവോട്ട് ആരോപണത്തോടെയാണ് തുടക്കം. തുടര്‍ന്ന് കല്ലേറും പൊലീസ് ലാത്തിചാര്‍ജുമുണ്ടായി.

കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. മലപ്പുറത്തെ ആകെ 10 നിയോജകമണ്ഡലങ്ങളില്‍ ഫലമറിഞ്ഞ എട്ടില്‍ ഏഴും എ ഗ്രൂപ്പ് നേടി.

deshabhimani

No comments:

Post a Comment