Wednesday, June 5, 2013

ഖേദമില്ലാത്ത "ഖേദ"വുമായി ലീഗ് പത്രം

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ആക്ഷേപം ചൊരിഞ്ഞതില്‍ ഖേദമില്ലാതെ ചന്ദ്രികപത്രത്തിന്റെ "ഖേദപ്രകടനം". അധിക്ഷേപത്തിന്റെ ഉത്തരവാദിത്തം കോളമെഴുത്തുകാരന്റെ തലയില്‍ വച്ച് കൈകഴുകാന്‍ ശ്രമിക്കുന്ന ചീഫ് എഡിറ്റുടെ കുറിപ്പില്‍, സംഭവം വിവാദമാക്കിയതിനു പിന്നില്‍ മാധ്യമ ഫാസിസമാണെന്ന് കുറ്റപ്പെടുത്തുന്നു. മുഖപ്രസംഗ കോളത്തില്‍ പേരുവെക്കാതെ എഴുതുന്ന ലേഖനങ്ങള്‍ അതത് പത്രസ്ഥാപനങ്ങളിലെ മുതിര്‍ന്ന എഡിറ്റര്‍മാരാണ് സാധാരണ കൈകാര്യംചെയ്യുക. വിവിധ വിഷയങ്ങളില്‍ പത്രത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളും വെളിപ്പെടുത്തുന്ന വേദിയാണ് ഇത്തരം ലേഖനങ്ങള്‍. എന്നാല്‍, ചന്ദ്രികയില്‍ വന്ന ലേഖനം എഡിറ്റോറിയല്‍ വിഭാഗംപോലും അറിഞ്ഞിട്ടില്ലെന്ന മട്ടിലാണ് വിശദീകരണം.ലേഖനം പത്രത്തില്‍ വന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും കോളമിസ്റ്റിന്റെ തലയില്‍ കെട്ടിവെച്ച് തടിയൂരാനാണ് പത്രം ശ്രമിക്കുന്നത്.

എഴുതിയ ആളെ ഇടതുപക്ഷ ചിന്തകനായി അവതരിപ്പിക്കുന്ന കുറിപ്പില്‍ ലേഖനം എങ്ങനെ പ്രസിദ്ധീകരിക്കാന്‍ ഇടയായി എന്ന ചോദ്യത്തിന് മറുപടിയില്ല. ലേഖനത്തിന്റെ ഭാഷയെക്കുറിച്ച് "ലേഖകന്‍ സ്വതസ്സിദ്ധമായ ശൈലി ഉപയോഗിച്ചപ്പോള്‍ ചില അതിരുകടക്കലുകള്‍ വന്നതായി വ്യാഖ്യാനിക്കപ്പെട്ടു" എന്നാണുള്ളത്. കുറിപ്പിന്റെ പേരില്‍ സാമുദായിക സ്പര്‍ധ വളര്‍ത്തുംവിധം ചില മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്ത് വൈരം കൂട്ടാന്‍ ശ്രമിച്ചത് ഖേദകരമാണെന്നാണ് കുറ്റപ്പെടുത്തല്‍. "ചാനലുകള്‍ അടക്കമുള്ള മാധ്യമങ്ങള്‍ രാഷ്ട്രീയ നേതാക്കളെയും സമുദായ നേതാക്കളെയും കളിയാക്കാനും പരിഹസിക്കാനുമുള്ള സ്വാതന്ത്ര്യം യഥേഷ്ടം ഉപയോഗിക്കുമ്പോള്‍ ചന്ദ്രികക്ക് അതൊട്ടും പാടില്ലെന്ന് ശഠിക്കുന്ന മാധ്യമ ഫാസിസത്തില്‍ ഞങ്ങള്‍ക്ക് പ്രതിഷേധമുണ്ട്"എന്ന് പത്രം പറയുന്നു. പത്ര മാനേജ്മെന്റിന്റെയും ലീഗ് നേതാക്കളുടെയും സമ്മതത്തോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചതെന്ന് ചൊവ്വാഴ്ച ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച വിശദീകരണത്തില്‍ വ്യക്തമാകുന്നു. അതോടൊപ്പം ലേഖനത്തിലെ ഉള്ളടക്കത്തില്‍ പത്രത്തിന് അഭിപ്രായഭിന്നതയില്ലെന്നും ലീഗ്പത്രം പരോക്ഷമായി സമ്മതിക്കുന്നു.

deshabhimani

No comments:

Post a Comment