Tuesday, June 4, 2013

പ്രവാസികളുടെ ആശങ്കയകറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: പിണറായി

ഗള്‍ഫ് മേഖലയിലെ ഇന്ത്യക്കാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. കുവൈറ്റിലെ പുതിയ സ്വദേശിവല്‍ക്കരണ നടപടിയുടെ ഭാഗമായി പ്രതിവര്‍ഷം ഒരുലക്ഷം പേരെ വച്ച് ഒഴിവാക്കുന്ന നടപടി ആരംഭിച്ചിരിക്കുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയായി പൊലീസ് കര്‍ശന പരിശോധനകളേര്‍പ്പെടുത്തി നിരവധി ഇന്ത്യക്കാരെ നിര്‍ബന്ധപൂര്‍വ്വം നാട്ടിലേക്ക് അയച്ചിരിക്കുന്നത് ആശങ്കകളെ വാനോളമുയര്‍ത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ കുവൈറ്റിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ഇടപെടുന്നതിന് കേന്ദ്ര സര്‍ക്കാരിന് കഴിയണം. ഗള്‍ഫ് മേഖലയിലെ ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷവും കേരളീയരാണെന്ന വസ്തുത കണക്കിലെടുത്ത് ഇതിന് ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുന്നതിന് സംസ്ഥാന സര്‍ക്കാരും തയ്യാറാകണം.

മതിയായ താമസ രേഖകളില്ലാത്തവര്‍ക്ക് രാജ്യം വിട്ടുപോകുന്നതിനോ രേഖകള്‍ ശരിയാക്കുന്നതിനോ നിശ്ചിത കാലയളവ് അനുവദിക്കുക എന്നത് മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമാണ്. അതുവരെ നിലവിലുള്ള പരിശോധനകള്‍ നിര്‍ത്തിവെപ്പിക്കാന്‍ കഴിയണം. കുടുംബങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ അസമയത്ത് നടത്തുന്ന പരിശോധന ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. മതിയായ രേഖകളുള്ളവരെപ്പോലും പരിശോധനയില്‍ പിടികൂടി ജയിലില്‍ അടയ്ക്കുന്നു എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. കുവൈറ്റില്‍ എത്തിയശേഷം കമ്പനികള്‍ കരിമ്പട്ടികയില്‍ പെട്ടതു കാരണം താമസ രേഖകള്‍ പുതുക്കാനോ തിരികെ പോകാനോ കഴിയാത്ത നിരവധി ആളുകളുണ്ട്. ഇവര്‍ക്ക് പിഴ കൂടാതെ തിരികെ വരുന്നതിനുള്ള അവസരം ഒരുക്കാന്‍ കഴിയേണ്ടതുണ്ട്. അനധികൃത താമസക്കാരെന്ന് കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നവരോട് മനുഷ്യത്വപരമായി പെരുമാറാന്‍ പറ്റുന്ന നില സൃഷ്ടിച്ചെടുക്കാനും നയതന്ത്രതലത്തില്‍ തന്നെ ഇടപെടുന്ന രീതി ഉണ്ടാവണം.

ട്രാഫിക് നിയമലംഘനത്തിന്റെ പേരില്‍ പിടിക്കപ്പെടുന്ന വിദേശികളെ കയറ്റി അയയ്ക്കുന്ന ഇപ്പോഴത്തെ രീതി മാറ്റി പിഴയോ ലൈസന്‍സ് സസ്പെന്‍ഷനോ മാത്രം നല്‍കുന്ന നിയമം പുനഃസ്ഥാപിക്കാനാവണം. കുവൈറ്റിലെ ഇന്ത്യക്കാര്‍ നേരിടുന്ന ഗുരുതരമായ ഈ സ്ഥിതിവിശേഷം കണക്കിലെടുത്ത് എംബസിയില്‍ ഹോട്ട്ലൈന്‍ സംവിധാനത്തോടെയുള്ള ഉദ്യോഗസ്ഥ സഹായം 24 മണിക്കൂറും ഏര്‍പ്പെടുത്താനാവണം. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്കായി എംബസിയില്‍ വിപുലീകൃതമായ നിയമസഹായ സംവിധാനവും നടപ്പില്‍ വരുത്തണം.

സൗദി അറേബ്യയിലാവട്ടെ നിതാഖത്ത് എന്ന സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍രേഖകള്‍ ക്രമീകരിക്കാനും മറ്റും അനുവദിച്ച സമയം ജൂലൈ 3-ന് അവസാനിക്കും. നിരവധിപേര്‍ നാട്ടിലേക്ക് മടങ്ങാനായുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. 60,000 ഔട്ട് പാസുകള്‍ വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. സ്കൂള്‍ അവധിക്കാലമായതിനാല്‍ തിരക്ക് കൂടുന്ന ഈ ഘട്ടത്തില്‍ രാജ്യം വിടാന്‍ ഇവര്‍ക്ക് കഴിയുന്ന തരത്തിലുള്ള യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ ഇവര്‍ തടവുകാരാക്കപ്പെടുകയും ചെയ്യും. കുവൈറ്റിലെയും സൗദിയിലെയും ഇന്ത്യക്കാര്‍ അനുഭവിക്കുന്ന ഇത്തരം പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തരമായി ഉണ്ടാവണമെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment