Tuesday, June 4, 2013

വിവരാവകാശ കമ്മീഷന്‍ ഉത്തരവ് അസ്വീകാര്യം

രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമപ്രകാരമുള്ള പൊതു അധികാര സ്ഥാനങ്ങളായി കാണണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് സ്വീകാര്യമല്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ലമെണ്ടറി ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്ക് സംബന്ധിച്ച തെറ്റായ ധാരണയില്‍ നിന്നാണ് ഈ ഉത്തരവ് ഉണ്ടായിരിക്കുന്നതെന്ന് പിബി പറഞ്ഞു.

ആറ് ദേശീയ പാര്‍ട്ടികള്‍ മുഖ്യമായും സര്‍ക്കാര്‍ ധനസഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നത്. ഇത് അസത്യമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ വരുമാനത്തിന്റെ മുഖ്യപങ്ക് ഗവര്‍മെണ്ടില്‍ നിന്നോ ഏതെങ്കിലും പൊതുസ്ഥാപനങ്ങളില്‍ നിന്നോ വരുന്നതല്ല. നിയമപ്രകാരം അനുവദനീയമാണെങ്കിലും സിപിഐ എം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഫണ്ട്പോലും സ്വീകരിക്കുന്നില്ല. പാര്‍ട്ടികളുടെ ധനമാര്‍ഗങ്ങള്‍ക്ക് സുതാര്യതവേണം എന്നതാകാം കമ്മീഷന്‍ മുഖ്യമായും ഉദ്ദേശിക്കുന്നത്. അത്തരം വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ലഭ്യമാണ്. കുടുതല്‍വിവരങ്ങള്‍ വേണമെങ്കില്‍ ലഭ്യമാക്കേണ്ടതുമാണ്. പാര്‍ട്ടികളുടെ സാമ്പത്തിക വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകണമെന്നുതന്നെയാണ് തുടക്കം മുതല്‍ സിപിഐ എം നിലപാട്.

എന്നാല്‍ ഇതിനര്‍ത്ഥം രാഷ്ട്രീയ പാര്‍ട്ടികളെ പൊതു അധികാര സ്ഥാപനമായി കാണാമെന്നല്ല. അങ്ങനെ ചെയ്യുന്നത് പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. ഒരു രാഷ്ട്രീയ പാര്‍ട്ടി ഒരു തത്വശാസ്ത്രത്തിലും പരിപാടിയിലും നേതൃത്വത്തിലും വിശ്വസിക്കുന്ന വ്യക്തികള്‍ ചേര്‍ന്നുള്ള സന്നദ്ധ സംഘടനയാണ്.അംഗങ്ങളോടാണ് പാര്‍ട്ടിക്ക് ഉത്തരവാദിത്തമുള്ളത്്. നയപരമായ വിഷയങ്ങളിലും സംഘടനാകാര്യങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മറ്റുമുള്ള പാര്‍ട്ടികളുുടെ ഉള്‍പാര്‍ടി ചര്‍ച്ചകള്‍ വിവരാവകാശപ്രകാരം ലഭ്യമായാല്‍ ആ പാര്‍ട്ടിയെ തന്നെ അസ്ഥിരപ്പെടുത്താന്‍ എതിരാളികള്‍ക്ക് അത് ആയുധമാക്കാം.

ഈ ഉത്തരവിന്റെ ഗൗരവതരമായ പ്രത്യാഘാതം പരിഗണിച്ച് ഗവര്‍മെണ്ട് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും വിഷയം ചര്‍ച്ച ചെയ്യണം. ഒരു ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പങ്കും അവയുടെ സമഗ്രതയും സംരക്ഷിക്കാന്‍ സഹായകമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും വേണം- പി ബി പ്രസ്താവനയില്‍ പറഞ്ഞു.

കോൺഗ്രസ്സും വിവരാവകാശ് കമ്മീഷൻ തീരുമാനത്തിൽ പ്രതിഷേധിച്ചു.ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് ദ്രോഹകരമാണു തീരുമാനമെന്നു കോൺഗ്രസ് പ്രതികരിച്ചു. സിപിഐയും തീരുമാനത്തിൽ പ്രതിഷേധിച്ചു.

deshabhimani

No comments:

Post a Comment