ഗള്‍ഫ് നാടുകളില്‍ വിദ്യാലയങ്ങള്‍ അടച്ചതോടെ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്നത് മുതലെടുക്കാന്‍ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് മൂന്ന് മടങ്ങ് കൂട്ടി. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് നിരക്ക് കൂട്ടുന്നത്. പുതിയ നിരക്ക് തിങ്കളാഴ്ച നിലവില്‍വന്നു. എയര്‍ഇന്ത്യയാണ് നിരക്ക് വര്‍ധനയില്‍ ഒന്നാമത്. സൗദിയിലെ ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് 28,000 രൂപയാണ്.
സ്വദേശിവല്‍ക്കരണം കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് സൗദിയില്‍നിന്ന് തിരിച്ചുവരുന്നവരുടെ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ വിമാന കമ്പനികള്‍ നിരക്ക് കൂട്ടിയിരുന്നു. അന്ന് ടിക്കറ്റ് നിരക്ക് 25,000 രൂപയായിരുന്നു. ജൂണ്‍ മൂന്നുമുതല്‍ ഇത് 28,000 ആക്കി. സൗദിയില്‍നിന്ന് കേരളത്തിലേക്കുള്ള സാധാരണ നിരക്ക് 9800 രൂപ മുതല്‍ 15,000 വരെയായിരുന്നു. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള നിരക്കില്‍ 15,200 രൂപയുടെ വര്‍ധനയാണ് സൗദി എയര്‍ലൈന്‍സ് പ്രഖ്യാപിച്ചത്. ഇതോടെ ചാര്‍ജ് 23,000 മുതല്‍ 25,000 വരെയാകും.
എയര്‍ഇന്ത്യയെക്കാള്‍ 3000 രൂപ കുറഞ്ഞ നിരക്കാണ് സൗദി എയര്‍ലൈന്‍സ് ഈടാക്കുന്നത്. യുഎഇയിലെ ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നുള്ള പുതുക്കിയ നിരക്ക് 17,000ത്തിനും 23,000ത്തിനും ഇടയിലാണ്. 8000 മുതല്‍ 10,000 വരെയായിരുന്നു നേരത്തെ കേരളത്തിലേക്കുള്ള സാധാരണ നിരക്ക്. കുവൈത്തില്‍നിന്നുള്ള നിരക്കില്‍ വര്‍ധന വരുത്തിയത് വിസയും ജോലിയും നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് വന്‍ തിരിച്ചടിയാകും.
കുവൈത്തില്‍നിന്ന് കേരളത്തിലേക്കുള്ള നിരക്ക് 20,000ത്തിനും 25,000ത്തിനും ഇടയിലാണ്. പിടിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവരെ ബന്ധുക്കള്‍ വിമാനടിക്കറ്റെടുത്താണ് നാട്ടിലേക്ക് കയറ്റിവിടുന്നത്. ഭീമമായ നിരക്ക് വര്‍ധനയെത്തുടര്‍ന്ന് പലര്‍ക്കും നാട്ടിലേക്ക് മടങ്ങാനാവുന്നില്ല. സ്കൂള്‍ അവധിക്കാലത്താണ് പ്രവാസി കുടുംബങ്ങള്‍ കൂടുതലും നാട്ടിലെത്തുന്നത്. യാത്രാക്കൂലി വര്‍ധന പലരുടെയും യാത്ര അനിശ്ചിതത്വത്തിലാക്കി. റമദാന് ശേഷമേ ഇനി നിരക്കില്‍ എന്തെങ്കിലും കുറവ് പ്രതീക്ഷിക്കാനാവൂ. വിമാന കമ്പനികള്‍ തോന്നിയപോലെ നിരക്ക് കൂട്ടിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
(ബഷീര്‍ അമ്പാട്ട്)
deshabhimani
No comments:
Post a Comment