വായിച്ചുവളരണമെന്ന് കുട്ടികള്‍ക്ക് വിദ്യാഭ്യാസമന്ത്രി ഉപദേശം നല്‍കുന്നത് സ്കൂള്‍ ലൈബ്രറികള്‍ നിശ്ചലമാക്കിയശേഷം. അധ്യയനവര്‍ഷത്തിന് തുടക്കംകുറിച്ചുള്ള മന്ത്രിയുടെ സന്ദേശത്തിലാണ് വായനയുടെ പ്രാധാന്യം വിവരിക്കുന്നത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂള്‍ അസംബ്ലിയില്‍ വായിക്കുന്നതിന് തയ്യാറാക്കി നല്‍കിയ സന്ദേശത്തിലാണ് വായന പ്രോത്സാഹിപ്പിക്കാനും കലാകായിക സിദ്ധി വളര്‍ത്താനും വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഉപദേശിക്കുന്നത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച സ്കൂളില്‍ വിളിച്ചുചേര്‍ക്കുന്ന അസംബ്ലിയില്‍ മന്ത്രിയുടെ ലേഖനംകൂടി ഉള്‍പ്പെടുന്ന "പഠിപ്പിക്കുക- പരിരക്ഷിക്കുക" എന്ന പുസ്തകപ്രകാശനം നടത്തിയശേഷം സന്ദേശം വായിക്കാനാണ് ഡിപിഐയുടെ സര്‍ക്കുലര്‍. മികച്ച പഠനം ഉറപ്പുവരുത്താന്‍ ആവശ്യമായതെല്ലാം സ്കൂളില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് സന്ദേശത്തില്‍ മന്ത്രി പറയുന്നു.
എന്നാല്‍ സ്കൂള്‍ ലൈബ്രറികള്‍ക്ക് രണ്ടു വര്‍ഷത്തിനിടെ നയാപൈസപോലും വകയിരുത്തിയിട്ടില്ല. എസ്എസ്എ ഫണ്ടില്‍നിന്ന് പ്രതിവര്‍ഷം ലഭിക്കുന്ന 1,285 രൂപ മാത്രമാണ് ലൈബ്രറിക്ക്് നല്‍കുന്നത്. സ്കൂളുകളിലെ സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തികകള്‍ എടുത്തുകളഞ്ഞതും ഈ സര്‍ക്കാരിന്റെ കാലത്താണ്. കുട്ടികളില്‍നിന്ന് ഈടാക്കുന്ന സ്പെഷ്യല്‍ ഫീസില്‍നിന്ന് നിശ്ചിത തുക ലൈബ്രറി ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന് മുന്‍വര്‍ഷങ്ങളില്‍ നിര്‍ദേശമുണ്ടായിരുന്നു. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന് മുന്നോടിയായി സ്പെഷ്യല്‍ ഫീസ് എടുത്തുകളഞ്ഞതോടെ സ്കൂളുകള്‍ക്ക് പുസ്തകം വാങ്ങുന്നതിനുള്ള സൗകര്യവും നിലച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്കൂളുകള്‍ക്ക് പുസ്തകങ്ങളും സ്പോര്‍ട്സ് ഉപകരണങ്ങളും വാങ്ങാന്‍ ഫണ്ട് അനുവദിച്ചിരുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ സ്കൂളുകളിലും സ്പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കണം. കായികം, സംഗീതം, കൈത്തൊഴില്‍ അധ്യാപകരെ 14,400 രൂപ പ്രതിമാസ വേതനത്തില്‍ നിശ്ചയിക്കാന്‍ ഫണ്ടും അനുവദിച്ചു. എന്നാല്‍, എസ്എസ്എ ഫണ്ട് തട്ടിയെടുക്കുന്നതിന് വിദ്യാഭ്യാസ പാക്കേജിന്റെ ഭാഗമായ അധ്യാപകപൂളില്‍നിന്ന് സ്പെഷ്യലിസ്റ്റ് അധ്യാപകരെ ഈ ഒഴിവുകളിലേക്ക് മാറ്റി. ഇതുപ്രകാരം സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി ചെയ്തിരുന്ന 1,550 സ്പെഷ്യലിസ്റ്റ് അധ്യാപകരെയും പുതിയ നിയമനം നേടിയ 133 പേരെയും കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അധ്യാപക പൂളിലേക്ക് മാറ്റി. എസ്എസ്എയുടെ ഈ പദ്ധതി അവസാനിക്കുന്നതോടെ ഇവരുടെ ജോലി ഇല്ലാതാകുമെന്നുമാത്രമല്ല, കുട്ടികള്‍ക്കുള്ള കലാ-കായിക പരിശീലനം നിലയ്ക്കുകയും ചെയ്യും.
(ബിജു കാര്‍ത്തിക്)
deshabhimani
No comments:
Post a Comment