Sunday, June 2, 2013

വിനീത വിധേയന്‍

പാര്‍ടിക്ക് വിധേയനാണ്. എന്നാല്‍, വിനീത വിധേയനല്ല എന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിട്ടുള്ളത്. വിനീതന്‍ എന്ന വാക്കിന് വിനയമുള്ളവന്‍, സുശിക്ഷിതന്‍, കച്ചവടക്കാരന്‍, നല്ലപോലെ നടക്കുന്നകുതിര എന്നൊക്കെയുള്ള അര്‍ഥങ്ങളാണ് നിഘണ്ടുവില്‍ കാണുന്നത്. ഇതില്‍ ഏതാണ് അര്‍ഥമാക്കിയത് എന്നറിയില്ല. പാര്‍ടിയോട് വിധേയത്വമേ ഉള്ളൂ; വിനയമില്ല എന്നാകും. വിനീത വിധേയത്വം പുതുപ്പള്ളിയില്‍ പണയംവച്ചിരിക്കയാണ്. പദവിയും മന്ത്രിസ്ഥാനവുമൊന്നും ഒരാള്‍ക്കും കൊടുക്കുന്ന ഓണസമ്മാനമല്ലെന്നുമുണ്ട് തിരുവഞ്ചൂര്‍ വചനം. അതൊക്കെ ഗ്രൂപ്പുകളിച്ചും സേവപിടിച്ചും നേടേണ്ടതാണ്. പിസിസി അധ്യക്ഷപദവിയില്‍നിന്ന് മന്ത്രിസഭയിലേക്ക് രമേശ് ചെന്നിത്തല എത്തുമ്പോള്‍ ഓണസമ്മാനമൊന്നുമുണ്ടാകില്ല; കിട്ടുന്നത് വാങ്ങി തൃപ്തിപ്പെടണം എന്നും അര്‍ഥമുണ്ടിതിന്.

"തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്ല നായരാണെ"ന്നും ആ നല്ല നായരെ എന്‍എസ്എസ് ആസ്ഥാനത്ത് കയറ്റാതിരുന്നത് നായര്‍ വിഷയത്തിലല്ല എന്നും സുകുമാരന്‍നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. "നല്ല"നായര്‍ക്ക് "ഓണ സമ്മാനം" കിട്ടുന്നതില്‍ വിലക്കുകളില്ല. എവിടെയും വേണ്ടാതായപ്പോള്‍ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി നല്‍കിയ സമ്മാനമാണ് കോട്ടയംസീറ്റ്. അവിടെ 711 വോട്ടര്‍മാര്‍ നല്‍കിയ സമ്മാനത്തിന്റെ ബലത്തില്‍ കഷ്ടിച്ച് നിയമസഭയിലെത്തിയപ്പോള്‍ കാത്തിരുന്നത് റവന്യൂവകുപ്പ് എന്ന വലിയ സമ്മാനമാണ്. താമസിയാതെ ഒരു കോടതിവിധിയുടെ രൂപത്തില്‍ ബമ്പര്‍ സമ്മാനം വന്നു. പാമൊലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തുടരന്വേഷണമാകാമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടപ്പോള്‍ വിജിലന്‍സ് വകുപ്പ് കൈയിലെത്തി. അതുകൊണ്ടും തീര്‍ന്നില്ല. അഞ്ചാംമന്ത്രി വിവാദത്തിന്റെ പ്രളയത്തില്‍ ഒലിച്ചുവന്നത് ആഭ്യന്തരവകുപ്പുതന്നെയായിരുന്നു.

ഭാഗ്യത്തിന്റെ തേരിലാണ് എന്നും സഞ്ചാരം. ഭാഗ്യം കഴിഞ്ഞാല്‍ ലോപമില്ലാത്തത് വാക്കുകള്‍ക്കാണ്. വലിയ വായിലേ പറയൂ- ഉഗ്ര പ്രഖ്യാപമെന്നേ തോന്നൂ. റവന്യൂമന്ത്രിയായിരുന്നപ്പോള്‍, മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒരുവര്‍ഷത്തിനകം ഒഴിപ്പിക്കുമെന്നും ഒഴിപ്പിച്ച ഭൂമിയില്‍ ഇനി കയറുന്നവരെ കണ്ടാലുടന്‍ വെടിവയ്ക്കുമെന്നും പ്രഖ്യാപിച്ചു. ആ പ്രഖ്യാപനങ്ങള്‍ മൂന്നാറിലെ സ്വന്തക്കാരുടെ റിസോര്‍ട്ടുകളില്‍ ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട് ഇന്നും. വടകരയിലെ ചന്ദ്രശേഖരന്‍ വധം വന്നപ്പോള്‍ പ്രഖ്യാപനത്തിന് ഉശിരുകൂടി. മാര്‍ക്സിസ്റ്റുപാര്‍ടിയെ ഇല്ലാതാക്കിക്കളയുമെന്നായി. ഷുക്കൂര്‍ വധം ആഘോഷിച്ചു. ഉമ്മന്‍ചാണ്ടിക്ക് തിരുവഞ്ചൂരെന്നപോലെ ആഭ്യന്തരമന്ത്രിക്ക് ചാടിക്കളിപ്പിക്കാന്‍ കുറെ കാക്കിക്കാരെ കിട്ടിയതുകൊണ്ട് ചിലതെല്ലാം കാട്ടിക്കൂട്ടി. ഓര്‍ക്കാട്ടേരിയിലെ രമയെ വിളിച്ച് ഗുരുവായൂരില്‍ വിവാഹസദ്യകൊടുത്തും ഒഞ്ചിയത്ത് പലവട്ടം ചെന്നും വാര്‍ത്ത സൃഷ്ടിച്ചതല്ലാതെ ഒന്നും സംഭവിച്ചില്ല. പൊലീസിന്റെ കളി പാളിയത് മിച്ചം.

ഒടുവിലിതാ ആഭ്യന്തരമന്ത്രി പ്രതിക്കൂട്ടിലാണ്. സ്വന്തം പാര്‍ടിയുടെ നേതാവിന്റെ ഫോണ്‍ചോര്‍ത്തിയ കുറ്റവാളിയായി. "അന്വേഷണ ഉദ്യോഗസ്ഥര്‍ പെരുന്നയില്‍ പോയിട്ടില്ല. പിന്നെയെങ്ങനെ ഫോണ്‍ ചോര്‍ത്തല്‍ വിവരം പുറത്തുവന്നു" എന്നതാണ് സുകുമാരന്‍നായരുടെ ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത വന്നപ്പോള്‍ "ന്യായം". എഡിജിപി ഫോണ്‍ചോര്‍ത്തിയത് അന്വേഷിക്കാന്‍ ഐജിയെ ഏല്‍പ്പിക്കുന്ന പുതിയ വിദ്യയും കണ്ടുപിടിച്ചു.

എല്ലാ വിദ്യകളുടെയും ആരൂഢം ബാലജനസഖ്യമാണ്. പിന്നെ കെഎസ്യു. ഉമ്മന്‍ചാണ്ടിയുടെയും കെ സി ജോസഫിന്റെയും അതേ കോട്ടയം പാരമ്പര്യം. എവിടെവീണാലും നാലുകാലിലേ വീഴൂ എന്നായിരുന്നു ഇന്നലെവരെയുള്ള നിര്‍ബന്ധം. അത് പതുക്കെ മാറിത്തുടങ്ങിയിട്ടുണ്ട്. കാത്തുസൂക്ഷിച്ച ആഭ്യന്തരം രമേശ് കൊത്തിക്കൊണ്ടുപോകുമെന്നായപ്പോള്‍ രമേശിനെ വെടക്കാക്കാനായി നോട്ടം. വെടക്കാക്കിയതേയുള്ളൂ- തനിക്കായില്ല. ആഭ്യന്തരം കൈയാലയിലെ തേങ്ങപോലെയായി. രമേശിനല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക്. "ഭാഗ്യശാലി"ക്ക് ഇനി വല്ല വകുപ്പും കിട്ടിയാലായി. ഒരു വകുപ്പുമില്ലെങ്കിലും ഉമ്മന്‍ചാണ്ടിയുണ്ടല്ലോ എന്നതാണ് ആശ്വാസം. ഉപജാപത്തില്‍ മുമ്പന്മാര്‍ക്ക് അങ്ങനെയും ചില സൗകര്യങ്ങളുണ്ട്. വിനീത വിധേയന്‍ എന്നാല്‍, നല്ലപോലെ നടക്കുന്ന വിധേയനായ കുതിര എന്ന അര്‍ഥവുമുണ്ട്.

deshabhimani

No comments:

Post a Comment