Tuesday, May 18, 2021

പുതിയ ടീം നന്നായി പ്രവര്‍ത്തിക്കും; പാര്‍ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം തൃപ്തിയോടെ നിര്‍വഹിച്ചു: ശൈലജ

തിരുവനന്തപുരം > ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ടി ഏല്‍പിച്ച ഉത്തരവാദിത്വം തനിക്ക് കഴിയാവുന്ന വിധത്തില്‍ നിര്‍വഹിക്കാനായി എന്ന് കെ കെ ശൈലജ. പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തുണ്ട്. തന്നെ പാര്‍ടി മന്ത്രിയാക്കിയതുകൊണ്ടാണ് തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചത്. അതുപോലെ ധാരാളം ആളുകളുണ്ട് ഈ പാര്‍ടിയില്‍. പുതിയ മന്ത്രിസഭയ്ക്കും മികച്ച നിലയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് ഉറപ്പാണെന്നും ശൈലജ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

താന്‍ മാത്രമല്ല കഴിഞ്ഞ പ്രാവശ്യമുണ്ടായിരുന്നതില്‍ കുറേയേറെ മന്ത്രിമാര്‍ ഇത്തവണയില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ എല്ലാ അംഗങ്ങളും മികച്ച പ്രകടനം നടത്തിയിരുന്നു. പാര്‍ടിയാണ് തന്നെ മന്ത്രിയായി തീരുമാനിച്ചത്. അത് പ്രകാരം നന്നായി പ്രവര്‍ത്തിക്കാനായി.

മന്ത്രിസഭയില്‍ ഇല്ലാത്തതുകൊണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. ഈ മഹാമാരിയെ ആരോഗ്യമന്ത്രി ഒറ്റയ്ക്കല്ല നയിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാവകുപ്പും ചേര്‍ന്നാണ് നയിച്ചത്. അതില്‍ തന്റെ പങ്ക് നിര്‍വഹിച്ചു. ഒരു വ്യക്തിയല്ല, സംവിധാനമാണ് പ്രവര്‍ത്തിച്ചത്. വലിയ ടീമാണ് ഇതിനുപിന്നിലുള്ളത്. താന്‍ ആരോഗ്യമന്ത്രിയായതുകൊണ്ട് ആ ഉത്തരവാദിത്വം നിര്‍വഹിച്ചു.-ശൈലജ പറഞ്ഞു.

വളരെയേറെ സംഘര്‍ഭരിതമായ അഞ്ചുവര്‍ഷമാണ് കടന്നുപോയത്. പ്രളയവും കോവിഡുമടക്കമുള്ള മഹാമാരികള്‍ നേരിടേണ്ടി വന്നു. ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ജനങ്ങളാകെ നല്‍കിയ പിന്തുണ വലുതാണ്. പൊതുജനങ്ങള്‍ക്ക് ഈ മന്ത്രിസഭയിലെ എല്ലാവരോടും നല്ല സ്‌നേഹമാണ്. അതുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്.

പുതിയ ആളുകള്‍ വരുന്നത് വളരെ നല്ല കാര്യമാണ്. അവസരം കിട്ടുമ്പോള്‍ എല്ലാവരും നല്ലപോലെ പ്രവര്‍ത്തിക്കുമെന്നും ശൈലജ പറഞ്ഞു.

No comments:

Post a Comment