Saturday, May 29, 2021

‘ആദ്യം തെങ്ങുകളിൽ കാവി പൂശി... 
പിന്നെ ജീവിതത്തിലേക്ക്‌ കടന്നുകയറി, സ്വസ്ഥമായിരുന്ന പവിഴദ്വീപുകൾ ഇന്ന് അശാന്തിയുടെ തീരങ്ങൾ’’

‘‘അയാൾ വന്നപാടെ ഞങ്ങളുടെ തെങ്ങുകളിൽ കാവിനിറം പൂശി, പിന്നെയങ്ങോട്ട് തന്നിഷ്ടപ്രകാരമുള്ള നിയമ നിർമാണ നടപടികളായിരുന്നു’’. ലക്ഷദ്വീപിന്റെ പ്രിയ കഥാകാരി ഹസൂരിയാ ഖാൻ കിൽത്താന്റെ വാക്കുകളിൽ ദ്വീപുനിവാസികളുടെ പ്രതിഷേധവും രോഷവും തിരയടിക്കുന്നു. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമാണ്‌ തെങ്ങുകളിൽ കാവിനിറം പൂശിയതെന്നായിരുന്നു കരുതിയത്‌. പക്ഷേ, ദ്വീപിന്റെ ജീവിതം പതിയെ മാറുന്നതിന്റെ സൂചനയായിരുന്നു അത്‌. സ്വസ്ഥമായിരുന്ന പവിഴദ്വീപുകൾ ഇന്ന് അശാന്തിയുടെ തീരങ്ങളാണ്‌–-ഹസൂരിയാ ഖാൻ പറയുന്നു.

നൂറ്റാണ്ടുകളായി സമാധാനജീവിതം നയിക്കുന്ന നിഷ്കളങ്കരായ ഒരു ജനവിഭാഗമാണ്‌ ദ്വീപുനിവാസികൾ. എല്ലാവരും പരസ്പരം അറിയുന്നവർ, അതിഥികളായി എത്തുന്ന ആരേയും ആഥിത്യമര്യാദയിൽ മനം നിറയ്ക്കുന്നവർ. പേടികൂടാതെ രാത്രിയിൽപ്പോലും സ്ത്രീകൾക്ക് ധൈര്യമായി പുറത്തിറങ്ങി നടക്കാം. കടൽത്തീരത്തെ വെള്ളാരമണലിൽ നിർഭയത്തോടെ ആകാശനീലിമയിലേക്ക് നോക്കി എത്ര രാവുകളിൽ ഞാനടക്കമുള്ള സ്ത്രീകളും കുട്ടികളും സുഖമായി കിടന്നുറങ്ങിയിട്ടുണ്ട്. ഇങ്ങനെയുള്ള മണ്ണിലേക്കാണ് പ്രഫുൽ കോഡാ പട്ടേൽ എന്ന സ്വേച്ഛാധിപതി വികസനത്തിന്റെ പേരുംപറഞ്ഞ് ഗൂഢലക്ഷ്യങ്ങളോടെ എത്തിയത്.

പതിവുപോലെ ഞങ്ങൾ കോൽക്കളിയും പരിചകളിയുമായി അദ്ദേഹത്തെ സ്വീകരിച്ചു. പക്ഷേ, വൈകാതെ കാര്യങ്ങൾ വ്യക്തമായിത്തുടങ്ങി. പൗരത്വ ബില്ലിനെതിരെ നേരത്തേ സ്ഥാപിച്ച ബാനർ കണ്ട് കോപാകുലനായി അതെടുത്തു മാറ്റാനും എഴുതിയവരെ അറസ്റ്റ് ചെയ്യാനും കൽപ്പിച്ചായിരുന്നു സ്വേച്ഛാധിപത്യ ഭരണത്തിന്റെ തുടക്കം. ഏഴ് മാസത്തിനിടെ അദ്ദേഹം നടത്തിയ ഓരോ പരിഷ്‌കാരങ്ങളും ദ്വീപുനിവാസികളുടെ ഹൃദയത്തിൽ കത്തികുത്തിയിറക്കുന്നപോലെയായിരുന്നു. എന്റെ ജന്മനാടായ കിൽത്താൻ ദ്വീപ് ചെറിയ പൊന്നാനി എന്നപേരിൽ അറിയപ്പെടുന്ന പ്രദേശമാണ്. നിരവധി പണ്ഡിതൻമാർക്കും സൂഫിവര്യൻമാർക്കും ജന്മം നൽകിയ മണ്ണ്‌. ഈ ദ്വീപിനെ അപകീർത്തിപ്പെടുത്തുംവിധത്തിൽ ജില്ലാ കലക്ടർ നടത്തിയ പരാമർശത്തിനെ ജനങ്ങൾ ഒറ്റക്കെട്ടായാണ് നേരിടുന്നത്. സിനിമ അഭിനയിക്കാൻ കേവലം ഒരുമാസക്കാലം വന്ന നടൻ പ്രിഥ്വിരാജിന് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലായെങ്കിൽ അത് മനുഷ്യസ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ്. ആ മണ്ണിന്റെ നന്മയും സ്നേഹവും അറിഞ്ഞവർക്ക് ദ്വീപിനെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കാതിരിക്കാനാകില്ല. 

ലക്ഷദ്വീപിലെ പാവങ്ങളായ ജനതയെ ചേർത്തുപിടിക്കുന്ന കേരളത്തോട്‌ ദ്വീപുകാർ എന്നും കടപ്പെട്ടിരിക്കും.  നിങ്ങളാണ് ഞങ്ങൾക്ക് ധൈര്യം തന്നത്, നിങ്ങളാണ് ഞങ്ങൾക്ക് ആവേശം പകർന്നത്, നിങ്ങളാണ് ഞങ്ങളെ ലോകശ്രദ്ധയിലേക്ക്‌ കൊണ്ടുവന്നത്. നിങ്ങൾ ഞങ്ങൾക്കൊപ്പമുള്ളതാണ്‌ ഞങ്ങളുടെ ധൈര്യം–-ഹസൂരിയാ ഖാൻ പറഞ്ഞു.

ചെങ്ങമനാട് പാലപ്രശേരി ജുമാ മസ്ജിദിലെ ഇമാമായ ഹാഫിസ് മുഹമ്മദ് നവാസിനും രണ്ടു കുട്ടികൾക്കുമൊപ്പം പാലപ്രശേരിയിൽ താമസിക്കുന്ന ഹസൂരിയാ ഖാൻ ഇടയ്ക്കിടെ ദ്വീപിൽ പോയി വരാറുണ്ട്. ഒട്ടേറെ കഥകൾ എഴുതിയിട്ടുള്ള ഹസൂരിയാ ഖാൻ 17 കഥകളുടെ സമാഹാരമായ ഇലപൊഴിയും കാലം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി സി സോമശേഖരൻ

പ്രതിഷേധിച്ചവർ 
‘രാജ്യദ്രോഹികൾ’ ; ലക്ഷദ്വീപിൽ കിരാതവാഴ്‌ച

അഡ്‌മിനിസ്ട്രേറ്ററുടെ തലതിരിഞ്ഞ പരിഷ്‌കാരങ്ങളെ ന്യായീകരിച്ച   കലക്ടർക്കെതിരെ പ്രതിഷേധിച്ചതിന്‌ ദ്വീപ്‌ നിവാസികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു. കിൽത്താൻ ദ്വീപിലെ 12 പേരെയും  ചേത്ത്‌ലാത്ത്‌ ദ്വീപിലെ ഒരു ഡിവൈഎഫ്‌ഐ പ്രവർത്തകനെയുമാണ്‌ കഴിഞ്ഞ ദിവസം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. വ്യാഴാഴ്‌ച കൊച്ചിയിൽ  വാർത്താസമ്മേളനത്തിൽ കലക്ടർ അസ്‌കർ അലി അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ചിരുന്നു.  പിന്നാലെ ദ്വീപിൽ   പ്രതിഷേധമുയർന്നു. കിൽത്താൻ ദ്വീപിൽ യുവാക്കൾ കലക്ടറുടെ കോലം  കത്തിച്ചു.

കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ കൂട്ടം കൂടിയെന്ന പേരിലാണ്‌ കിൽത്താനിൽ 12 പേരെ കസ്‌റ്റഡിയിലെടുത്തത്‌. രാത്രി അറസ്റ്റ്‌ രേഖപ്പെടുത്തി. കോവിഡ്‌ രോഗികൾക്ക്‌ ഭക്ഷണപ്പൊതി നൽകി മടങ്ങുമ്പോഴാണ്‌ ചേത്ത്‌ലാത്ത്‌ ദ്വീപിലെ ഡിവൈഎഫ്‌ഐ പ്രവർത്തകനെ പിടിച്ച്‌ ജയിലിലടച്ചത്‌. എല്ലാവർക്കുമെതിരെ   രാജ്യദ്രോഹം, കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ പുറത്തിറങ്ങി തുടങ്ങിയ വകുപ്പുകളാണ്‌ ചുമത്തിയത്‌. ഗൂഢാലോചനക്കുറ്റവുമുണ്ട്‌. യുവാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്‌ക്കാനുള്ള നീക്കത്തിൽ  ദ്വീപ്‌ നിവാസികൾക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്‌.   അറസ്റ്റിലായവർ ജയിലിനുള്ളിൽ ഉപവാസ സമരവും നടത്തി. അഡ്‌മിനിസ്‌ട്രേറ്റർക്കെതിരായ പ്രക്ഷോഭത്തിന്‌  രൂപംനൽകാൻ  രാഷ്ട്രീയ കക്ഷികളുടെ ഓൺലൈൻ യോഗം  ശനിയാഴ്‌ച വൈകിട്ട്‌ നാലിന്‌ ചേരും.

സുജിത്‌ബേബി 

"തിര കടലിൽ തീരുംവരെ, 
ഈ നാട്‌ ഇവിടെ കാണും'

‘‘തിര കടലിൽ തീരുംവരെ, ഉപ്പ് കടലിൽ വറ്റുംവരെ, ഈ നാട്‌ ഇവിടെ കാണും, നിങ്ങടെ ചതിയുടെ ചുണ്ടെരിയും’’–- ലക്ഷദ്വീപിന്‌ ഐക്യദാർഢ്യമർപ്പിച്ച്‌ വിദ്യാർഥികളുടെ ഗാനം വൈറൽ. കലിക്കറ്റ്‌ സർവകലാശാല വിദ്യാർഥികളായ അതുൽ നറുകരയും ശ്രീഹരി തറയിലും ചേർന്നൊരുക്കിയ പാട്ട്‌ സമൂഹ മാധ്യമങ്ങളിൽ കണ്ടത്‌ ലക്ഷങ്ങൾ. പ്രമുഖരുൾപ്പെടെ ആയിരക്കണക്കിനുപേർ വീഡിയോ പങ്കുവച്ചു. എംസിജെ വിദ്യാർഥി ശ്രീഹരിയുടേതാണ്‌ വരികൾ. 


ഫോക്ലോർ പഠന വിഭാഗത്തിൽ ഗവേഷകനായ അതുൽ നറുകര ഈണം നൽകി ആലപിക്കുന്നു. ‘കരതല്ലും തിരയിലുമങ്ങനെ തീരാത്തൊരു കഥകളിലും...’’ എന്നു തുടങ്ങുന്ന വരികൾ നാടൻപാട്ടിന്റെ ഈണത്തിലാണ്‌ ചിട്ടപ്പെടുത്തിയത്‌. ഒരു മിനുട്ട്‌ ദൈർഘ്യമുള്ള വീഡിയോ ആദ്യം ഇൻസ്‌റ്റഗ്രാമിലാണ്‌ പോസ്റ്റ്‌ ചെയ്‌തത്‌. വീഡിയോ കണ്ട്‌ അഭിനന്ദനമറിയിച്ച്‌ ദ്വീപിൽനിന്നുൾപ്പെടെ ഒരുപാട്‌ പേർ വിളിച്ചു. 2019ലെ ഫോക്ക്‌ലോർ അക്കാദമി എംഎ അവാർഡ്‌ ജേതാവാണ്‌ ഡിപ്പാർട്ട്‌മെന്റ്‌ സ്‌റ്റുഡന്റ്‌സ്‌ യൂണിയൻ മുൻ ചെയർമാനും നാടൻപാട്ട്‌ കലാകാരനുമായ അതുൽ. മഞ്ചേരിയാണ്‌ സ്വദേശം. തൃശൂർ സ്വദേശിയായ ശ്രീഹരി എസ്‌എഫ്‌ഐ യൂണിറ്റ്‌ ജോയിന്റ്‌ സെക്രട്ടറിയാണ്‌.

No comments:

Post a Comment