Tuesday, May 18, 2021

മന്ത്രിസ്ഥാനത്ത്‌ രണ്ടാംമൂഴം; നിയമസഭയിലെത്തുന്നത്‌ ആറാം തവണ

കോഴിക്കോട്‌ > എലത്തൂർ മണ്ഡലത്തിൽനിന്ന്‌ ഹാട്രിക്കുമായി വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിയ എ കെ ശശീന്ദ്രന്‌  രണ്ടാമൂഴത്തിലും മന്ത്രി പദവി. എൻസിപി ദേശീയ പ്രവർത്തക സമിതി അംഗമായ അദ്ദേഹം നിയമസഭയിലെത്തുന്നത്‌ ആറാം തവണയാണ്‌. 2011ലും 2016ലും എലത്തൂരിൽ നിന്ന്‌ തന്നെ നിയമസഭയിലെത്തി. 2006ൽ ബാലുശേരിയിൽനിന്നും 1982ൽ എടക്കാട്ട്‌നിന്നും 1980 പെരിങ്ങളത്തുനിന്നും വിജയിച്ചു.

കണ്ണൂർ സ്വദേശിയായ ശശീന്ദ്രൻ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ്‌ പൊതുരംഗത്ത്‌ സജീവമാകുന്നത്‌. കെഎസ്‌യുവിന്റെയും യൂത്ത്‌ കോൺഗ്രസിന്റെയും നേതാവായി. 1980ൽ കോൺഗ്രസ്‌(യു)വിലൂടെ എൽഡിഎഫിലെത്തി. 1982 മുതൽ 1999 വരെ കോൺഗ്രസ്‌ എസിന്റെയും  തുടർന്ന്‌ എൻസിപിയുടെയും സംസ്ഥാന ജനറൽ സെക്രട്ടറി.

കേരള ഭവന വികസന ബോർഡ്‌, സാക്ഷരത സമിതി ഗവേണിങ്‌ ബോഡി, കോഫി ബോർഡ്‌ എന്നിവയിൽ അംഗമായിരുന്നു.  കണ്ണൂർ ജ‌വഹർലാൽ നെഹ്‌റു പബ്ലിക് ലൈബ്രറിയുടെ വൈസ്‌ പ്രസിഡന്റായും  പ്രവർത്തിച്ചു. എ കുഞ്ഞമ്പുവിന്റെയും എം കെ ജാനകിയുടെയും മകനായി 1946 ജനുവരി 29-ന്    ജനിച്ചു. ഭാര്യ:  അനിത കൃഷ്‌ണൻ.  മകൻ:വരുൺ(ഇന്ത്യൻ ഓയിൽ കോർപറേഷൻ).മുരമകൾ: ഡോ. സോന.

No comments:

Post a Comment