Monday, May 31, 2021

മതാടിസ്ഥാനത്തില്‍ പൗരത്വം ; മഹാമാരിക്കാലത്തും കുതന്ത്രം

കോവിഡ്‌ മഹാമാരിയിലും സാമ്പത്തികപ്രതിസന്ധിയിലും രാജ്യം വിറങ്ങലിച്ചുനിൽക്കുമ്പോൾ പിൻവാതിൽ വഴി പൗരത്വ ഭേദഗതി നിയമം(സിഎഎ) നടപ്പാക്കാനുള്ള കേന്ദ്രനീക്കം ജനകീയപ്രശ്‌നങ്ങളിൽനിന്ന്‌ ശ്രദ്ധ തിരിക്കാൻ. ഉത്തർപ്രദേശിലെ ബാരാബങ്കി മുസ്ലിം പള്ളി തകർക്കൽ, ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ തലതിരിഞ്ഞ പരിഷ്‌കാരങ്ങൾ എന്നിവയുടെ തുടർച്ചയായാണ്‌ ഈ നടപടി.  പ്രതിസന്ധികളിൽ രാജ്യം നട്ടംതിരിയുമ്പോൾ കേന്ദ്രവും ബിജെപിയും പയറ്റുന്നത് വർഗീയധ്രുവീകരണം വളർത്താനുള്ള തന്ത്രങ്ങൾ.

മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന സിഎഎയ്‌ക്കെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളും വിവിധ രാഷ്ട്രീയ പാർടികളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി തീർപ്പ്‌ കൽപ്പിച്ചിട്ടില്ല.

സിഎഎ നടപ്പാക്കാന്‍ ചട്ടങ്ങളും നിലവിലില്ല. ബംഗാൾ  നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയധ്രുവീകരണം സൃഷ്ടിക്കാൻ ബിജെപി സിഎഎ ഉപയോഗിച്ചു. കോവിഡ്‌ കൈകാര്യം ചെയ്‌തതിൽ കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകൾ വരുത്തിയ വീഴ്‌ച സജീവചർച്ചയാണ്‌. യുപിയും ഗുജറാത്തും അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി അണികൾ രോഷത്തിലും വേദനയിലുമാണ്‌.

ഈ സാഹചര്യം മറികടക്കാൻ  പൗരത്വനിയമവിഷയം ഉപയോഗിക്കുകയാണ്‌ കേന്ദ്രം. ഗുജറാത്ത്‌, രാജസ്ഥാൻ, പഞ്ചാബ്‌, ഛത്തീസ്‌ഗഢ്‌, ഹരിയാന സംസ്ഥാനങ്ങളിലെ 13 ജില്ലയിലാണ്‌ 2009ലെ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകാൻ അപേക്ഷ ക്ഷണിച്ചത്‌. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളിൽനിന്നെത്തിയ ഹിന്ദു, സിഖ്‌, ബുദ്ധ, പാഴ്‌സി, ജയിൻ, ക്രൈസ്‌തവ വിഭാഗത്തിലുള്ളവർക്ക് മാത്രമാണ് പൗരത്വം നൽകുക. മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിശ്‌ചയിക്കാനുള്ള വ്യവസ്ഥയൊന്നും 2009ലെ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല.  അഭയാർഥികളെ സംരക്ഷിക്കലാണ്‌ ലക്ഷ്യമെങ്കിൽ മതംനോക്കാതെ വേണം പൗരത്വം നൽകേണ്ടത്.

സാജൻ എവുജിൻ 

No comments:

Post a Comment