Wednesday, May 5, 2021

ബിജെപി ജഡമായി, വിവരമുള്ള നേതാക്കളില്ല; വിമർശനവുമായി ആർഎസ്‌എസ്‌ ബൗദ്ധിക്‌ പ്രമുഖ്‌

കോഴിക്കോട്‌ > സംസ്ഥാനത്ത്‌ ബിജെപി ജഡമായെന്നും  രാഷ്ട്രീയ വിദ്യാഭ്യാസവും ബോധ്യവുമില്ലാത്ത നേതാക്കളാണ്‌ ഇവിടെയുള്ളതെന്നും  ആർഎസ്എസ് സംസ്ഥാന മുൻ ബൗദ്ധിക് പ്രമുഖ് ടി ആർ സോമശേഖരൻ. ജനതാൽപ്പര്യമല്ല ആചാരസംരക്ഷണമാണ്‌ നേതാക്കൾക്ക്‌ പ്രധാനമെന്നും സോമശേഖരൻ വിമർശിച്ചു. ഫേസ് ബുക്ക് കുറിപ്പിലാണ് ഭാരതീയ വിചാരകേന്ദ്ര മുൻ സെക്രട്ടറി കൂടിയായ സോമശേഖരൻ ബിജെപി നേതൃത്വത്തിനെതിരേ തുറന്നടിച്ചത്‌.

കേരള ബിജെപിയിൽ വിവരമുള്ള നേതാക്കൾ ഇല്ലെന്ന്‌ കുറ്റപ്പെടുത്തിയ സോമശേഖരൻ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ബിജെപി ചർച്ച ചെയ്തില്ലെന്നും ആചാര സംരക്ഷണം മാത്രം പ്രചരിപ്പിച്ചാൽ വോട്ട് കിട്ടില്ലെന്നും വ്യക്തമാക്കി.

‘‘ബിജെപി ഈ തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല,  കാരണം, ബിജെപി മത്സരിച്ചിട്ടില്ല. പാർടിയെന്നാൽ നേതാക്കന്മാരും അണികളും മാത്രമല്ല. ഇവ രണ്ടും ശരീരം മാത്രമാണ്‌. അതിന്‌ ആത്മാവുണ്ട്‌ . ആശയാദർശങ്ങൾ, നയങ്ങൾ, പരിപാടി, ഭരണനേട്ടങ്ങൾ ഇവയെല്ലാമുൾപ്പെടുന്ന പാർടിജീവിതം രംഗത്തു വന്നിട്ടില്ല.

കേരളത്തിന്റെ വികസനത്തിന്‌ എന്താണു പദ്ധതി,  കഴിഞ്ഞ അഞ്ചു വർഷത്തെ കേരള ഭരണത്തിന്റെ ദോഷങ്ങളെന്തൊക്കെ – ഇത്തരം വിഷയങ്ങൾ ജനങ്ങളുടെ ചിന്താവിഷയമാക്കാൻ ശ്രമമുണ്ടായില്ല. ജീവിതഗന്ധിയായ രാഷ്ട്രീയത്തിനേ വോട്ടു കിട്ടൂ.  ഇവിടെ തെരഞ്ഞെടുപ്പിനിറങ്ങിയതു പാർടിയായിരുന്നില്ല. പാർടിക്കാരുടെ മതമായിരുന്നു.  ആ മതമാണ്‌ തോറ്റത്‌ . ജനതാൽപ്പര്യ സംരക്ഷണമായിരുന്നില്ല ലക്ഷ്യമായി പ്രചരിപ്പിച്ചത്‌, ആചാരസംരക്ഷണമായിരുന്നു. ജനക്ഷേമകരമായ ഭരണത്തിലേക്ക്‌ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷക്കു വക നൽകുന്ന ഒന്നും പ്രചാരണത്തിലുണ്ടായില്ല. കേരളത്തിൽ ബിജെപി വളരണമെങ്കിൽ   ഉന്നത  നേതാവുമുതൽ താഴെയുള്ള പ്രവർത്തകനുവരെ വിശദമായ രാഷ്ടീയ വിദ്യാഭ്യാസം കൊടുക്കണം. ഇവിടെ വിദ്യ കിട്ടേണ്ടവരേയുള്ളൂ, കൊടുക്കാൻ പ്രാപ്‌തിയുള്ളവരില്ലെന്നും സോമശേഖരൻ ഫേസ്‌ബുക്കിൽ കുറിച്ചു.

കേരളത്തിൽ ഇനി ബിജെപി 
മുന്നേറില്ല: സി കെ പത്മനാഭൻ

കേരളത്തിൽ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷ അസ്തമിച്ചതായി മുൻ സംസ്ഥാന പ്രസിഡന്റും ധർമടത്തെ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന സി കെ പത്മനാഭൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാനായില്ലെന്നുമാത്രമല്ല, തിരിച്ചടിയുമുണ്ടായി. പരാജയത്തെക്കുറിച്ച്‌ നേതൃത്വം ഗൗരവമായ ആത്മപരിശോധന നടത്തണമെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

സംസ്ഥാന  പ്രസിഡന്റ്‌ കെ സുരേന്ദ്രൻ രണ്ടിടത്ത്‌ മത്സരിച്ചത് കൂടിയാലോചനയില്ലാതെയാണ്‌. ഈ പരീക്ഷണം പരാജയപ്പെട്ടു. ഉത്തരേന്ത്യയിലേതുപോലെ ഹെലികോപ്‌ടർ രാഷ്‌ട്രീയം കേരളത്തിൽ ചെലവാകില്ല.  കിട്ടിയ വോട്ടിന് സിന്ദാബാദ് വിളിക്കുന്ന പരിപാടിയുമായി മുന്നോട്ടുപോകാനാവില്ല.

തുടർഭരണം 
കേരളത്തിന്റെ സ്വപ്‌നം

തുടർഭരണമെന്നത്‌  കേരളജനത താലോലിച്ച സ്വപ്‌നമാണ്‌. ഈ  സ്വപ്ന സാക്ഷാൽക്കാരത്തിന്‌ പിണറായി വിജയന്‌ ജനം ഉറച്ച പിന്തുണ നൽകി.പിണറായി ചെയ്ത നല്ലതെല്ലാം തിരസ്കരിച്ച് പ്രതിപക്ഷം കുറ്റംമാത്രം തെരഞ്ഞു. കോവിഡ്‌  പ്രതിരോധത്തിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ കേരളം കാര്യക്ഷമത  കാട്ടി. പിണറായി ഭരണത്തിൽ തുടരുന്നതിൽ ഒരുതെറ്റും കാണുന്നില്ല.

പല കോണുകളിൽനിന്ന്‌ അതിശക്തമായ എതിർപ്പുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ നെഞ്ചുവിരിച്ചാണ്‌ നേരിട്ടത്‌. ഭംഗിവാക്കുകൂടാതെ പറയേണ്ട കാര്യങ്ങൾ കൃത്യമായി പറയുകയും പ്രവർത്തിക്കുകയുംചെയ്യുന്ന നേതാവാണ്‌ പിണറായി. ഇപ്പോഴല്ല, മുമ്പും അങ്ങനെയാണ്‌.  പിണറായിയുടെ വ്യക്തിപ്രഭാവം എൽഡിഎഫ്‌ തുടർ ഭരണത്തെ ഏറെ സഹായിച്ചിട്ടുണ്ടെന്നും സി കെ പത്മനാഭൻ പറഞ്ഞു.

അബ്ദുള്ളക്കുട്ടി 
ഗുണമായില്ല

എ പി അബ്ദുള്ളക്കുട്ടി വന്നതുകൊണ്ട് ബിജെപിക്ക് ഗുണമൊന്നുമുണ്ടായില്ല. പുതിയവർ വരുമ്പോൾ അവരുടെ മുൻകാല ചരിത്രം നോക്കണം. അവർക്ക് സ്ഥാനം നൽകുന്നത് പ്രവർത്തകരെ അപമാനിക്കലാണ്. പ്രവർത്തകരെ കൂടെനിർത്തിയാലേ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാകൂ. പാർടിയുടെ നട്ടെല്ലായ പ്രവർത്തകർക്ക്  മാന്യതയും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുണ്ട്.

സൂപ്പർ പ്രസിഡന്റും ശിങ്കിടികളും  രാജിവെക്കണമെന്ന്‌ ആർഎസ്‌എസ്‌ നേതാവ്‌

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ‘സൂപ്പർ പ്രസിഡന്റ്‌’ മുതൽ മുഴുവൻ നേതാക്കളും രാജിവെക്കണമെന്ന്‌  എറണാകുളം ജില്ലാ ആർഎസ്‌എസ്‌ പ്രചാരകായിരുന്ന പി പുരുഷോത്തമൻ

(പുരുഷു പി ദേവരാഗം) ആവശ്യപ്പെട്ടു. മുരളീധരൻ സൂപ്പർ പ്രസിഡന്റും സുരേന്ദ്രൻ പ്രസിഡന്റും താഴേക്കുള്ളവർ ശിങ്കിടികളുമായുള്ള സ്ഥിതി മാറണം. കോർകമ്മിറ്റി അന്വേഷിച്ച്‌ തോൽവിയുടെ ഉത്തരവാദിത്തം നേതാക്കൾക്കല്ല എന്ന്‌ കണ്ടെത്തുന്ന സ്ഥിരം കലാപരിപാടി നിർത്തണം–- പുരുഷോത്തമൻ ഫേസ്‌ബുക്ക്‌ കുറിപ്പിൽ ആവശ്യപ്പെട്ടു.

പാലായിലെ ബിജെപി വോട്ട് കച്ചവടം അന്വേഷിക്കണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. പ്രമീളാദേവി

പാലാ > നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ ബിജെപി വോട്ട് കച്ചവടത്തെ കുറിച്ച് അന്വേഷിക്കണമെന്ന്  ആവശ്യപ്പെട്ട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. പ്രമീളാദേവി രംഗത്ത്. ബിജെപി വോട്ട് യുഡിഎഫിന് മറിച്ച് നൽകിയതായുള്ള ആക്ഷേപം ശക്തമാകുകയും ഇത് സംബന്ധിച്ച ചർച്ചകൾ വ്യാപകമാവുകയും ചെയ്തതോടെയാണ് അന്വേഷണ ആവശ്യം പ്രമീളാദേവി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

ബിജെപിയുടെ വോട്ട്  വൻതോതിൽ ചോർന്നത് വിവാദമായ സാഹചര്യത്തിൽ  ഇത് സംബന്ധിച്ച്  പാർടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ അന്വേഷിക്കണമെന്നാണ് കുറിപ്പിലെ ആവശ്യം. 2016 ലെ തെരഞ്ഞെടുപ്പിൽ  ബിജെപി ജില്ലാ പ്രസിഡൻ്റ് എൻ ഹരി മത്സരിച്ചപ്പോൾ ലഭിച്ച 24821 വോട്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായ ഇത്തവണ 10826 ആയി കുറഞ്ഞതാണ് വ്യാപക ചർച്ചയായത്. ബിജെപിയുടെ  13952 വോട്ടാണ് കുറഞ്ഞത്. ഈ വോട്ട് ഉൾപ്പെടെ നേടിയാണ് പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ്റെ വിജയമെന്നാണ് ആക്ഷേപം ശക്തമായിരിക്കുന്നത്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോട്ടയത്ത് എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച കേരള കോൺഗ്രസ് നേതാവ് പി സി തോമസിനെ പാലായിൽ സ്ഥാനാർഥിയാക്കാനായിരുന്നു ബിജെപിയുടെ ആദ്യ ശ്രമം.

പി സി തോമസ് മത്സരത്തിന് തയ്യാറായിലെങ്കിൽ ബിജെപി സീറ്റ് ഏറ്റെടുത്ത് മണ്ഡലത്തിൽനിന്നുള്ള പാർടി സംസ്ഥാന വക്താവ് എൻ കെ നാരായണൻ നമ്പൂതിരി, പാലാ മണ്ഡലം പ്രസിഡൻ്റും ബിജെപി ഭരണം പിടിച്ച മുത്തോലി പഞ്ചായത്ത് പ്രസിൻ്റുകൂടിയായ രഞ്ജിത്ത് ഇവരിലാരെയെങ്കിലും സ്ഥാനാർഥിയാക്കാനായിന്നു തീരുമാനം. അവസാന നിമിഷം ഈ തീരുമാനം അട്ടിമറിച്ച് മണ്ഡലത്തിന് പുറമെ നിന്നുള്ള പ്രമീളാദേവിയെ സ്ഥാനാർഥിയാക്കിയതിന് പിന്നിൽ യുഡിഎഫിന് വോട്ട് മറിക്കാൻ  ലക്ഷ്യമിട്ട് ബിജെപി നേതൃത്വത്തിൻ്റെ അറിവോടെ മുൻകൂട്ടി പദ്ധതി തയ്യാറാക്കിയതായും ആക്ഷേപമുണ്ട്. ഇതിൻ്റെ ഭാഗമായി അവസാന നിമിഷത്തിൽ ഏറെ വൈകിയാണ് പാലായിലെ ബിജെപി സ്ഥാനാർഥിയായി പ്രമീളാദേവിയെ രംഗത്തിറക്കിയത്.

താൻ എൻ ഡി എ സ്ഥാനാർഥിയായി മത്സരിച്ച പാലാ നിയോജക മണ്ഡലത്തിൽ ബിജെപി വോട്ട്കച്ചവടം നടത്തിയെന്ന ആരോപണം  എതിർ സ്ഥാനാർഥികളിലൊരാൾ ഉയർത്തുകയും ഇതേ ആരോപണം വാർത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രിയും ആവർത്തിച്ച സാഹചര്യത്തിലാണ് വോട്ട് കച്ചവടം അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപി സ്ഥാനാർഥി തന്നെ രംഗത്ത് എത്തിയത്.   ആരോപണം വ്യാപകമാവുകയും ആവർത്തിക്കപ്പെടുകയും ചെയ്യുമ്പോൾ സ്ഥാനാർഥിയെന്ന നിലയിൽ എനിക്ക് നിശബ്ദത പാലിക്കാനാവില്ലന്നും പ്രമീളാദേവി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

No comments:

Post a Comment