Monday, May 17, 2021

പലസ്‌തീൻ: നീതിയുടെ കശാപ്പുശാല - കെ ജെ തോമസ് എഴുതുന്നു

ഇപ്പോഴത്തെ ഇസ്രയേൽ–- പലസ്‌തീൻ സംഘർഷം മെയ്‌ ഏഴിനാണ്‌ ആരംഭിച്ചത്‌. ചെറിയ പെരുന്നാളിന്‌ ആറുദിവസംമുമ്പ്‌. മെയ്‌ ഏഴിന്‌ കിഴക്കൻ ജറുസലേമിലെ ഹാരാൻ അൽ ഷെരീഫിലുള്ള അൽ അക്‌സ മോസ്‌കിൽ പ്രാർഥന നടത്തിക്കൊണ്ടിരുന്ന പലസ്‌തീൻകാർക്കുനേരെ ഇസ്രയേൽ പൊലീസ്‌ ഗ്രനേഡും പ്ലാസ്റ്റിക്‌ ബുള്ളറ്റും പ്രയോഗിച്ചു. കിഴക്കൻ ജറുസലേമിലുള്ള പുതിയ ജൂതകുടിയേറ്റത്തെ അവർ എതിർത്തുവെന്നതാണ്‌ ഇതിനു കാരണം. ഇതിനുശേഷം ഗാസ മുനമ്പിൽനിന്ന്‌ ഹമാസുകാർ ജറുസലേമിലെ ജൂതപ്രദേശത്തേക്ക്‌ റോക്കറ്റ്‌ ആക്രമണം നടത്തി. ഈ ആക്രമണത്തിലാണ്‌ മലയാളിയായ നമ്മുടെ പ്രിയപ്പെട്ട സഹോദരി ഇടുക്കി സ്വദേശിയായ സൗമ്യ മരണമടഞ്ഞത്‌. ഇത്‌ നമ്മെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വേദനാജനകമാണ്‌.

ഈ സംഭവത്തോട്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ പ്രതികരിച്ചത്‌ ആക്രമണത്തെ പ്രതിരോധിക്കാൻ ഇസ്രയേലിന്‌ അവകാശമുണ്ടെന്നാണ്‌. ഇത്‌ ആക്രമണത്തിനുള്ള ലൈസൻസാണ്‌. ഇതിനുശേഷം ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ 29 കുട്ടികളടക്കം 109 പലസ്‌തീൻകാർ മരിച്ചു. ഇപ്പോഴും ഇസ്രയേൽ ആക്രമണം തുടരുകയാണ്‌. പല ലോകരാജ്യങ്ങളും ആക്രമണം നിർത്തണമെന്ന്‌ ആവശ്യപ്പെട്ടു. പണ്ടേ ഇതൊന്നും ചെവിക്കൊള്ളാത്തവരാണ്‌ ഇസ്രയേലുകാർ.

എന്താണ്‌ പലസ്‌തീൻ പ്രശ്‌നം

1948 മെയ്‌ 14നാണ്‌ സാമ്രാജ്യത്വശക്തികളുടെ പിന്തുണയോടെ ഇസ്രയേൽ എന്ന രാജ്യം രൂപമെടുത്തത്‌. ഇത്‌ ഒരു സിയോണിസ്റ്റ്‌ രാജ്യമായിട്ടാണ്‌ അറിയപ്പെടുന്നത്‌. അതുകൊണ്ടുതന്നെ ലോകമൊട്ടാകെയുള്ള പുരോഗമനശക്തികൾ വംശീയാടിസ്ഥാനത്തിലുള്ള രാഷ്ട്രം രൂപീകരിക്കുന്നതിനോട്‌ ഒരു യോജിപ്പും പ്രകടിപ്പിച്ചിരുന്നില്ല. എതിർപ്പ്‌ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴത്തെ യുദ്ധത്തിന്‌ നിദാനം മേൽപറഞ്ഞതാണെങ്കിലും അതിന്‌ മറ്റൊരു കാരണംകൂടിയുണ്ട്‌. എന്തെങ്കിലും കാരണമുണ്ടാക്കി പലസ്‌തീനെതിരെ യുദ്ധം നടത്തുക എന്നത്‌ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ആവശ്യമാണ്‌. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം കിട്ടാതിരുന്നതിനെത്തുടർന്ന്‌ ഭരണം നഷ്ടപ്പെടുമോയെന്ന ഭീതിയിൽ അത്‌ തിരിച്ചുപിടിക്കാനാണ്‌ അധികാരമോഹിയായ നെതന്യാഹു പലസ്‌തീനിലെ നിരപരാധികളെ കൊന്നൊടുക്കുന്നത്‌.

പലസ്‌തീൻ എന്ന പ്രദേശത്തിന്‌ ഏഴായിരത്തിലധികം വർഷത്തെ പഴക്കമുണ്ടെന്ന കാര്യം ലോകചരിത്രം പരിശോധിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന കാര്യമാണ്‌. യഹൂദമതത്തിന്‌ ഒരു രാജ്യം വേണമെന്ന ആവശ്യം ആദ്യമുയർന്നത്‌ 1897ൽ സ്വിറ്റ്‌സർലൻഡിലെ ബാസലിൽ നടന്ന ജൂതമതസമ്മേളനത്തിൽവച്ചാണ്‌. ജൂതരാഷ്ട്രമെന്ന ആശയം അവിടെ ഉന്നയിക്കുന്നത്‌ ഓസ്‌ട്രിയൻ പത്രപ്രവർത്തകനായ തിയോഡോർ ഹെർഷലാണ്‌. യോഗത്തിന്റെ സംഘാടകനും അദ്ദേഹമായിരുന്നു. ജൂതരാഷ്ട്രമെന്ന പുസ്‌തകവും അവിടെ വിതരണം ചെയ്യപ്പെട്ടു. ജറുസലേം തങ്ങൾക്ക്‌ ഏറ്റവും പ്രിയപ്പെട്ടതാണെന്നും അതുകൊണ്ട്‌ പണ്ട്‌ തങ്ങൾക്ക്‌ നഷ്ടമായ ആ ഭൂപ്രദേശം തങ്ങളുടെ രാജ്യമാക്കുമെന്നുമുള്ള ജൂതരാഷ്ട്ര ആശയം ലോകത്തിന്റെ നാനാഭാഗത്തും പാർക്കുന്ന ജൂതന്മാരെ അറിയിച്ചു. ഈ ആശയത്തിന്‌ ബ്രിട്ടനും അമേരിക്കയും ശക്തമായ പിന്തുണ നൽകി.

അമേരിക്കയിലെയും യൂറോപ്പിലെയും അതിസമ്പന്നരായ യഹൂദ ബാങ്കർമാർ രണ്ടാം ലോകയുദ്ധ കാലത്ത്‌ സഖ്യശക്തികൾക്ക്‌ സഹായം നൽകി. ഈ അവസരമുപയോഗിച്ച്‌ യഹൂദനേതാക്കൾ ബ്രിട്ടീഷ്‌ സർക്കാരിനെ സമീപിച്ച്‌ ജൂതരാഷ്ട്ര പ്രഖ്യാപനം ഉടൻ നടത്തണമെന്ന്‌ ആവശ്യപ്പെട്ടു. ഒന്നാം ലോകയുദ്ധം അവസാനിച്ച 1918ൽ ബ്രിട്ടീഷ്‌ വിദേശമന്ത്രിയായിരുന്ന സർ ആർതർ ബാൽഫോർഡ്‌ യഹൂദരാഷ്ട്രം പ്രഖ്യാപിച്ചു. ഇതാണ്‌ കുപ്രസിദ്ധമായ ബാൽഫോർഡ്‌ പ്രഖ്യാപനം. ഒന്നാം ലോകമഹായുദ്ധകാലത്ത്‌ പലസ്‌തീൻ അടക്കം ചുറ്റുപാടുമുള്ള എല്ലാ രാജ്യങ്ങളും ബ്രിട്ടന്റെ അധീനതയിലായി. ഈ അധികാരമുപയോഗിച്ച്‌ ലോകത്തിന്റെ നാനാഭാഗത്തുമുള്ള യഹൂദരെ പലസ്‌തീനിലേക്ക്‌ കൊണ്ടുവരാൻ തുടങ്ങി. ഇവർക്ക്‌ പലസ്‌തീൻമേഖല കൈയടക്കാൻ ബ്രിട്ടനും അമേരിക്കയും എല്ലാ സഹായവും ചെയ്‌തുകൊടുത്തു. 1910ൽ 22,000 മാത്രമായിരുന്ന ജൂത ജനസംഖ്യ യഹൂദകുടിയേറ്റം തുടങ്ങി 1922 ആയപ്പോഴേക്കും 82,000 ആയി ഉയർന്നു. ഇതേസമയം, അറബി ജനസംഖ്യ 10 ലക്ഷവും. 1948ലും പലസ്‌തീകാർതന്നെയായിരുന്നു ജനസംഖ്യയിൽ ഭൂരിപക്ഷം.

1948ൽ അന്നത്തെ യുഎൻ രക്ഷാസമിതി ഇസ്രയേൽ സ്ഥാപിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി. ആ പ്രമേയം ഇപ്രകാരം പറയുന്നു: 55 ശതമാനം ഭൂപ്രദേശം ഇസ്രയേലിന്‌, 45 ശതമാനം ഭൂമി പലസ്‌തീന്‌. രണ്ടും സ്വതന്ത്രരാജ്യമാകണം. ജറുസലേം മൂന്നു പ്രധാനപ്പെട്ട മതങ്ങൾക്കും –-മുസ്ലിം, ജൂത, ക്രിസ്‌ത്യൻ–- പുണ്യകേന്ദ്രമായതിനാൽ യുഎൻ ട്രസ്റ്റീഷിപ്പിനു കീഴിൽ ഭരണം നടത്തണം. ഈ തീരുമാനത്തോട്‌ ആരും യോജിച്ചില്ല. അറബികളും അറബി രാജ്യങ്ങളും ഇതിനെതിരെ രംഗത്തുവന്നു.

അമേരിക്ക ഇസ്രയേലിന്‌ എല്ലാ ആയുധവും നൽകി സഹായിച്ചു. പതിനായിരക്കണക്കിന്‌ അറബികൾ ഈ യുദ്ധത്തിൽ കൊലചെയ്യപ്പെട്ടു. യുഎൻ തീരുമാനം ഇസ്രയേൽ അംഗീകരിച്ചില്ല. അറബികൾക്കൊരു രാജ്യം നൽകില്ലെന്നായിരുന്നു നിലപാട്‌. അതിനുശേഷം നിരവധി യുദ്ധം അരങ്ങേറി. അതിൽ പ്രധാനമാണ്‌ 1967ലെ ഇസ്രയേൽ– -ഈജിപ്‌ത്‌ യുദ്ധം. ആ യുദ്ധത്തിൽ പലസ്‌തീന്റെ കൈവശമുണ്ടായിരുന്ന ഭൂമി പിടിച്ചെടുത്ത്‌ സമ്പൂർണ ആധിപത്യം സ്ഥാപിച്ചു. 1991 ൽ യാസർ അറഫാത്തിന്റെ നേതൃത്വത്തിൽ ശക്തിയാർജിച്ചുവന്ന പലസ്‌തീൻ വിമോചന പ്രസ്ഥാനം പലസ്‌തീൻ ജനതയുടെ വലിയ പ്രതീക്ഷയായി ഉയർന്നു. 93 ൽ പലസ്‌തീൻ–- ഇസ്രയേൽ സംഘർഷം പരിഹരിക്കാൻ ഇസ്രയേൽ പിഎൽഒയുമായി ഓസ്‌ലോ ഉടമ്പടി ഒപ്പുവച്ചു. എന്നാൽ, ഇത്‌ അറബികളെ കബളിപ്പിച്ച ഉടമ്പടിയായിരുന്നു. നാമമാത്രമായ അധികാരമാണ്‌ പലസ്‌തീന്‌ ലഭിച്ചത്‌. ഗാസയിൽ താമസിക്കുന്ന ജനവിഭാഗത്തിന്‌ വലിയ എതിർപ്പാണ്‌ ഈ ഉടമ്പടിയോടുണ്ടായിരുന്നത്‌. ഇസ്രയേലിന്റെ ഭാഗത്തുനിന്ന്‌ ക്രൂരമായ ആക്രമണങ്ങളാണ്‌ പിന്നീടും അറഫാത്തിന്‌ നേരിടേണ്ടിവന്നത്‌. ഇന്ത്യയുമായി ഏറ്റവും സൗഹൃദം പുലർത്തിയ നേതാവായിരുന്നു അദ്ദേഹം.

ഗാസയിലും വെസ്റ്റ്‌ ബാങ്കിലുമായി 52 ലക്ഷം പലസ്‌തീൻകാരാണ്‌ അതീവ ദുഷ്‌കരമായ അവസ്ഥയിൽ അധിവസിക്കുന്നത്‌. ബിസി 400 മുതൽ റോമൻ ഭരണത്തിൻകീഴിലായിരുന്നു ഈ ഭൂപ്രദേശം. അതിനുശേഷം ഒട്ടേറെ രാജവംശങ്ങൾ ഭരണം നടത്തി. എഡി 1100ൽ ജറുസലേം പിടിക്കാനുള്ള കുരിശുയുദ്ധപ്പോരാളികളുടെ പടയോട്ടത്തിൽ മുസ്ലിങ്ങളും യഹൂദന്മാരും തോളോടുതോൾ ചേർന്നുനിന്നാണ്‌ കുരിശുയുദ്ധപ്പടയാളികളെ ഒന്നിച്ചെതിർത്തത്‌. എഡി 650 മുതൽ 1948 വരെയുള്ള കാലത്ത്‌ യഹൂദന്മാർ ഈ ഭൂവിഭാഗങ്ങളിൽ ഭരണം നടത്തിയിട്ടേയില്ല. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പലസ്‌തീൻ ജനതയുടെ ചെറുത്തുനിൽപ്പ്‌ ഐതിഹാസികമാണ്‌. അറബികളുടെ മണ്ണ്‌ അവർക്ക്‌ അവകാശപ്പെട്ടതാണ്‌.

കഴിഞ്ഞമൂന്നുവർഷമായി പതിനായിരക്കണക്കിനു പലസ്‌തീൻകാരെ കൊന്നൊടുക്കിയ സാമ്രാജ്യത്വ ചട്ടുകമായ ഇസ്രയേലിന്‌, നീതിക്കുവേണ്ടി നിലവിളിക്കുന്ന പലസ്‌തീന്റെ സ്വാതന്ത്ര്യം ഒടുവിൽ അംഗീകരിക്കേണ്ടിവരും.

കെ ജെ തോമസ്

No comments:

Post a Comment