Thursday, May 27, 2021

നവമാധ്യമങ്ങൾക്ക് കടിഞ്ഞാണിടുമ്പോൾ...

പൊതുജനജീവിതത്തിന്റെ ഭാഗമായി തീർന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ-  ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ് - കേന്ദ്രസർക്കാർ നിരോധിക്കുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത സകലയിടത്തും പരക്കുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നിലവിൽ വന്ന  ഇൻഫർമേഷൻ ടെക്നോളജി റൂൾസ് (Information Technology (Intermediary Guidelines and Digital Media Ethics Code) Rules 2021) പ്രകാരം ഈ ഓൺലൈൻ മാധ്യമങ്ങളുടെ സ്വാതന്ത്രവ്യവഹാരം മെയ് ഇരുപത്തിയഞ്ചോടെ അവസാനിക്കുന്നുവെന്ന വസ്തുതയാണ് ഈ വാർത്തകൾക്ക് പുറകിലുള്ളത്.

പുതിയ ഐടി മാർഗനിർദ്ദേശ രേഖയെ അംഗീകരിക്കാത്തവരും, പബ്ലിഷ് ചെയ്യപ്പെടുന്ന ഉള്ളടക്കത്തെ നിരീക്ഷിക്കാൻ ഈ രേഖ അനുശാസിക്കുന്ന രീതികളെ പിന്തുടരാത്തവരുമായ എല്ലാ പ്ലാറ്റുഫോമുകൾക്കും അതോടെ ഇന്റർമീഡിയറി (Intermediary) സ്റ്റാറ്റസ് നഷ്ടപ്പെട്ടേക്കാം.  പബ്ലിഷ് ചെയ്യപ്പെടുന്ന കാര്യങ്ങൾക്ക് മുകളിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിനും തുല്യ ഉത്തരവാദിത്തം വരുന്നതോടെ, നിയമ നടപടികളിലൂടെയും രാഷ്ട്രീയാധികാരവുമുപയോഗിച്ചുള്ള അടിച്ചമർത്തലുകൾ എളുപ്പമാവും. ഭരണകൂടത്തിന്റെ യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതിരുന്ന ഒരു മേഖലയായ ഓൺലൈൻ മാധ്യമങ്ങളിൽ നിന്നും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൂടെയും തങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങളെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ നടത്തുന്ന കുൽസിത നീക്കങ്ങളുടെ ഭാഗമാണിതെന്ന് വളരെ വ്യക്തമാണ്.

പുതിയ മാർഗനിർദ്ദേശ രേഖ പ്രകാരം സോഷ്യൽ മീഡിയ  പ്ലാറ്റ്‌ഫോമുകൾ ഉള്ളടക്ക നിരീക്ഷണത്തിനായി കംപ്ലയന്‍സ്‌ ഓഫീസർ (Compliance Officer) മാരെ നിയമിക്കണം. നിരീക്ഷണത്തിനു പുറമെ, നിയമം  ലംഘിക്കുന്നുവെന്ന്  തോന്നുന്ന കാര്യങ്ങളെ നീക്കം  ചെയ്യാനും ഈ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. പബ്ലിഷ് ചെയ്യുന്നതിന് മുന്നെ തന്നെ ഈ നടപടികളെല്ലാം പാലിക്കപ്പെടണമെന്നാണ് വ്യവസ്ഥ. അത്തരത്തിൽ ഒരു പ്രീ സെൻസർഷിപ്പ് കൊണ്ടുവരാനാണ് ഈ സർക്കാർ നീക്കം. ഇൻഫോർമേഷൻ ടെക്നോളജി ആക്ട്  (Information Technology Act, 2000) നു കീഴിൽ വരുന്ന നിർദ്ദേശ രേഖകളായതിനാൽ,   പാർലമെന്റിൽ അവതരിപ്പിക്കാനോ ചർച്ചകളിലൂടെ നയം രൂപീകരിക്കാനോ നിൽക്കാതെയാണ് ബിജെപി സർക്കാർ ഈ നയം പാസാക്കിയത്.

ഇതേ നയത്തിൽ നിലവിലെ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ പിന്തുടരേണ്ട പരാതി പരിഹാര നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ത്രിതല പരാതി ദുരീകരണ സംവിധാനമാണ് ( Three Tier Complaint Redressal Mechanism) ഇതുവഴി ആസൂത്രണം ചെയ്യുന്നത്. ആദ്യതലത്തിൽ അതാത് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം (ഉദാഹരണത്തിന് Netflix) തന്നെ ഉള്ളടക്കത്തെ സംബന്ധിച്ച പരാതികൾ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യണം. പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കപ്പെട്ടില്ലെങ്കിൽ അടുത്ത തലത്തിലേക്ക് നീങ്ങും. വിവിധ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ ഒരുമിച്ച്  രൂപീകരിച്ച ഒരു സ്വയംനിയന്ത്രണ ബോർഡ് ആയിരിക്കും ഈ ഘട്ടത്തിൽ തീരുമാനങ്ങളെടുക്കുക. ഇവരുടെ പ്രതിനിധികളോടൊപ്പം ഒരു റിട്ടയേർഡ് ജഡ്‌ജി (സുപ്രീം കോടതി), ഹൈക്കോടതി ജഡ്ജി, അല്ലെങ്കിൽ സാംസ്‌കാരിക, സാമൂഹിക പ്രവർത്തന പരിചയമുള്ള ഒരു വ്യക്തി എന്നിവരടങ്ങുന്നതായിരിക്കും ഈ ബോർഡ്. ഉള്ളടക്ക നിയന്ത്രണം മാത്രമല്ല, അതിന്റെ നിരോധനമടക്കം ഇവരുടെ അധികാരപരിധിയിൽ വരും. ഏറ്റവുമുയർന്ന  മൂന്നാം തലത്തിൽ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന ഒരു ‘നിരീക്ഷണ സമിതി’ (Oversight Mechanism) ആയിരിക്കും ഇവിടെ തീരുമാനങ്ങളെടുക്കുക. രണ്ടാം തലത്തിലെ ബോർഡിന്റെ എല്ലാ അധികാരങ്ങളും ഈ സമിതിക്കുമുണ്ടാവും. ഇതിനെല്ലാം പുറമെ കേന്ദ്രസർക്കാരിന് അടിയന്തിര സന്ദർഭങ്ങളിൽ (Emergency) നേരിട്ടപെടാനുള്ള അധികാരവുമുണ്ട്.  വാർത്താ വിതരണ മന്ത്രാലയത്തിലെ (Information and Broadcasting Ministry) വകുപ്പ് സെക്രട്ടറിക്ക് നേരിട്ട് ഓൺലൈൻ ഉള്ളടക്കത്തെ ബ്ലോക്ക് ചെയ്യാനുള്ള അധികാരമാണ് ഇതുവഴി ലഭിക്കുക.

ഓൺലൈൻ നിയന്ത്രണങ്ങൾ: സമീപകാല പശ്ചാത്തലം

ഓൺലൈൻ മാധ്യമങ്ങൾ ഇതുവരെ ഒരു വ്യക്തമായ നിയമത്തിന്റെ ചട്ടക്കൂടുകൾക്കകത്ത് നിന്നായിരുന്നില്ല പ്രവർത്തിച്ചിരുന്നത്. ഇൻഫോർമേഷൻ ടെക്നോളജി ആക്ട്, 2000  അനുശാസിക്കുന്ന വിവിധ മാർഗനിർദ്ദേശങ്ങളായിരുന്നു കഴിഞ്ഞ വർഷം വരെ  പ്രവർത്തന മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. കഴിഞ്ഞ കൊല്ലം  പ്രസിഡന്റ്  രാംനാഥ്  കോവിന്ദ് ഇറക്കിയ ഒരു ഗസറ്റ്  പ്രകാരം ഓൺലൈൻ  മാധ്യമങ്ങളെയും സ്ട്രീമിംഗ്  പ്ലാറ്റ്‌ഫോമുകളെയും  വാർത്താ വിതരണ മന്ത്രാലയത്തിന്റെ  കീഴിൽ സർക്കാർ കൊണ്ടുവന്നു. കോവിഡ് മഹാമാരിക്കിടെ  ധൃതി പിടിച്ചെടുത്ത  ഈ തീരുമാനം ഇപ്പോൾ കാണുന്ന പല നീക്കങ്ങൾക്കുമുള്ള  തുടക്കമായിരുന്നിരിക്കണം.  

ഓൺലൈൻ  സ്ട്രീമിംഗ്  പ്ലാറ്റ്‌ഫോമുകൾക്കെതിരെ വ്യാപകമായുണ്ടായ പ്രതിഷേധങ്ങളും വിവിധ നിയമ യുദ്ധങ്ങളുമാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരാൻ കാരണമെന്നാണ് ബിജെപി സർക്കാരിന്റെ പക്ഷം. സേക്രഡ്‌ ഗെയിംസ് (Sacred Games, 2018), മിർസാപൂർ (Mirzapur, 2018, 2021), താണ്ഡവ് ( Tandav, 2021) പോലുള്ള ഓൺലൈൻ സീരീസുകൾ സംഭവ ബഹുലമായ നിയമ യുദ്ധങ്ങൾക്ക് പാത്രമായിരുന്നു.

മുൻ പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിച്ചുവെന്ന പേരിൽ സേക്രഡ് ഗെയിംസിനെതിരെ ഉണ്ടായ നിയമനടപടികൾ ഒരു കൊല്ലത്തോളമുണ്ടായി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ സെൻസർ ചെയ്യാൻ നിയമം വേണമെന്ന പരാതിക്കാരന്റെ ആവശ്യത്തെ അവസാനം ഡൽഹി ഹൈക്കോടതി തള്ളുകയായിരുന്നു. ഉത്തർപ്രദേശിലെ മിർസാപൂർ നഗരത്തെ രാഷ്ട്രീയാഴിമതിയുടെയും ഗുണ്ടാരാജിന്റെയും കേന്ദ്രമെന്ന രീതിയിൽ മോശമാക്കി ചിത്രീകരിച്ചുവെന്നാണ് അതേ പേരിലുള്ള സീരീസ് നേരിട്ട ആരോപണം. പരിപാടി പ്രൊഡ്യൂസ് ചെയ്ത ആമസോൺ പ്രൈം (Amazon Prime) നും മറ്റ് നിർമാതാക്കൾക്കുമെതിരെ യുപി പോലീസ് എഫ്‌ഐആർ വരെ ഫയൽ ചെയ്തു. ഇതിലെ നിയമനടപടികൾ സുപ്രീം കോടതി നേരിട്ട് നിരീക്ഷിക്കുകയാണിപ്പോൾ.

താണ്ഡവ് ആകട്ടെ ഹിന്ദുമത വിശ്വാസത്തെ ഹനിക്കുംവിധം കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും ചിത്രീകരിച്ചുവെന്ന പേരിൽ ഇപ്പോഴും കോടതിയിൽ കേസ് നേരിടുന്നു. പ്രൊഡ്യൂസർ ആമസോൺ പ്രൈമിന്റെ ചീഫ് അപർണ പുരോഹിതിനു വരെ എഫ്‌ഐആർ  കിട്ടി. അവസാനം ഈ മാർച്ചിൽ  കേസിന്റെ വിചാരണക്കിടെ സുപ്രീം കോടതി പറഞ്ഞത് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉള്ളടക്ക നിരീക്ഷണത്തിന് പറ്റിയ രീതിയിൽ സമഗ്രമല്ല എന്നാണ്.

സെൻസർഷിപ്പെന്ന  ഭരണകൂട യുക്തിയുടെ ചരിത്ര പരിണാമം

ഇന്ത്യയിലെ മറ്റേത് മാധ്യമവും ഭരണകൂടത്തിന്റെ വ്യവസ്ഥാപിത  ഉള്ളടക്ക നിരീക്ഷണത്തിന് വിധേയമാവുന്നുണ്ട്. ന്യൂസ്‌പേപ്പർ രംഗത്ത് പ്രസ് കൗൺസിൽ  (Press Council of India, 1966) അനുശാസിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും പ്രസ്  ആൻഡ്  റെജിസ്ട്രേഷൻ ഓഫ് ബുക്ക്സ് ആക്ടുമാണ്  (Press and Registration of Books Act, 1867) നിലവിലുള്ളത്. ദൃശ്യ മാധ്യമ രംഗത്താകട്ടെ  കേബിൾ ടെലിവിഷൻ നെറ്വർക്സ്  ആക്ടും  (Cable Television Networks (Regulation) Act, 1995 with Cable Television Network Rules, 1994) ന്യൂസ് ചാനലുകൾക്ക് വേണ്ടി രൂപീകരിച്ച ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷനു  (News Broadcasters Association (NBA), 2007) മുണ്ട്. സിനിമക്കാകട്ടേ  പൊതുപ്രദർശനത്തിന് മുന്നോടിയായി  സെൻസർ  ബോർഡിന്റെ  (Central Board of Film Certification) ശക്തമായ സർട്ടിഫിക്കേഷന് വിധേയമാകണം.  പ്രസാർ ഭാരതി ഏജൻസി (Prasar Bharati, 1997) ക്ക് കീഴിലുള്ള ദൂരദർശൻ, ആകാശവാണി പോലുള്ള പൊതു ബ്രോഡ്കാസ്റ്റിംഗ് മാധ്യമങ്ങൾക്ക് അതിന്റെതായ ഉള്ളടക്ക നിയന്ത്രണങ്ങളും നിലവിലുണ്ട്.

വളരെ കർശനമായ രീതിയിൽ സെൻസറിങ്ങിന് വിധേയമാവുന്നുണ്ട് ഈ മാധ്യമങ്ങൾ. ഭരണകൂട താല്പര്യങ്ങൾക്കനുസരിച്ചു നില്ക്കാൻ ഇവ നിർബന്ധിതമായ  ചരിത്ര മുഹൂർത്തങ്ങൾ  ഏറെയാണ്. ബ്രിട്ടീഷ് ഭരണകാലത്തുനിന്നേ തുടങ്ങുന്നു ഇതിനുള്ള ഉദാഹരണങ്ങൾ. ഇന്ത്യയിലെ ആദ്യപത്രമായ ‘ബംഗാൾ ഗസറ്റ്’ (Hicky’s Bengal Gazette, 1780) കണ്ടുകെട്ടിയതോർക്കാം. സിനിമ ഒരു ഭീഷണിയാവുമെന്ന് മനസ്സിലാക്കി 1918 ഇൽ തന്നെ സെൻസർഷിപ്പ് കൊണ്ടുവന്നു (Cinematograph Act, 1918). ഈ നിയമപ്രകാരം പ്രാദേശിക സെൻസർ ബോർഡുകൾക്ക് പുറമെ പൊലീസ് ഉദ്യോഗസ്ഥരുടെ കൂടെ അനുമതി കിട്ടിയാലേ സിനിമാ പ്രദർശനം അനുവദിക്കുമായിരുന്നുള്ളു. ദേശീയ സമരനേതാവ് ഗാന്ധിയെ പോലൊരു കഥാപാത്രമുണ്ടായിരുന്നതിനാലാണ് ഇന്ത്യയിൽ ആദ്യമായി സിനിമ -‘ഭക്തവിദുർ’ (Bhakta Vidur, 1921)- നിരോധിക്കുന്നത്. ഇതേ കാരണം പറഞ്ഞാണ് ‘ത്യാഗഭൂമി (Thyagabhoomi, 1939) യും  നിരോധിക്കുന്നത്. സ്വാതന്ത്ര്യസമരം മൂർഛിക്കുന്ന 1940 കളിൽ  ഇത്തരത്തിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാവുകയായിരുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടം അധികാര,രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തി സെൻസർ ബോർഡടക്കമുള്ള നിയന്ത്രണ  സംവിധാനങ്ങൾ നിലനിർത്തി. ഭരണകൂടത്തിന്റെ ബൂർഷ്വ, ഭൂപ്രഭു വർഗ്ഗസ്വഭാവവും ഒരു കാരണമാണ്. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയുടെ  സർക്കാരിന്റെ തിട്ടൂരങ്ങൾക്കനുസരിച്ച്  ഉള്ളടക്കം തിരുത്തുകയും അല്ലാത്തപക്ഷം നിരോധനം നേരിടുകയും  ചെയ്ത ധാരാളം മാധ്യമങ്ങളുടെ  കാര്യം നമുക്കറിയാം. ബാബ്‌റി മസ്ജിദ് 1992 ഇൽ  ഹിന്ദു കർസേവകർ തകർക്കുന്നത് മുതൽ 2016 ൽ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിന്റെ റിപ്പബ്ലിക്ക് ദിന പ്രഭാഷണം  വരെ ദൂരദർശൻ എയർ ചെയ്യാഞ്ഞതുമൊക്കെ ഈ ചരിത്രത്തിന്റെ ഭാഗമാണ്. ‘ആന്ധി’ (Aandhi, 1975), ‘കിസാ കുർസി കാ’ (Kissa Kursi Ka, 1977) മുതൽ ‘ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ’ (2016), ‘ഉദ്‌താ പഞ്ചാബ്’ (Udta Punjab, 2016 ) വരെയുള്ള  സിനിമകളും ഈ ഭരണകൂട അടിച്ചമർത്തലിന്റെ ഇരകളാണ്.

ആവിഷ്ക്കാര നിയന്ത്രണത്തെക്കുറിച്ചുള്ള അക്കാദമിക് അന്വേഷണങ്ങൾ

സെൻസർഷിപ്പിനെ പറ്റി കൗതുകകരമായ പഠനങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് നരവംശശാസ്ത്രജ്ഞനായ വില്യം മാസറെല്ല (William Mazzarella). ഇദ്ദേഹം പറയുന്നത് ആധുനികസമൂഹങ്ങളിൽ സ്‌പെക്ടക്കിളുകൾക്ക് (Sepctacle) വലിയ പ്രാധാന്യമുണ്ടെന്നാണ്. സ്‌പെക്ടക്കിൾ എന്നാൽ കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങൾ. ബഹുജന മാധ്യമങ്ങൾ- പത്രം, റേഡിയോ, ടിവി, സിനിമ-  ആശയനിർമ്മാണ, പ്രചാരണങ്ങൾ നടത്തുന്ന ആധുനിക പൊതുമണ്ഡലത്തിൽ (Public Sphere) ഉണ്ടാവുന്നൊരു സവിശേഷ വൈയക്തിക ഭാവമുണ്ട്. മാധ്യമങ്ങളുടെ വിവരങ്ങളെത്തുന്ന അനേകം പേരിലൊരാളാണ് താനും എന്നതാണ്  ആ മനോനില. അത്തരം വിവരങ്ങളുടെ വ്യാഖ്യാനം തന്റെ മാത്രം സ്വാതന്ത്ര്യമാണെന്ന ഫെയ്ക്ക് അഭിമാനവും അതിലുണ്ട്. ഒരുകാലത്ത് വിവിധ അധികാരരൂപങ്ങൾ നിയന്ത്രിച്ചിരുന്ന ഈ വിജ്ഞാന വ്യാഖ്യാനം ഇന്ന് താനടങ്ങുന്ന ബഹുജനത്തിന്റെ കയ്യിലാണെന്ന ബോധമാണത്. മാസറെല്ല ഇതിനെ ‘Open Edges of Mass Publicity’ എന്നാണ് വിളിക്കുന്നത്.

വിജ്ഞാനമണ്ഡലങ്ങളിൽ സവിശേഷാധികാരം ലഭിച്ചുവെന്ന് കരുതുന്ന ബഹുജനം, ഇതുവെച്ച് നിലവിലുള്ള അധികാരഘടനയെ തകിടം മറിക്കാൻ ശ്രമിച്ചേക്കാം. ഈ ഭയമുള്ളത് കൊണ്ടാണ് സർഗാവിഷ്കാരങ്ങളെ നിയന്ത്രിക്കാൻ ഭരണകൂടം വിവിധ സെൻസറിങ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നാണ് മാസറെല്ലയുടെ പക്ഷം. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലത്തുണ്ടായ പല നിയമങ്ങളും ബോർഡുകളും ഇത് സൂചിപ്പിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടം സെൻസർ ബോർഡടക്കമുള്ള സംവിധാനങ്ങൾ നിലനിർത്തിയതും ഇതേ പേടി കൊണ്ടായിരിക്കണം.

എൺപതുകളിലേക്ക് വരാം. അടിയന്തിരാവസ്ഥക്ക് ശേഷം ജനങ്ങൾക്കിടയിൽ ഭരണകൂടത്തോടും ഭരണപാർട്ടിയായ കോൺഗ്രസിനോടും ഒരു അവിശ്വാസ്യത രൂപപ്പെടുന്നുണ്ട്. അതുകൊണ്ട്, നഷ്ടപ്പെട്ടു പോയ വിശ്വാസം വീണ്ടെടുക്കാൻ പൊതുജനത്തിന്റെ മത, ജാതി വിശ്വാസങ്ങളെയും പ്രാദേശിക വികാരങ്ങളെയും ആളിക്കത്തിക്കുന്ന പ്രചാരണരീതി കോൺഗ്രസ് ശക്തമാക്കി. പക്ഷേ, ഇതുകൊണ്ട് ഉപകാരമുണ്ടായത് രാഷ്ട്രീയ രംഗത്ത്  സജീവമായി വന്നു തുടങ്ങിയിരുന്ന  മത വർഗീയ പാർട്ടികൾക്കാണ്.

രാജീവ് ഗാന്ധി തുടക്കമിട്ട പുതിയൊരു സാമ്പത്തികനയത്തിന്റെ ഭാഗമായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥക്കകത്തെ ഇറക്കുമതി നിയന്ത്രണങ്ങൾ കുറച്ചുകൊണ്ടുവന്നു. വിപണി കേന്ദ്രിതമായൊരു ഉപഭോഗസംസ്കാരം വളർന്നുവരികയും വ്യക്തിയടിസ്ഥാനത്തിൽ മത്സരങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തതോടെ ജനങ്ങൾ വെട്ടിലായി. ഈയൊരു അങ്കലാപ്പിനെ മുതലെടുത്ത് ബിജെപി പോലുള്ള വർഗീയ രാഷ്ട്രീയ കക്ഷികൾ പല വിധത്തിലുള്ള രാഷ്ട്രീയ പ്രചാരണങ്ങളാരംഭിച്ചു. ഷാ ബാനോ വിധിക്ക് ശേഷം ബാബ്‌റി മസ്ജിദ് ഹൈന്ദവാരാധനക്ക് തുറന്നുകൊടുത്തത് മുതലുയർന്നുവന്ന രാമജന്മഭൂമി പ്രസ്ഥാനം ഈ സമയത്തെ വലിയൊരു സ്‌പെക്ടക്കിളാണ്. ദൂരദർശൻ, രാമായണം പോലുള്ള സീരിയലുകൾ പ്രദർശിപ്പിച്ച് പൊതുജനാക്രോശങ്ങളെ ആളിക്കത്തിച്ചു. ടിവിയെ വർഗീയ പ്രചാരണങ്ങൾക്ക് വേണ്ടി മറയില്ലാതെ ഉപയോഗിച്ച ആദ്യ മുഹൂർത്തങ്ങളിലൊന്നാണിത്. അതേ സമയത്തുണ്ടായ മണ്ഡൽ കമ്മീഷൻ സംവരണവിരുദ്ധ സമരവും ഓർക്കാം.

ഇന്ത്യൻ രാഷ്ട്രീയ ഭാവുകത്വം മാറ്റിയ തൊണ്ണൂറുകൾ

ഇന്ത്യയുടെ വിപണി വിദേശനിക്ഷേപങ്ങൾക്കും കോർപ്പറേറ്റ് മൂലധനത്തിന്റെ സ്ഥായിയായ സഞ്ചാരത്തിനുമായി തുറന്നുകൊടുക്കാൻ 1991 ൽ തീരുമാനിച്ചു. പൊതുജനസേവനങ്ങളിൽ നിന്നും സർക്കാർ പിൻവലിയുന്നുവെന്ന ആശങ്ക വ്യാപകമായി. ഇതോടൊപ്പം തന്നെ സ്വകാര്യ ടെലിവിഷൻ മാധ്യമങ്ങളുടെ പെരുപ്പം മൂലം നവീനവും ഞെട്ടലുളവാക്കുന്നതുമായ ഒരുപാട് ദൃശ്യരൂപങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കാമനകളെ അയഞ്ഞ സദാചാരരൂപത്തിൽ കാണിക്കുന്ന സിനിമകൾ, ടിവി പരിപാടികൾ, മറ്റ് ഫാഷൻ ഷോകളെല്ലാം ആ ഗണത്തിൽ പെട്ടതായിരുന്നു. സങ്കുചിതമായ സംസ്കാരദേശീയതയെ (Cultural Nationalism) ഉയർത്തിപ്പിടിച്ച് ഹിന്ദുത്വ പ്രസ്ഥാനങ്ങൾ ധാരാളം പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. നേരത്തെ പറഞ്ഞ പൊതുജനാശങ്കകളും ഇതിനുപിന്നിലുണ്ട്. ബാബ്‌റി മസ്ജിദ് തകർത്തത് (1992, ബോംബെ കലാപം (1993) ഒക്കെ ഇതിന്റെ ഭാഗമാണ്.

മനുഷ്യശരീരത്തെ വലിയ മറയില്ലാതെ കാണിച്ചതും പൊള്ളുന്ന വിഷയങ്ങളെ ആധാരമാക്കിയതുമായ സിനിമകൾക്കെതിരെയും  വ്യാപകമായ പ്രതിഷേധങ്ങളുയർന്നു. ബോംബെ (1995), ഫയർ (1998) പോലുള്ള ചിത്രങ്ങൾക്കെതിരെയുണ്ടായ അക്രമങ്ങൾ ഒരു സാംസ്‌കാരിക യുദ്ധത്തിന്റെ ഭാഗമായിട്ടാണ് ചിത്രീകരിക്കപ്പെട്ടത് (Cultural Wars Ratna Kapur) ഇന്ത്യൻ സംസ്കാരമെന്നത് പവിത്രമായ ഹിന്ദു കുടുംബത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു, വിദേശസംസ്കാരത്തിന്റെ നുഴഞ്ഞുകയറ്റമാണ് ടിവിയിലൂടെയും മറ്റും നടക്കുന്നതെന്ന വാദം ശക്തമാവാൻ തുടങ്ങി.

തൊണ്ണൂറുകളിലുണ്ടായ ഈ സെൻസർ തരംഗത്തെ (Censor Wave, Nandana Bose) വില്യം മാസറെല്ല അടയാളപ്പെടുത്തുന്നത് വിശാലമായൊരു ‘സാംസ്‌കാരിക നിയന്ത്രണസംവിധാന’ (Cultural Regulation) ത്തിന്റെ ഉത്ഭവമായിട്ടാണ്. ഇത്തരമൊരു വിശാലവും വികേന്ദ്രിത, സർക്കാരിതരവുമായ സംവിധാനം സ്വകാര്യ ടെലിവിഷന്റെ വ്യാപനത്തോടെയാണ് വിപുലമാവുന്നത്. സ്വകാര്യ മാധ്യമങ്ങൾ  സകലതും നിയന്ത്രിക്കുന്ന ഒരു പൊതുമണ്ഡലത്തിൽ പബ്ലിസിറ്റിയാണ് വലുത്. പ്രതിഷേധ പരിപാടികൾ വ്യാപകമായി സംഘടിപ്പിച്ച് മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയായിരുന്നു 90 കളിൽ വർഗീയകക്ഷികൾ ശ്രമിച്ചുകൊണ്ടിരുന്നത്. ഇന്ത്യയൊട്ടുക്ക് നടന്ന ഇത്തരം പരിപാടികൾക്ക് കിട്ടിയ ദൃശ്യമാധ്യമശ്രദ്ധ ലാഭകരമായ രീതിയിൽ ഹിന്ദുത്വവാദികളുടെ രാഷ്ട്രീയം പ്രചരിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.

ഇനിയെന്ത്?

സെൻസർഷിപ്പിനെയും മറ്റ് ഉള്ളടക്ക നിയന്ത്രണത്തിനെയും പിന്തുണക്കാൻ 1990 കൾ മുതൽ, മുമ്പുപറഞ്ഞ ‘സാംസ്‌കാരിക നിയന്ത്രണ സംവിധാന’മാണുപയോഗിക്കുന്നതെന്ന് കാണാം. അതിന്റെ യുക്തികൾ വഴിയുണ്ടായ പ്രതിഷേധങ്ങൾ ഒടുവിലായി 2018 ഇൽ സഞ്ജയ് ലീല ബൻസാലിയുടെ ‘പദ്മാവത് ‘ (Padmavat) ലെത്തി നിൽക്കുന്നു. ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കാൻ കൊണ്ടുവന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങളും ഇതേ സംവിധാനത്തിന്റെ ഭാഗം തന്നെയാണ്. അതിന്റെ യുക്തിയും, ഉപയോഗിക്കുന്ന ഭരണസംവിധാനങ്ങളുമൊക്കെ ബ്രിട്ടീഷ് ഭരണകാലം മുതൽക്കുള്ളതാണ്. പക്ഷേ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 1990 കൾക്ക് ശേഷമുണ്ടായ ഗണ്യമായ നിയോലിബറൽ പരിഷ്‌കാരങ്ങളും ഹിന്ദുത്വ ശക്തികളുടെ വളർച്ചയും സാഹചര്യങ്ങൾ കൂടുതൽ സങ്കീര്ണമാക്കിയിയിട്ടുണ്ട്.

വിമർശനാത്മകമായ ധാരാളം കാര്യങ്ങൾ ചർച്ച ചെയ്യാനും പ്രചരിപ്പിക്കാനും നിലവിൽ നല്ല സാധ്യതകളുണ്ടായിരുന്ന ഓൺലൈൻ മേഖലയെ കേന്ദ്രസർക്കാർ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരികയാണ്. ഉള്ളടക്കത്തെ പ്രീസെൻസർ വരെ ചെയ്യുമെന്നാണ് പുതിയ നിയമരേഖകളിൽ പറയുന്നത്. ഇത്തരമൊരു നീക്കം വഴി പൊതുമണ്ഡലത്തിൽ തങ്ങളുടെ അധികാരം അരക്കിട്ടുറപ്പിക്കാനും വിമർശന ശബ്ദങ്ങളെ മുളയിലേ നുള്ളാനുമുള്ള ശ്രമമാണിത്. അതിനുപയോഗിച്ചതാവട്ടെ നൂറ്റാണ്ടുകളായി നിലവിലുള്ള രാഷ്ട്രീയവും സാംസ്കാരികവുമായ നിരീക്ഷണ, നിയന്ത്രണ സംവിധാനങ്ങളുടെ പല തുടർച്ചകളെയുമാണ്. പുരോഗമന രാഷ്ട്രീയം മനസ്സിലേറ്റുന്ന, ജനാധിപത്യ സംസ്കാരത്തെ ഉള്ളിലേറ്റിയ ഏവരും ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണം, പ്രതിഷേധിക്കണം.

അമൽദാസ്‌ സി 

(ലേഖകൻ ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യുന്നു)

No comments:

Post a Comment