Tuesday, May 18, 2021

സംഘാടനമികവിന്റെ തിളക്കം; സഭയില്‍ രണ്ടാംവട്ടം

 കോട്ടയം > കർമോത്സുകമായ സംഘാടനമികവുകൊണ്ട്‌ കോട്ടയം ജില്ലയിൽ സിപിഐ എമ്മിനെ നയിക്കുകയും  അശരണർക്ക്‌ കൈത്താങ്ങാകുകയും ചെയ്‌ത  വി എൻ വാസവന്‌ ഇനി പുതിയ നിയോഗം. പിണറായി മന്ത്രിസഭയിൽ കന്നിക്കാരനായ അദ്ദേഹം  ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്ന്‌ 14,303 വോട്ടുകൾക്ക്‌ വിജയിച്ചു. 2006–-11ൽ കോട്ടയം എംഎൽഎയായിരുന്ന അദ്ദേഹം നിയമസഭയിൽ എത്തുന്നത്‌ രണ്ടാം വട്ടം.  

ആറുവർഷമായി സിപിഐ എം കോട്ടയം ജില്ലാസെക്രട്ടറിയായിരുന്നു വി എൻ വാസവൻ. പാർടി സംസ്ഥാനകമ്മിറ്റിയംഗമായും പ്രവർത്തിക്കുന്നു.  അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ ഉപദേശകസമിതി ചെയർമാനായ അദ്ദേഹം ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയൻ.   

1954ൽ ജനിച്ച വാസവൻ   ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ  പൊതുരംഗത്തേക്ക്‌.  1974ൽ സിപിഐ എം അംഗമായി. 1991 ൽ പാർടി ജില്ലാ കമ്മിറ്റിയിലും 97ൽ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം, സിഐടിയു ജില്ലാപ്രസിഡന്റ്‌, സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ സിഐടിയു അഖിലേന്ത്യാജനറൽ കൗൺസിൽ അംഗവും സംസ്ഥാനകമ്മിറ്റിയംഗവുമാണ്‌. കേരള പ്രൈവറ്റ്‌ ഹോസ്‌പിറ്റൽ എംപ്ലോയീസ്‌ ഫെഡറേഷൻ പ്രഥ സംസ്ഥാന ജനറൽ സെക്രട്ടറി, ഇന്ത്യൻ കോഫീഹൗസ്‌ എംപ്ലോയീസ്‌ യൂണിയൻ സ്ഥാപക പ്രസിഡന്റ്‌, കേരള സാറ്റ്‌കോം വർക്കേഴ്‌സ്‌ ആൻഡ്‌ അസോസിയേറ്റ്‌സ്‌ സ്ഥാപക സംസ്ഥാന പ്രസിഡന്റ്‌ അടക്കം നിരവധി ട്രേഡ്‌ യൂണിയനുകളുടെ ഭാരവാഹിയാണ്‌. കാലടി സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റംഗമായും പ്രവർത്തിച്ചു.

റബ്‌കോ സ്ഥാപക ഡയറക്ടർ, ചെയർമാൻ, കോട്ടയം ജില്ലാസഹകരണബാങ്ക്‌ പ്രസിഡന്റ്‌, സംസ്ഥാന സഹകരണബാങ്ക്‌ ഡയറക്ടർ, പാമ്പാടി ഹൗസിങ്‌ സൊസൈറ്റി പ്രസിഡന്റ്‌, പാമ്പാടി സർവീസ്‌ സഹകരണബാങ്ക്‌ ഭരണസമിതിയംഗം, പാമ്പാടി പഞ്ചായത്തംഗം എന്നീ നിലകളിലും വൈവിധ്യമാർന്ന കർമരംഗങ്ങളിലൂടെയാണ്‌ അദ്ദേഹം ശ്രദ്ധേയനായത്‌.  നവലോകം സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ്‌, ടി കെ സ്‌മാരക പഠനകേന്ദ്രം രക്ഷാധികാരി, കോട്ടയം മെഡിക്കൽ കോളേജ്‌ ഹോസ്‌പിറ്റൽ ഡവലപ്പ്‌മെന്റ്‌ സൊസൈറ്റി എക്‌സിക്യൂട്ടീവ്‌ അംഗം എന്നീ പദവികളും വഹിക്കുന്നു.

ഭാര്യ ഗീത (അധ്യാപിക പാമ്പാടി സെന്റ്‌തോമസ്‌ ഹൈസ്‌കൂൾ). മക്കൾ: ഡോ. ഹിമ നന്ദകുമാർ, ഗ്രീഷ്‌മ വാസവൻ (കംപ്യൂട്ടർ എൻജിനീയർ). മരുമകൻ ഡോ. നന്ദകുമാർ (കിംസ്‌ ആശുപത്രി തിരുവനന്തപുരം). കോട്ടയം പാമ്പാടിയിലാണ്‌ താമസം.

No comments:

Post a Comment