Tuesday, May 25, 2021

നീലക്കടലിൽ 
അശാന്തി ; ലക്ഷദ്വീപ്‌ 
നോട്ടമിട്ട്‌ 
മോഡി

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കത്തിന്റെ ഭാഗമായി  തിങ്കളാഴ്‌ച ഓൺലൈൻ മാധ്യമങ്ങൾക്കും വാർത്താ പോർട്ടലുകൾക്കും നിരോധനമേർപ്പെടുത്തി.  ‘ദ്വീപ്‌ ഡയറി’ എന്ന ചാനലിനാണ്‌ നിരോധനമെങ്കിലും  മറ്റുള്ളവയ്‌ക്കും ഇത്‌ ബാധകമാക്കും. സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനുള്ള ഹീനശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്‌.

മീൻപിടിച്ച്‌ ഉപജീവനം നടത്തിയിരുന്ന ലക്ഷദ്വീപിലെ ബോട്ടുകളും മീൻപിടിത്ത ഉപകരണങ്ങളും സാമഗ്രികളും സൂക്ഷിച്ചിരുന്ന  ഷെഡുകളും അഡ്‌മിനിസ്‌ട്രേറ്ററുടെ നിർദേശപ്രകാരം പൊളിച്ചുനീക്കി. കഴിഞ്ഞ മാസം അവസാനത്തോടെ ടൂറിസം പരിഷ്‌കാരങ്ങൾ എന്ന മറവിലാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്‌തനായ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ജനദ്രോഹ നടപടികൾക്ക്‌ തുടക്കമിട്ടത്‌.  അഞ്ചുമാസംമുമ്പ്‌ ചുമതലയേറ്റ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിൽ വർഗീയ, കോർപറേറ്റ്‌ താൽപ്പര്യങ്ങളോടെയാണ്‌ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത്‌. ലക്ഷദ്വീപിൽ അശാന്തി വിതച്ച്‌, തനത്‌ ജീവിതരീതികളെയും സംസ്‌കാരത്തെയും അട്ടിമറിക്കാനുള്ള നടപടികൾക്കെതിരെ രാഷ്‌ട്രീയ ഭേദമന്യേ യോജിച്ച പ്രതിഷേധമാണുയരുന്നത്‌. 

ലക്ഷദ്വീപ്‌ സ്‌റ്റുഡന്റ്‌സ്‌ അസോസിയേഷന്റെ (എൽഎസ്‌എ) നേതൃത്വത്തിൽ ‘വിദ്യാർഥി വിപ്ലവം  വീട്ടുപടിക്കൽ’ എന്ന പേരിൽ ദ്വീപുനിവാസികളെയാകെ അണിനിരത്തിയുള്ള പ്രക്ഷോഭം നാലുദിവസം പിന്നിട്ടു. തദ്ദേശീയ ക്ഷീരവ്യവസായത്തെ തകർക്കുന്ന നീക്കങ്ങൾക്കെതിരെ അമൂൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും ജനങ്ങളേറ്റെടുത്തു. സിനിമാതാരം പൃഥ്വിരാജ്‌ മുതൽ സംവിധായകൻ സലാം ബാപ്പുവരെ നിരവധിപേരാണ്‌ ദ്വീപിന്‌ പിന്തുണ പ്രഖ്യാപിച്ചത്‌.  അഡ്‌മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം രാജ്യസഭാകക്ഷി നേതാവ്‌ എളമരം കരീം രാഷ്‌ട്രപതിക്ക്‌ കത്ത്‌ നൽകി.

കുറ്റകൃത്യങ്ങൾ കാര്യമായി റിപ്പോർട്ട്‌ ചെയ്യപ്പെടാത്ത ലക്ഷദ്വീപിൽ ജനദ്രോഹകരമായ ഗുണ്ടാനിയമം നടപ്പാക്കിയാണ്‌ പ്രഫുൽ പട്ടേൽ കഴിഞ്ഞ ഡിസംബറിൽ അഡ്‌മിനിസ്‌ട്രേറ്റർ ഭരണമാരംഭിച്ചത്‌. മത്സ്യത്തൊഴിലാളികൾ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകൾ   പൊളിച്ചുനീക്കി. സർക്കാർ ഓഫീസുകളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ടൂറിസംവകുപ്പിൽനിന്നുമാത്രം പുറത്തായത്‌ 190 പേരാണ്‌.  ദ്വീപുഭരണവിഭാഗത്തിലെ തദ്ദേശവാസികളായ വകുപ്പുതലവന്മാരെ ഒറ്റയടിക്ക്‌ നീക്കി. സ്‌കൂളുകളിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. 38 അങ്കണവാടികൾ അടച്ചുപൂട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവർക്ക് രണ്ടിൽകൂടുതൽ കുട്ടികൾ പാടില്ലെന്ന വിചിത്ര ഉത്തരവുമിറക്കി.  

മദ്യനിരോധം നീക്കിയതാണ്‌ മറ്റൊരു നടപടി.  ബീഫ്‌ നിരോധിച്ചു.  ഭൂമിശാസ്‌ത്രപരമായ പ്രത്യേകത കണക്കിലെടുക്കാതെ ഹൈവേ നിർമിക്കാനും നിർബന്ധപൂർവം കിടപ്പാടങ്ങൾ ഒഴിപ്പിച്ച്‌ സ്ഥലമേറ്റെടുക്കാനും നീക്കം നടക്കുന്നു.  ചരക്കുഗതാഗതത്തിന്‌ കൊച്ചി തുറമുഖത്തെ ഒഴിവാക്കി മംഗളൂരുവിനെ ആശ്രയിക്കാനും നിർദേശിച്ചു.  പ്രാദേശിക വാർത്താപോർട്ടലുകളെയും നിരോധിച്ചിട്ടുണ്ട്‌.

99 ശതമാനം മുസ്ലിങ്ങളുള്ള ദ്വീപിനെ വർഗീയ ലക്ഷ്യത്തോടെ വരുതിയിലാക്കുക എന്നതാണ്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ ലക്ഷ്യം. തീവ്രവാദപ്രവർത്തനങ്ങൾ ആരോപിച്ച്‌ തദ്ദേശീയരുടെ സ്വൈരജീവിതം തകർക്കലാണ്‌ പ്രധാനം. തദ്ദേശീയരെ കൂട്ടത്തോടെ ഒഴിപ്പിച്ച്‌ ടൂറിസത്തിന്റെപേരിൽ വൻകിട കോർപറേറ്റുകൾക്ക്‌ ദ്വീപ്‌ കൈമാറാനുമാകും.

മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി, കോവിഡിൽ മുങ്ങി ദ്വീപ്‌

രാജ്യമാകെ കോവിഡ്‌ പടർന്നുപിടിച്ചപ്പോഴും ആ ഭീഷണിയേൽക്കാതെ നിന്ന പച്ചത്തുരുത്തായിരുന്നു ലക്ഷദ്വീപ്‌. എന്നാലിന്ന്‌ പ്രതിദിന പോസിറ്റിവിറ്റി നിരക്കിൽ രാജ്യത്ത്‌ ഒന്നാമതെത്തുന്ന സ്ഥിതി. മുൻ അഡ്‌മിനിസ്‌ട്രേറ്റർ ദിനേശ്‌ ശർമയുടെ നേതൃത്വത്തിൽ  മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ്‌ ദ്വീപ്‌ നിവാസികൾ കോവിഡിനോട്‌ അകന്നുനിന്നത്‌. ‌പ്രഫുൽ കെ പട്ടേൽ എത്തിയതോടെ ഇതെല്ലാം  തകിടംമറിച്ചു. രോഗികളുടെ എണ്ണവും കുതിച്ചുയരുകയാണ്‌.

എഴുപതിനായിരത്തിൽ താഴെമാത്രം ജനസംഖ്യയുള്ള ലക്ഷദ്വീപിൽ 10 ശതമാനത്തോളം പേർ രോഗബാധിതരായി. മെയ് 11 മുതൽ 17 വരെയുള്ള ആഴ്ചയിൽ 66.7 ശതമാനമാണ് ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. മരണനിരക്കും ഉയരുകയാണ്‌. കവരത്തി, ആന്ത്രോത്ത്‌, അമിനി, കൽപ്പേനി എന്നിവിടങ്ങളിൽ പൂർണ ലോക്‌ഡൗൺ ഏർപ്പെടുത്തി. കോവിഡ് മാനദണ്ഡങ്ങളിൽ  ഇളവ് വരുത്തിയതാണ് രോഗികൾ വർധിക്കാൻ കാരണമെന്ന്  ദ്വീപുകാർ പറയുന്നു. നേരത്തെ കൊച്ചിയിൽനിന്നുള്ള യാത്രക്കാർ ലക്ഷദ്വീപ് ഭരണകേന്ദ്രം നടത്തുന്ന ഗസ്റ്റ് ഹൗസുകളിലോ ഹോസ്റ്റലുകളിലോ ഒരാഴ്ച ക്വാറന്റൈനിൽ കഴിയേണ്ടിയിരുന്നു. പരിശോധനാഫലം നെഗറ്റീവായാലേ കപ്പലിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. മംഗളുരു, ബേപ്പൂർ തുറമുഖങ്ങളിൽനിന്നുള്ളവർക്കും ഈ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഡിസംബർ 28നാണ്‌ ഈ നിബന്ധന എടുത്ത്‌ മാറ്റിയത്‌. ജനങ്ങൾക്ക്‌ ആശ്വാസം പകരാനും ആവശ്യമായ ഭക്ഷണം എത്തിക്കാനും കഴിയുന്നില്ല.  പ്രഫുൽ കെ പട്ടേലിന്റെ വരവോടെ ഉത്തരേന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥലോബി ഭരണത്തിൽ പിടിമുറുക്കി.

ഭീതിദൃശ്യങ്ങളുടെ ലക്ഷദ്വീപ്‌

മത്സ്യബന്ധനത്തിലെ വരുമാനം കൊണ്ട്‌ നിത്യവൃത്തി കഴിച്ചിരുന്നവരുടെ ജിവിതത്തിന്‌ മുകളിലേക്കാണ്‌ കഴിഞ്ഞ മാസമവസാനം ഫാസിസത്തിന്റെ ബുൾഡോസറുകൾ ഇരമ്പിക്കയറിയത്‌. കടലിൽ പോകാനുള്ള ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും സാമഗ്രികളും സൂക്ഷിച്ചിരുന്ന കടൽക്കരയിലെ ഷെഡുകൾ   പൊളിച്ചുനീക്കി.

കുറ്റകൃത്യം റിപ്പോർട്ട്‌ ചെയ്യാത്ത ദ്വീപ സമൂഹത്തിൽ നിന്ന്‌ എത്തുന്നത്‌   അശാന്തിയുടെ വാർത്തകൾ മാത്രം. കണ്ണുകളെ കുളിരണിയിച്ച ദ്വീപിലെ ഇന്നത്തെ കാഴ്‌ചകളാകട്ടെ ഭീതി നിറയ്‌ക്കുന്നതും. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്‌തൻ പ്രഫുൽ കെ പട്ടേൽ അഡ്‌മിനിസ്‌ട്രേറ്ററായതോടെയാണ്‌ ദ്വീപിൽ അശാന്തിയുടെ സുര്യനുദിച്ചത്‌. ബഹുഭൂരിഭാഗവും മുസ്ലീംവിഭാഗം തിങ്ങിപ്പാർക്കുന്ന ദ്വീപിൽ അവരുടെ മതവിശ്വാസങ്ങൾ വ്രണപ്പെടുത്തിയും വികസനത്തിന്റെ പേരിൽ ജീവിതമാർഗങ്ങൾ തച്ചുടച്ചുമാണ്‌ മോദിയുടെ വിശ്വസ്തന്റെ പരിഷ്‌കാരങ്ങൾ.

പൗരത്വ നിയമ ഭേദഗതിക്കെതിരായ നടന്ന സമരങ്ങൾക്ക്‌ നേതൃത്വം നൽകിയ സിപിഐ എം പ്രവർത്തകരായ അസ്‌ഹർ അലി, റഹീം എന്നിവരടക്കമുള്ളവരെ ജയിലിലടച്ചായിരുന്നു അഡ്‌മിനിസ്‌ട്രേറ്റർ ദ്വീപിൽ വിദ്വേഷത്തിന്റെ വിത്ത്‌ പാകിയത്‌. വിമർശകരുടെ വായടിപ്പിക്കുന്നതിന്റെ ഏറ്റവുമൊടുവിലെ ഉദാഹരണമായി തിങ്കളാഴ്‌ച ഓൺലൈൻ ചാനലായ ദ്വീപ്‌ ഡയറി  നിരോധിച്ചു. 

ടൂറിസം വികസനത്തിന്റെ പേരിലാണ്‌ അഡ്‌മിനിസ്‌ട്രേറ്റർ ലക്ഷദ്വീപ്‌ നിവാസികൾക്കെതിരായ നടപടികൾ സ്വീകരിക്കുന്നതെന്ന്‌ സിപിഐ എം ലക്ഷദ്വീപ്‌ ലോക്കൽ സെക്രട്ടറി ലുഖ്‌മാനുൽ ഹക്കീം പറയുന്നു. ടൂറിസത്തിന്റെ പേര്‌ പറയുമെങ്കിലും മുസ്ലീംവിഭാഗത്തിന്റെ മതാചാരങ്ങളെയും ഭക്ഷണരീതികളെയും ഇല്ലാതാക്കുകയാണ്‌.  കോവിഡ്‌ മൂലം വലയുന്ന ദ്വീപ്‌ നിവാസികൾക്ക്‌ ഭക്ഷ്യക്കിറ്റ്‌ നൽകാൻ പോലും അധികാരികൾ തയ്യാറാകുന്നില്ല. ടൗട്ടെ ചുഴലിക്കാറ്റ്‌ ദ്വീപിൽ കനത്ത നാശനഷ്ടമാണുണ്ടാക്കിയത്‌. കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ്‌ ലഭിക്കാതിരുന്നതിനാൽ പല തൊഴിലാളികളും കടലിൽപോയി. ഇതാണ്‌ കൂടുതൽ ബോട്ടുകൾ നശിക്കാനിടയാക്കിയത്‌. ബോട്ടുകൾ സൂക്ഷിച്ചിരുന്ന ഷെഡുകൾ പൊളിച്ചുനീക്കിയതും നാശനഷ്ടത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചെന്നും ലുഖ്‌മാനുൽ ഹക്കീം പറയുന്നു. 

ടൂറിസമാണ്‌ ദ്വീപിന്റെ പ്രധാന വരുമാന മാർഗം. കോവിഡ്‌ പടർന്നതോടെ ഈ മേഖലയിൽ കടുത്ത പ്രതിസന്ധിയാണ്‌ ഉടലെടുത്തത്‌. അതിനിടെ ടൂറിസം മേഖല നഷ്ടത്തിലെന്ന്‌ പറഞ്ഞ്‌ 199 തൊഴിലാളികളെയാണ്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ നിർദേശപ്രകാരം പിരിച്ചുവിട്ടത്‌. അൻപതോളം ആളുകളെ അടുത്തദിവസം പിരിച്ചുവിട്ടേക്കും. കൊച്ചിയിലുണ്ടായിരുന്ന ഗസ്‌റ്റ്‌ഹൗസിന്റെ നടത്തിപ്പ്‌ സ്വകാര്യ കമ്പനിക്ക്‌ നൽകിയതോടെ ഇവിടെയുണ്ടായിരുന്ന തൊഴിലാളികൾക്കും ജോലിയില്ലാതായി.  തങ്ങളുടെ തൊഴിലില്ലാതാക്കി പട്ടിണിയിലാക്കരുതെന്ന ദ്വീപ്‌ നിവാസികളുടെ പരിവേദനത്തിന്‌ അധികൃതർ വിലകൽപ്പിക്കുന്നുമില്ല

സുജിത്‌ ബേബി 

ആരാണ്‌ ഈ അഡ്‌മിനിസ്‌ട്രേറ്റർ?

ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കോദ പട്ടേൽ  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും സംഘപരിവാറിന്റെയും വിശ്വസ്‌തൻ. വ്യാജഏറ്റുമുട്ടൽ കേസിൽ പ്രതിയായ അമിത്‌ ഷായ്‌ക്ക്‌ 2010ൽ ഗുജറാത്ത്‌ ആഭ്യന്തരമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നപ്പോൾ പകരക്കാരനായി അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡി കണ്ടെത്തിയത്‌ പ്രഫുൽ പട്ടേലിനെ. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷവും പട്ടേൽ മോഡിക്ക്‌ പ്രിയങ്കരനായി തുടർന്നു.

കേന്ദ്രത്തിൽ എൻഡിഎ വന്നശേഷം 2016ൽ  ദാദ്ര, നഗർ ഹവേലി, ദാമൻ–-ദിയു എന്നിവിടങ്ങളിലെ അഡ്‌മിനിസ്‌ട്രേറ്ററായി നിയമിച്ചു. അതിനുമുമ്പ്‌ കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്‌മിനിസ്‌ട്രേറ്റർ ചുമതല ഐഎസ്‌എസ്‌ ഉദ്യോഗസ്ഥർക്ക്‌ മാത്രമാണ്‌ നൽകിയിരുന്നത്‌. ഗുജറാത്തിനും മഹാരാഷ്ട്രയ്‌ക്കും മധ്യേയുള്ള തന്ത്രപ്രധാന പ്രദേശമാണ്‌ ദാദ്ര, നഗർ ഹവേലി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ പേരിൽ,  ഐഎഎസ്‌ ഉദ്യോഗസ്ഥനായിരുന്ന കണ്ണൻ ഗോപിനാഥനെ പട്ടേൽ ഭീഷണിപ്പെടുത്തി. കണ്ണൻ ഗോപിനാഥൻ പരാതി നൽകിയതിനെ തുടർന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ പട്ടേലിനെ താക്കീത്‌ ചെയ്‌തു.  നോട്ടീസ്‌ പിൻവലിക്കാൻ പട്ടേലിനോട്‌ കമീഷൻ ആവശ്യപ്പെട്ടു.

ദാദ്ര, നഗർ ഹവേലിയിൽനിന്നുള്ള സ്വതന്ത്ര എംപിയായിരുന്ന മോഹൻ ദേൽക്കർ  ഇക്കൊല്ലം ഫെബ്രുവരി 22ന്‌ മുംബൈ ഹോട്ടലിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പട്ടേൽ അന്വേഷണം നേരിടുകയാണ്‌. 25 കോടി രൂപ ആവശ്യപ്പെട്ട്‌ പട്ടേൽ ഭീഷണിപ്പെടുത്തിയിരുന്നതായി ദേൽക്കർ ആത്മഹത്യാകുറിപ്പ്‌ എഴുതിവച്ചിരുന്നു. ദേൽക്കറുടെ മകൻ അഭിനവിന്റെ പരാതിയില്‍ മഹാരാഷ്ട്ര പൊലീസ്‌ പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തുന്നു. ദിനേശ്വർ ശർമയുടെ നിര്യാണത്തെ തുടർന്ന്‌ പട്ടേലിന്‌ കഴിഞ്ഞ ഡിസംബറിൽ ലക്ഷദ്വീപിന്റെ അധിക ചുമതല നൽകി.

ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം: ഐ എൻ എൽ

കോഴിക്കോട്‌> ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ   തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി ഐ എൻ എൽ പ്രതിഷേധ കാമ്പയിൻ ആരംഭിച്ചു.

പ്രധാനമന്ത്രി മോഡിയുടെ ആശ്രിതനും  മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ  പട്ടേൽ ഹിന്ദുത്വ വർഗീയ അജണ്ട നടപ്പാക്കാനുള്ള ഗൂഢനീക്കങ്ങളാണ് തുടരുന്നത്‌. ഗോ മാംസ നിരോധവും വ്യാപക അറസ്റ്റും കുടിയിറക്കലും കടുത്ത നിയന്ത്രണങ്ങളും   ദ്വീപിനെ നശിപ്പിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ്.  

അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കും. സംസ്ഥാനത്തെ  എം പിമാർ  ഈ വിഷയത്തിൽ ഒറ്റക്കെട്ടായി നീങ്ങണമെന്നും സംസ്ഥാന സർക്കാർ  ഇടപെടണമെന്നും ഐ എൻ എൽ സംസ്ഥാന  ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.

ലക്ഷദ്വീപ്: വിശ്വാസവും സംസ്‌കാരവും തകര്‍ക്കരുത്– സമസ്ത

കോഴിക്കോട്‌> ലക്ഷദ്വീപിന്റെ ജനജീവിതവും ഉപജീവന മാർഗവും തടയുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ  ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന്‌  സമസ്ത  കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ്  ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽസെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാരും പറഞ്ഞു. തദ്ദേശീയരായ ജനങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്നതാണ് പല നടപടികളും.  ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയുണ്ടാക്കുന്ന നടപടിയിൽ നിന്ന് കേന്ദ്രസർക്കാരും അഡ്മിനിസ്ട്രേറ്ററും പിന്മാറണം.

 ടൂറിസത്തിന്റെ പേരുപറഞ്ഞ് ദ്വീപിൽ മദ്യശാലകൾക്ക് അനുമതികൊടുത്തു. സ്‌കൂൾ വിദ്യാർത്ഥികളുടെ  മെനുവിൽ നിന്ന് മാംസാഹാരം ഒഴിവാക്കി. രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കേർപ്പെടുത്താനും നീക്കമുണ്ട്. ദ്വീപ് നിവാസികളുടെ വിശ്വാസത്തെയും സംസ്‌കാരത്തെയും തകർക്കാനുള്ള നീക്കത്തിൽ നിന്ന് ഭരണകേന്ദ്രം പിന്മാറണമെന്ന്‌ സമസ്‌ത നേതാക്കൾ ആവശ്യപ്പെട്ടു.

No comments:

Post a Comment