Wednesday, June 2, 2021

ലക്ഷദ്വീപും പലസ്തീൻ ജനതയും - എസ് ശർമ എഴുതുന്നു

സ്വന്തം ജനതയ്ക്കുനേരെ നടത്തിയ യുദ്ധപ്രഖ്യാപനമാണ് ലക്ഷദ്വീപിൽ. ശാന്തമായി  ജീവിക്കുകയായിരുന്നു ദ്വീപുകാർ. അവിടെ പ്രക്ഷോഭങ്ങളില്ല. കൊള്ളയും കൊള്ളിവയ്‌പുമില്ല. തീവ്രവാദി ആക്രമണങ്ങളില്ല. മോതിരവളയംപോലുള്ള ആ ദ്വീപ് പ്രശാന്ത സുന്ദരമായി തുടരുകയായിരുന്നു. പെട്ടെന്ന് അവിടെ കാറും കോളും നിറഞ്ഞതെങ്ങനെ?

പലസ്തീൻ ജനതയുടെ നേരെ ഇസ്രയേൽ  നടത്തുന്ന റോക്കറ്റാക്രമണത്തിന്റെ ഇന്ത്യൻ പതിപ്പാകുകയാണോ ലക്ഷദ്വീപ്. ബഞ്ചമിൻ നെതന്യാഹുവിൽനിന്ന് നരേന്ദ്രമോഡി പ്രചോദനം ഉൾക്കൊള്ളുകയാണോ?

ലക്ഷദ്വീപിലെ തുടക്കം ഒരു നിയമനത്തിൽ നിന്നാണ്. പ്രഫുൽ കോഡാ പട്ടേൽ അവിടെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായി. പട്ടേൽ മോഡിയുടെ കീഴിൽ ഗുജറാത്തിൽ ആഭ്യന്തര മന്ത്രിയായിരുന്നു. മോഡിക്ക് പട്ടേലുമായുള്ള അടുപ്പം പിതാവിൽനിന്ന്‌ തുടങ്ങുന്നു. പട്ടേലിന്റെ പിതാവ് കോഡാഭായ് ആർഎസ്എസ് നേതാവായിരുന്നു. അദ്ദേഹത്തെ മോഡി  ഇടയ്ക്കിടയ്‌ക്ക് സന്ദർശിക്കുമായിരുന്നു. 2012ൽ ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടേൽ തോറ്റു. മോഡി    പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം പട്ടേലിന് പുതിയ തട്ടകമൊരുക്കി. കേന്ദ്രഭരണപ്രദേശമായ ദിയു, ആൻഡമാൻ അഡ്മിനിസ്ട്രേറ്ററാക്കി. പതിവ് തെറ്റിച്ചായിരുന്നു ഈ നിയമനം. അതുവരെ സിവിൽ സർവീസിലുള്ളവരെയാണ്‌ അവിടെ  നിയോഗിച്ചിരുന്നത്. പട്ടേലിന്റെ കാര്യത്തിൽ മോഡി  ഈ കീഴ്വഴക്കം തിരുത്തി. നാലുമാസം കഴിഞ്ഞപ്പോൾ ദാദ്ര ആൻഡ്‌ നഗർഹവേലിയുടെ ചുമതലകൂടി   പട്ടേലിന് നൽകി. ദിയു പട്ടേലിന്റെ പരിശീലനക്കളരിയായി. അവിടത്തെ തദ്ദേശസ്ഥാപനങ്ങളുടെ അധികാരം പട്ടേൽ കവർന്നു. അധികാരം പട്ടേലിന് ഹരമായി. എതിർശബ്ദങ്ങൾ അസഹ്യമായി.

അങ്കണവാടിയിൽ മുട്ട വിതരണം ചെയ്തത് നിർത്തി. കരാർത്തൊഴിലാളികളെ മുഴുവൻ പിരിച്ചുവിട്ടു. ആ നിയമനങ്ങൾ പക്ഷപാതപരമായിരുന്നു എന്നാണ് പട്ടേലിന്റെ ന്യായീകരണം. പൊതുമരാമത്തു വകുപ്പിലുണ്ടായിരുന്ന അഞ്ഞൂറിലേറെ ആദിവാസികളെ ഒറ്റദിവസംകൊണ്ട് പിരിച്ചുവിട്ടു. വികസനത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളികളുടെ കുടിലുകൾ തകർത്തു. പോർച്ചുഗീസ് കാലത്തുണ്ടായ കുടിലുകൾ ഇടിച്ചുനിരത്തി. പ്രതിഷേധങ്ങൾ ഉരുക്കുമുഷ്ഠിയിൽ അമർത്തി. രണ്ട് സ്കൂൾ കെട്ടിടം ജയിലുകളാക്കി. തദ്ദേശവാസികളുടെ ആവാസവ്യവസ്ഥയെ തകർത്ത് അവിടം സഞ്ചാരികളുടെ കാഴ്ചവസ്തുവാക്കി വികസിപ്പിച്ചു. പട്ടേലിന്റെ സേവനങ്ങൾക്ക് അർഹമായ അംഗീകാരം നൽകി, ലക്ഷദ്വീപിലെ ചുമതലക്കാരനാക്കി.

2020 ഡിസംബർ രണ്ടിന് പട്ടേൽ ലക്ഷദ്വീപിലെത്തി. രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് വിലക്ക്. ഫെർട്ടിലിറ്റി നിരക്ക് ലക്ഷദ്വീപിൽ 1.4 ആണ്. ഒരുസ്ത്രീ പ്രസവിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണമാണ് ഫെർട്ടിലിറ്റി നിരക്ക്. യുപിയിലും ബിഹാറിലും ഇത് മൂന്നാണ്. പട്ടേലിന്റെ ഗുജറാത്തിൽ ഇത് 1.9 ആണ്. 1975ൽ ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിലെ  മുഖ്യയിനം കുടുംബാസൂത്രണമായിരുന്നു. നിർബന്ധിത വന്ധ്യംകരണം അന്ന് ഡൽഹിയിൽ കലാപത്തിനും വെടിവയ്‌പിനും ഇടയാക്കിയിരുന്നു.  ബിജെപിയുടെ മുൻഗാമിയായിരുന്ന ജനസംഘം അന്ന് ഇതിനെതിരെ രംഗത്ത് വന്നവരായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് അരനൂറ്റാണ്ട് അടുക്കാറാകുമ്പോൾ ബിജെപിയുടെ പട്ടേൽ ആ വഴിക്കുതന്നെ നീങ്ങുന്നുവെന്നത് മറ്റൊരു വിരോധാഭാസം. സ്കൂളിൽ കുട്ടികൾക്ക് സസ്യഭക്ഷണംമാത്രം. അതിനുവേണ്ടി മൃഗസംരക്ഷണ നിയമം പ്രഖ്യാപിച്ചു. ഫലത്തിൽ ബീഫ് നിരോധിച്ചു. ബീഫ് ഇപ്പോൾ ബിജെപിയുടെ ഇഷ്ടരാഷ്ട്രീയ വിഭവമാണ്.

ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ പ്രദേശമാണ് ലക്ഷദ്വീപ്.  അവിടെയാണ് പട്ടേൽ ആന്റിസോഷ്യൽ ആക്ടിവിറ്റീസ് റെഗുലേഷൻ അഥവാ ഗുണ്ടാരാജ് കൊണ്ടുവരുന്നത്. ഇതിന്റെ പേരിൽ ആരെയും ഒരുവർഷംവരെ തടവിലിടാം. 2019ൽ യുപിയിൽ റിപ്പോർട്ട് ചെയ്ത കേസുകൾ 55,519. ബിഹാർ 45,004. ഇന്ത്യയിൽ ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലം ലക്ഷദ്വീപാണ്. അവിടെ ആകെ ഉണ്ടായത് 16 കേസ്‌. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കാണിത്. ഈ ലക്ഷദ്വീപിലാണ് പട്ടേൽ ഗുണ്ടാരാജ് നടപ്പാക്കുന്നത്. അവർ കാപ്പ കുത്തുന്നത് അക്രമികളുടെ കൈയിലല്ല, മതനിരപേക്ഷതയുടെ നെഞ്ചിലാണ്. ബിജെപിയെ പ്രകോപിപ്പിക്കുന്നത് മറ്റൊന്നാണ്. പൗരത്വ നിയമത്തിനെതിരെ ലക്ഷദ്വീപിൽ പ്രകടനം നടന്നു. ജയിൽ തുറക്കുന്നത് അവർക്കുവേണ്ടിയാണ്.

ലക്ഷദ്വീപിൽ  ഏതാണ്ട് ഒരുലക്ഷത്തിലേറെ പേരുള്ളതിൽ പത്തു ശതമാനത്തിനുമാത്രമാണ് സർക്കാർ സർവീസിൽ ജോലി. മറ്റുള്ളവർ ഏറെയും മത്സ്യമേഖലയിൽ പണിയെടുക്കുന്നവരാണ്. പട്ടേൽ അവരുടെ ജീവനോപാധികളിലും കൈവച്ചു.  ഷെഡുകൾ പൊളിച്ചു. ആരുടെ ഭൂമിയും വികസനത്തിന്റെ പേരിൽ പിടിച്ചെടുക്കാൻ നിയമനിർമാണം കൊണ്ടുവരുന്നു. ലക്ഷദ്വീപ് വികസന അതോറിറ്റി റെഗുലേഷൻ ഉന്നം വയ്‌ക്കുന്നത് ഇതിനാണ്. അധികാരം അഡ്മിനിസ്ട്രേറ്ററിൽ കേന്ദ്രീകരിക്കും. തദ്ദേശസമിതികളെ നിർവീര്യമാക്കും. കുടിലുകൾ പൊളിച്ച് ഭൂമി വിൽപ്പനയ്ക്കൊരുക്കുന്നു. എതിർപ്പ് മറികടക്കാനുള്ള അധികാരത്തിനായി നിയമങ്ങൾ ഉണ്ടാക്കുന്നു.

നിതി ആയോഗിന്റെ ടൂറിസ്റ്റ് പദ്ധതികളിൽ മുഖ്യമാണ് ലക്ഷദ്വീപ്. പരിസ്ഥിതിലോല പ്രദേശം. സമുദ്രനിരപ്പിൽനിന്ന്‌ അധികം ഉയരത്തിലല്ല ഈ ദ്വീപസമൂഹം. ഏറ്റവും ഉയരക്കൂടുതൽ മൂന്നുമീറ്ററാണ്. ഏറെയും പ്രദേശം സമുദ്രനിരപ്പിൽനിന്ന്‌ ഏതാണ്ട് അരമീറ്റർമാത്രം ഉയരത്തിലാണ്. ഇവിടെ വൻതോതിലുണ്ടാകുന്ന നിർമാണപ്രവർത്തനം പരിസ്ഥിതിയെ ബാധിക്കും.   

നാളെ ഒരുപക്ഷേ ലക്ഷദ്വീപും വിറ്റേക്കാം. ആ ദ്വീപുസമൂഹത്തിൽ ആധുനിക ഹോട്ടൽ ശൃംഖലകൾ വന്നേക്കാം. വിവിധ ദ്വീപുകളിൽ നൂറുകണക്കിന് മുറി ഒരുക്കി സഞ്ചാരികളെ കാത്തിരുന്നേക്കാം. ഒഴുകി നടക്കുന്ന വില്ലകൾ ഉണ്ടായേക്കാം. ഈ പവിഴദ്വീപിനും ഒരു ആഗോളഭീമനുണ്ടായേക്കാം. അതിനുവേണ്ടി അവിടത്തെ മനുഷ്യരുടെ ജീവിതത്തിൽ ബിജെപി കൈവയ്‌ക്കുന്നു.

ആ ദ്വീപുകാർ ബിജെപിയുടെ കണക്കുപുസ്തകത്തിൽ മനുഷ്യരുടെ പട്ടികയിൽ വരില്ല. ജനസംഖ്യയിൽ 97 ശതമാനവും മുസ്ലിങ്ങളാണ്. സംഘപരിവാറിന് എങ്ങനെയാണ് അവർ മനുഷ്യരാകുക. ഒറ്റവെടിക്ക് രണ്ടുപക്ഷികളെ വീഴ്ത്തുകയാണ് മോഡിയും കൂട്ടരും. ഒന്ന്, മുസ്ലിമിൽനിന്ന്‌ ലക്ഷദ്വീപിനെ മോചിപ്പിക്കുന്നു. രണ്ട്, ഭൂമി കച്ചവടത്തിന് കൈമാറുന്നു.

മലബാറിൽനിന്ന് കുടിയേറിയവരുടെ പിൻമുറക്കാരാണ്  ഏറെയും. അവരെ സ്വന്തം ഭൂമിയിൽ അഭയാർഥികളാക്കുന്നു. ഇസ്രയേൽ തൊടുത്തുവിടുന്ന റോക്കറ്റുകൾക്കിടയിൽമാത്രം ജീവിക്കേണ്ടിവരുന്ന പലസ്തീനായി ലക്ഷദ്വീപിനെ മാറ്റുന്നു.

ഇത് കേവലം ഒരു ദ്വീപിന്റെമാത്രം പ്രശ്നമല്ല. ഇന്ത്യൻ മതനിരപേക്ഷതയ്‌ക്കും ജനാധിപത്യത്തിനും നേരെ ഉയർത്തിയിരിക്കുന്ന യുദ്ധപ്രഖ്യാപനമാണ്.  ഇതിനെ പിന്തുണച്ചുകൊണ്ട് കലാ സാംസ്കാരിക രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽനിന്ന്‌ ശക്തമായ പ്രതികരണങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്നത് പ്രത്യാശ പകരുന്ന കാര്യമാണ്.

എസ് ശർമ 

No comments:

Post a Comment