Saturday, June 19, 2021

സുധാകരൻ പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ മോഹം മാത്രം; വിദ്യാർഥികൾ കോളേജ്‌ ചുറ്റിച്ചത്‌ മറന്ന്‌ കാണില്ല: മുഖ്യമന്ത്രി

സ്‌കൂൾ വിദ്യാർഥികളായിരിക്കെ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ  കെ സുധാകരൻ പദ്ധതിയിട്ടതായി കോൺഗ്രസ്‌ നേതാവ്‌ സ്വകാര്യമായി വെളിപ്പെടുത്തിയിരുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സുധാകരന്റെ അടുപ്പക്കാരനും അദ്ദേഹത്തിന്റെ പണമിടപാടുകാരനുമായ കോൺഗ്രസ്‌ നേതാവ്‌  വീട്ടിലെത്തിയാണ്‌ ഇക്കാര്യം പറഞ്ഞത്‌. എന്നാൽ, വരുന്നിടത്തുവച്ച്‌ കാണാമെന്നു പറഞ്ഞ്‌ ഞാൻ അദ്ദേഹത്തെ മടക്കി.

ഇത്‌ ഭാര്യയോടുപോലും പറഞ്ഞില്ല. കുട്ടികളെ ഭാര്യ കൈപിടിച്ച്‌ സ്‌കൂളിൽ കൊണ്ടുപോകുന്ന കാലമാണത്‌. ഇതെല്ലാം കടന്നാണ്‌ താൻ വന്നത്‌. സുധാകരന്‌ പല മോഹങ്ങളുമുണ്ടാകാം. എന്നാൽ, വിചാരിക്കുന്നപോലെ വിജയനെ വീഴ്‌ത്താനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയനെ ബ്രണ്ണൻകോളേജിൽവച്ച്‌ ചവിട്ടിവീഴ്‌ത്തിയെന്ന്‌ സുധാകരൻ അഭിമുഖത്തിൽ പറഞ്ഞതുസംബന്ധിച്ചുള്ള ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്ത്‌ സുധാകരന്‌ എന്നോട്‌ വിരോധമുണ്ടാകും. എന്നെ കിട്ടിയാൽ തല്ലാമെന്നും  ചവിട്ടി വീഴ്‌ത്താമെന്നും മനസ്സിൽ കരുതിയിട്ടുണ്ടാകും. യഥാർഥത്തിൽ സംഭവിച്ചത്‌ മറിച്ചാണ്‌.  പരീക്ഷയെഴുതാനാണ്‌ അവിടെ പോയത്‌. കോളേജിൽ ഇല്ലാത്തതിനാൽ സംഘർഷത്തിൽ ഇടപെടാതെ ഒഴിവാകണമെന്നായിരുന്നു മനസ്സിൽ. സംഘർഷം മുറുകിയപ്പോൾ പ്രത്യേക രീതിയിൽ  രണ്ടു കൈയും കൂട്ടിയിടിച്ച്‌ ശബ്ദമുണ്ടാക്കി. പിന്നാലെ ചില വാക്കുകളും. അതോടെ കെഎസ്‌യു നേതാവ്‌ ബാലൻ വന്ന്‌  സുധാകരനെ പിടിച്ചുകൊണ്ടുപോയി.  ഫ്രാൻസിസ്‌ എന്നൊരാൾ കത്തിയുമായെത്തി തന്നെ  അടിച്ചുവീഴ്‌ത്തിയെന്നതും  സുധാകരന്റെ മോഹംമാത്രം. തന്റെ ശരീരത്തിന്റെ അടുത്തേക്ക്‌ വരാൻ ആഗ്രഹിച്ച പലരും ഉണ്ടാകാം. എന്നാൽ, ആരും  അടുത്തേക്ക്‌ വന്നിട്ടില്ല. പൊലീസുകാർ ചെയ്‌തത്‌  മാത്രമാണുള്ളത്‌. 

സി എച്ച് മുഹമ്മദ് കോയ  മന്ത്രിയായിരിക്കെ കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്‌ഘാടനത്തിന്  ബ്രണ്ണൻ കോളേജിൽ വന്നപ്പോൾ സുധാകരന്റെ നേതൃത്വത്തിൽ കരിങ്കൊടി കാട്ടുകയും ചെരിപ്പെറിയുകയും ചെയ്‌തു. സി എച്ചിന് ചടങ്ങ് സുഗമമായി നടത്താനായത് എ കെ ബാലനടക്കമുള്ള അന്നത്തെ കെഎസ്‌എഫ്‌ പ്രവർത്തകരുടെ ബലത്തിലാണ്. ഇപ്പോൾ വീരവാദം മുഴക്കുന്ന സുധാകരനെ അവർ അർധനഗ്നനായി ആ കോളേജ് ചുറ്റിപ്പിച്ചു.  വലിയ പൊങ്ങച്ചം പറയുന്ന സുധാകരൻ ഇതെല്ലാം ഓർക്കണം.രാഷ്ര്‌ട്രീയ നിലപാടും ഇതുപോലെ തന്നെയാണ്‌.  ബിജെപിയാണ്‌ ശരിയെന്ന്‌ എനിക്ക്‌ തോന്നിയാൽ അതിൽ ചേരാൻ മടിക്കില്ലെന്നായിരുന്നു മുൻപ്‌ പറഞ്ഞത്‌. ബിജെപിയല്ല മുഖ്യശത്രുവെന്നാണ്  ഇപ്പോഴും നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.  

‘പലരെയും കൊന്ന്‌ പണമുണ്ടാക്കി’

പണമുണ്ടാക്കാനാണ്‌ കെ സുധാകരൻ രാഷ്‌ട്രീയ പ്രവർത്തനം നടത്തിയതെന്നും പലരെയും കൊന്ന്‌ പണമുണ്ടാക്കിയതായി കോൺഗ്രസ്‌ നേതാവായിരുന്ന പി രാമകൃഷ്‌ണൻ  വെളിപ്പെടുത്തിയ കാര്യം മറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുധാകരൻ അലഞ്ഞുനടന്ന റാസ്‌കലാണെന്നും  ഭീരുവുമാണെന്നും  കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണൻ പറഞ്ഞിട്ടുണ്ട്‌. ഇതൊന്നും  ഞാൻ പറയാൻ വിചാരിച്ചതല്ല. എന്നാൽ, വല്ലാതെ പൊങ്ങച്ചം കേൾക്കുമ്പോൾ പറയുന്നെന്നുമാത്രം.

ഒപ്പമുണ്ടായിരുന്ന പുഷ്പരാജും പ്രശാന്ത്‌ബാബുവും എങ്ങനെ സുധാകരന് എതിരായെന്ന് രാമകൃഷ്ണൻ പറയുന്നുണ്ട്. പുഷ്പരാജിനെ ആക്രമിച്ച് കാല് തകർത്തതിനെക്കുറിച്ച് പറയുന്നുണ്ട്. സുധാകരന്റെ ചെയ്തികൾ പറഞ്ഞതിന് രാമകൃഷ്ണനെ ഡിസിസി ഓഫീസിൽ കയറാൻ സമ്മതിച്ചില്ല. ഇപ്പോൾ രാമകൃഷ്ണൻ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ  പൊതുവേദിയിൽ ലഭ്യമാണ്.

സുധാകരനോടൊപ്പം അതേ കളരിയിൽ പയറ്റിയ മമ്പറം ദിവാകരനും കുറച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. തന്റെ പക്കലുള്ള ഫോട്ടോകളും തെളിവുകളും പുറത്തുവിട്ടാൽ കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് പറയില്ലെന്നും  തലശേരി  ഇന്ദിരഗാന്ധി ആശുപത്രിയിൽ തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസിസി ഓഫീസിനായി പിരിച്ച കോടികൾ  എവിടെയെന്നും  ചോദിക്കുന്നുണ്ട്. ചിറക്കൽ സ്‌കൂൾ വാങ്ങാൻ സുധാകരൻ ഗൾഫിൽ നിന്നുൾപ്പെടെ 30 കോടി പിരിച്ചു. എന്നാൽ, സ്‌കൂൾ വാങ്ങിയില്ലെന്നും മമ്പറം ദിവാകരൻ വെളിപ്പെടുത്തിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയനെ ചവിട്ടിയെന്ന്‌ പറഞ്ഞിട്ടില്ല; അഭിമുഖത്തെ തള്ളി കെ സുധാകരൻ

കൊച്ചി> തലശ്ശേരി ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്ത്‌  മുഖ്യമന്ത്രി പിണറായി വിജയനെ  ചവുട്ടിയെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്ന്‌ കെ പിസിസി പ്രസിഡന്റ്‌ കെ സുധാകരൻ.  അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കാനും കെ സുധാകരനായില്ല. ചോദ്യങ്ങള്‍ ഉയര്‍ത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അധിക്ഷേപം ചോരിഞാനു സുധാകരന്‍ പത്രസമ്മേളനം അവസാനിപ്പിച്ചത്.

ചവുട്ടിവീഴ്‌ത്തിയെന്ന കാര്യം   താൻ ആരോടും പറഞ്ഞിട്ടില്ലെന്നും  ഒരു  പത്രക്കാരൻ തന്റെ സമ്മതമില്ലാതെ പ്രസിദ്ധീകരിച്ചതാണെന്നുമാണ്‌ ഇന്ന്‌ വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞത്‌. 'പിണറായിയെ ചവുട്ടിയെന്ന്‌ പറഞ്ഞിട്ടില്ല.  എന്നാൽ സംഘർഷമുണ്ടായത്‌ ശരിയാണ്. അഭിമുഖം നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ പ്രസിദ്ധീകരിക്കരുത് എന്ന് ആവര്‍ത്തിച്ച് പറഞ്ഞ കാര്യമാണ് മനോരമ ആഴ്ചപ്പതിപ്പില്‍ വന്നത്. അത് ചതിയാണ്. മോശം മാധ്യമ പ്രവര്‍ത്തനമാണ്.'

അന്ന്‌ കോളേജിൽ നടന്നുവെന്ന്‌ പറഞ്ഞ കാര്യം ഉള്ളതാണോയെന്ന  മാധ്യമപ്രവർത്തകരുടെ  ചോദ്യത്തോടും സുധാകരൻ കൃത്യമായി പ്രതികരിച്ചില്ല. അതെല്ലാം അറിയണമെങ്കിൽ മാധ്യമപ്രവർത്തകർ തന്നെ സ്വയം  അന്വേഷിച്ച്‌ കണ്ടുപിടിക്കണം എന്നായിരുന്നു  മറുപടി.

സുധാകരന്റെ  അഭിമുഖത്തിലെ    പരാമർശത്തിന്‌ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു.‘ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്ത്‌ സുധാകരന്‌ എന്നോട്‌ വിരോധമുണ്ടാകും. എന്നെ കിട്ടിയാൽ തല്ലാമെന്നും  ചവിട്ടി വീഴ്‌ത്താമെന്നും മനസ്സിൽ കരുതിയിട്ടുണ്ടാകും.യഥാർഥത്തിൽ സംഭവിച്ചത്‌ മറിച്ചാണ്‌.'-പിണറായി വ്യക്തമാക്കിയിരുന്നു.  കൂടാതെ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടിരുന്നതായും  കോളേജിൽ സി എച്ച്‌ മുഹമ്മദ്‌ കോയ പങ്കെടുത്ത പരിപാടി ചെരുപ്പെറിഞ്ഞ്‌ അലങ്കോലമാക്കിയത്‌  സുധാകരന്റെ നേതൃത്വത്തിലാണെന്നും മുഖ്യമന്ത്രി  വെളിപെടുത്തിയിരുന്നു.

ഇതിനോടൊന്നും കൃത്യമായി പ്രതികരിക്കാതെ അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി തനിക്കെതിരെ കേസെടുത്ത്‌ അന്വേഷണം നടത്തണമെന്നും സുധാകരൻ പറഞ്ഞു.

വേണ്ടിവന്നാല്‍ ബിജെപിയില്‍  പോകേം എന്ന് പറഞ്ഞതിനെപ്പറ്റി ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ 'എകെജി സെന്ററില്‍ നിന്ന് അയക്കുന്ന ചോദ്യങ്ങളാണ് നിങ്ങള്‍ ചോദിയ്ക്കുന്നത്. അതിനൊക്കെ ഉത്തരം നല്‍കാനാകില്ല.എഴുതിയാല്‍ പോരാ. ചോദ്യം ചോദിയ്ക്കാന്‍ പഠിയ്ക്കണം.'-എന്നായിരുന്നു മറുപടി.

സുധാകരൻ പറഞ്ഞ കാര്യങ്ങളെ കുറിച്ച്‌ അറിയില്ല: മമ്പറം ദിവാകരൻ

കണ്ണൂർ> ബ്രണ്ണൻ കോളേജിൽ നടന്നതായി കെ സുധാകരൻ പറയുന്ന കാര്യങ്ങളെ പറ്റി  തനിക്കറിവില്ലെന്ന്‌ മമ്പറം ദിവാകരൻ. കോളേജിൽ പിണറായി വിജയനെ ചവുട്ടി വീഴ്‌ത്തിയെന്ന   സുധാകരന്റെ പരാമർശത്തെ  കുറിച്ച്‌  പ്രതികരിക്കുകയായിരുന്നു മമ്പറം ദിവാകരൻ.

‘1971ൽ ഞാനും സുധാകരനും ഒന്നിച്ച്​ ​ബ്രണ്ണനിൽ പഠിച്ചയാളാണ്​. ഞങ്ങളുടെ സീനിയർ ആയിരുന്നു പിണറായി വിജയൻ. അന്ന്‌ കോൺഗ്രസിൽ രണ്ടു വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഇന്ദിരാ കോൺഗ്രസിനൊപ്പമായിരുന്നു ഞാൻ. സുധാകരൻ സംഘടനാ കോൺഗ്രസിലും’. ദിവാകരൻ പറഞ്ഞു.

കെ സുധാകരൻ മറുപടി നൽകി പ്രകോപനമുണ്ടാക്കുന്നത് ശരിയല്ല. പിണറായിക്ക് എതിരായ സുധാകരന്റെ പരാമർശം പാർട്ടിക്ക് ഗുണം ചെയ്യില്ല. പരുഷമായ വാക്കുകൊണ്ട് പ്രകോപനമുണ്ടാക്കുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് സമന്വയത്തിന്റെ പാത സ്വീകരിക്കണമെന്നും മമ്പറം ദിവകാരൻ  പറഞ്ഞു.

സുധാകരന്‌ സി എച്ചിനെ ചെരുപ്പെറിഞ്ഞ പാരമ്പര്യം: എ കെ ബാലൻ

വിദ്യാഭ്യാസമന്ത്രിയായിരുന്ന സി എച്ച്‌ മുഹമ്മദ്‌കോയ ബ്രണ്ണൻ കോളേജിൽ ഒരു ഉദ്‌ഘാടനത്തിന്‌ എത്തിയപ്പോൾ കരിങ്കൊടി കാട്ടിയും ചെരുപ്പെറിഞ്ഞും അലങ്കോലമാക്കാൻ ശ്രമിച്ച പാരമ്പര്യമാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റേതെന്ന്‌ പൂർവവിദ്യാർഥിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലൻ പറഞ്ഞു. അന്ന്‌ സി എച്ചിന്‌‌ പിന്തുണയുമായി‌ ചടങ്ങ് നടത്താൻ മുന്നിൽനിന്നവരാണ്‌ ഞങ്ങൾ.    

എ കെ ബാലൻ പറയുന്നു: ബ്രണ്ണൻ കോളേജിൽ ഞാൻ കെഎസ്‌എഫിന്റെയും സുധാകരൻ കെഎസ്‌യുവിന്റെയും നേതാക്കളായി പ്രവർത്തിച്ചിട്ടുണ്ട്‌. കെഎസ്‌എഫിനെ തകർക്കാൻ സുധാകരന്റെ നേതൃത്വത്തിൽ പലവിധ ശ്രമങ്ങളും നടന്നു‌. ഒരിക്കൽ സുധാകരനും സംഘവും ആക്രമിക്കാൻ വന്നപ്പോൾ പിണറായി വിജയൻ വന്നതും ഓർക്കുന്നു.     പിന്നീട്‌, സുധാകരൻ സംഘടനാ കോൺഗ്രസ്‌ വിദ്യാർഥി സംഘടനയായ എൻഎസ്‌ഒ നേതാവായി. മമ്പറം ദിവാകരൻ കെഎസ്‌യുവിന്റെയും ഞാൻ എസ്‌എഫ്‌ഐയുടെയും സുധാകരൻ എൻഎസ്‌ഒയുടെയും ചെയർമാൻ സ്ഥാനാർഥിയായി മത്സരിച്ചു. ഞാനാണ്‌ വിജയിച്ചത്‌. ജനതാ പാർടിവഴി പിന്നീട്‌ കോൺഗ്രസിലേക്ക്‌ തിരിച്ചുവന്ന സുധാകരൻ ഇപ്പോൾ പറയുന്നതെല്ലാം പച്ചനുണയാണ്‌.

No comments:

Post a Comment