Saturday, June 5, 2021

ബജറ്റിലെ 
താങ്ങും തണലും

2020 ജനുവരി 17ലെ സംസ്ഥാന ബജറ്റിന്റെ സംയുക്താനുബന്ധമാണ്‌ വെള്ളിയാഴ്‌ച ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്‌. ഒരുതരത്തിലുള്ള അധിക നികുതിയും അടിച്ചേൽപ്പിക്കാത്ത ബജറ്റ്‌ പ്രതിസന്ധികളുടെ കനത്ത ഭാരത്തിനിടയിലും സംസ്ഥാനത്തിന്റെ പുരോഗതിയും ജനങ്ങളുടെ ക്ഷേമവും ലക്ഷ്യമിടുന്നതാണ്‌. കൊറോണ വൈറസ്‌ തീർത്ത സർവതലസ്‌പർശിയായ നിശ്ചലാവസ്ഥകൾക്കിടയിലും ഉണർവിന്റെയും പ്രതീക്ഷയുടെയും ബദൽവഴി തുറക്കുന്നുമുണ്ട്‌. ആരോഗ്യം, ഭക്ഷണം, തൊഴിൽ എന്നിവ ഉറപ്പാക്കുന്ന പദ്ധതികളും ഏറെയാണ്‌. അതിദാരിദ്ര്യത്തിന്റെ കയത്തിൽപ്പെട്ട് ഉഴലുന്നവരെ കൈപിടിച്ചുയർത്താൻ ഏറെ ക്ലേശിച്ചും വിഭവങ്ങൾ കണ്ടെത്തുകയുമാണെന്നു കാണാം. വഴിമുട്ടിയ പ്രവാസികൾക്കും സ്‌ത്രീകൾക്കും വീട്ടമ്മമാർക്കും തീരദേശ വാസികൾക്കും ഉദാരമായ നിലയിൽ വ്യത്യസ്‌ത വായ്‌പകൾ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്‌.

കോവിഡ്‌ മഹാമാരിയുടെ രണ്ടാംതരംഗത്തിന്റെ പ്രത്യേക ഘട്ടത്തിലായിരുന്നു ഇക്കുറി ബജറ്റ്‌ അവതരണം. മൂന്നാംതരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ സജീവവുമായിരുന്നു. അതിനാൽ, ആരോഗ്യരംഗത്ത്‌ ദീർഘവീക്ഷണമുള്ള നടപടികളാണ്‌ കൈക്കൊണ്ടിട്ടുള്ളത്‌. പട്ടിണി തുടച്ചുനീക്കുന്നതോടൊപ്പം എല്ലാവർക്കും ആരോഗ്യമെന്നതാണ്‌ അതിന്റെ ദിശ. കോവിഡിനെത്തുടർന്ന്‌ സംസ്ഥാനങ്ങൾ കനത്ത പ്രതിസന്ധിയിലായപ്പോൾ വാക്‌സിൻ നയത്തിലൂടെ ഇരുട്ടടി നൽകുകയായിരുന്നു നരേന്ദ്ര മോഡി സർക്കാർ. അശാസ്‌ത്രീയ വാക്‌സിൻ കയറ്റുമതിയും വിതരണവും കാരണം കോവിഡിന്‌ തീപിടിക്കുമ്പോഴും കോർപറേറ്റ്‌ കൊള്ളയ്‌ക്ക്‌ അവസരമൊരുക്കുകയായിരുന്നു കേന്ദ്രം. അതുപോലെ എണ്ണവില സെഞ്ച്വറിയോടടുപ്പിച്ചിരിക്കുന്നു. ഈ ഘട്ടത്തിലും കേരളം കോവിഡ്‌ രണ്ടാം പാക്കേജായി 20,000 കോടി രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌. 18 വയസ്സിനു മുകളിലുള്ളവർക്ക്‌ പ്രതിരോധ കുത്തിവയ്‌പ്‌ നൽകാൻ 1000 കോടിയും അനുബന്ധ ഉപകരണങ്ങൾക്ക്‌ 500 കോടിയും അനുവദിച്ചു. കേരളത്തിന്റെ സ്വന്തം വാക്‌സിൻ, സാംക്രമിക രോഗനിവാരണം, ലിക്വിഡ്‌ മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ്‌, പകർച്ചവ്യാധി ബ്ലോക്കുകൾ തുടങ്ങിയവയും അനുബന്ധമായുണ്ട്‌.

ആഭ്യന്തരവരുമാനം പതുക്കെ ഉയർത്തുകയാണ്‌ പ്രധാന ലക്ഷ്യങ്ങളിലൊന്ന്‌. കാർഷിക–- ടൂറിസം തുടങ്ങിയ മേഖലകൾ അതിലുൾപ്പെടുന്നു. ടൂറിസംരംഗത്തിന്റെ പുനരുജ്ജീവനത്തിനായി 30 കോടി അനുവദിച്ചിട്ടുണ്ട്‌. ആഗോള വിനോദ സഞ്ചാര ഭൂപടത്തിലെ സമീപകാല ഇടിവ്‌ 80 ശതമാനത്തിലധികമാണെന്ന വസ്‌തുതയും കേരളത്തിനും വലിയ ഭീഷണിയാണ്‌. അതിനാൽ, ടൂറിസം മാർക്കറ്റിങ്‌ ലക്ഷ്യമിട്ട്‌ രണ്ടു പുതിയ വിനോദ സഞ്ചാര സർക്യൂട്ടുകൾക്ക്‌ രൂപം നൽകുകയും ചെയ്യും.

മൂലധന രൂപീകരണത്തിന്റെ അഭാവമാണ്‌ കാർഷികരംഗത്തെ വികസനത്തിന്റെയും കുതിപ്പിന്റെയും മുന്നിലെ പ്രധാന തടസ്സങ്ങളിൽ ഒന്നെന്ന്‌ തിരിച്ചറിഞ്ഞ്‌ മെച്ചപ്പെട്ട നിക്ഷേപ വായ്‌പാ സംവിധാനം ഒരുക്കാനുള്ള നിർദേശമാണുള്ളത്‌. കാർഷിക വ്യാവസായിക സേവന തുറകളിൽ നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനും പ്രവർത്തനക്ഷമമല്ലാത്തവ പുനരുജ്ജീവിപ്പിക്കാനും വാണിജ്യ ആവശ്യങ്ങൾക്കും കുറഞ്ഞ പലിശനിരക്കിൽ വായ്‌പ ലഭ്യമാക്കും. അതിനായി നടപ്പുവർഷം 1600 കോടി രൂപ നീക്കിവച്ചു. കുടുംബശ്രീവഴി അയൽക്കൂട്ടങ്ങൾക്ക്‌ 1000 കോടി വായ്‌പ നൽകും. അഞ്ചു ലക്ഷംവരെ കടത്തിന്‌ പലിശ നാലു ശതമാനമേ ഈടാക്കൂവെന്ന പ്രത്യേകതയുമുണ്ട്‌. 20000 കോടി രൂപയുടെ പാക്കേജ്‌, ഉപജീവനം പ്രതിസന്ധിയിലായവർക്ക് 8900 കോടി, സാമ്പത്തിക പുനരുജ്ജീവനത്തിനായി 8300 കോടി എന്നിവയെല്ലാം എടുത്തു പറയേണ്ടതാണ്‌.

കോവിഡിന്റെ സംഹാരാത്മകതകൾക്കിടയിലും തിമിർത്തു പെയ്യുന്ന മഴ കേരളത്തിലുടനീളം പ്രത്യേകിച്ച്‌ തീരപ്രദേശത്ത്‌ കാര്യമായ നാശനഷ്ടം വരുത്തി. പ്രകൃതി പ്രതിഭാസങ്ങളെ ശാസ്‌ത്രീയമായി മനസ്സിലാക്കി ദീർഘകാല പരിഹാരമാർഗങ്ങൾ നടപ്പാക്കേണ്ടതുണ്ട്‌. തീരദേശ സംരക്ഷണവും തീരത്തെ അടിസ്ഥാന സൗകര്യ വികസനവുമാണ്‌ അതിൽ അതിപ്രധാനം. കടലാക്രമണം തടയാനും അടിസ്ഥാന മേഖലകൾക്ക്‌ ഊർജസ്വലമായ പിന്തുണയും സഹായവും നൽകാനും ബജറ്റ്‌ സന്നദ്ധമായിട്ടുണ്ട്‌. പലമട്ടിൽ ഇരമ്പിയാർത്ത പ്രതിസന്ധികളെ അഭിമുഖീകരിച്ച്‌ മുന്നേറാനുള്ള സമൂഹത്തിന്റെ ശേഷിയാണ്‌ ലോകത്തെ മുന്നോട്ട്‌ നടത്തിച്ചത്‌. പതിറ്റാണ്ടുകളിലൂടെ സ്വായത്തമാക്കിയ അതിജീവനക്കുതിപ്പ്‌ ഈ കെട്ടകാലത്തും സാമൂഹ്യ ഇന്ധനമാകും. 2021ലെ കേരള ബജറ്റ്‌ എല്ലാവിഭാഗം ജനങ്ങൾക്കും താങ്ങും തണലുമായി മാറുമെന്നതിനാലാണ്‌ ആ ഉറപ്പ്‌. നേട്ടങ്ങൾ ഉറപ്പിച്ചു നിർത്തിയും പുതിയവ എത്തിപ്പിടിച്ചും നമുക്ക്‌ കേരളത്തെ പുനർനിർമിക്കാം.

deshabhimani editorial 040621

No comments:

Post a Comment