Saturday, June 5, 2021

അഴിമതി നടന്നെന്ന് സമ്മതിച്ച് അബ്ദുള്ളക്കുട്ടി; "കൊള്ളനടത്തിയത് അന്നത്തെ ടൂറിസംമന്ത്രി അനില്‍കുമാര്‍'

കണ്ണൂര്‍കോട്ടയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ നടത്തിയതിന്റെ പേരില്‍ അഴിമതി നടന്നുവെന്ന് സമ്മതിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. വിജിലന്‍സ് സംഘം അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2011-16ല്‍ അബ്ദുള്ളക്കുട്ടി യുഡിഎഫ് എംഎല്‍എയായിരിക്കെയാണ് പദ്ധതി കൊണ്ടുവന്നത്. ഒരുദിവസം മാത്രം നടന്ന ഷോയുടെ പേരില്‍ ഒരുകോടി രൂപ ക്രമക്കേട് നടത്തിയെന്നാണ് പരാതി. എന്നാല്‍ താന്‍ പദ്ധതി അന്നത്തെ സര്‍ക്കാരിനോട് നിര്‍ദേശിക്കുകമാത്രമാണ് ചെയ്തതെന്നും കൊള്ളനടത്തിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായിരുന്ന എ പി അനില്‍കുമാറാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

വിജിലന്‍സ് തന്റെ വീട്ടിലെത്തിയത് റെയ്‌ഡിനല്ല, പ്രാഥമിക പരിശോധന മാത്രമാണ് നടന്നത്. ലൈറ്റ് ആന്റ് സൗണ്ട് ഷോ കൊണ്ടുവരണമെന്ന നിര്‍ദേശം യുഡിഎഫ് എംല്‍എയായിരിക്കെ താനാണ് മുന്നോട്ടുവെച്ചത്. അത് സര്‍ക്കാര്‍ ബജറ്റില്‍ തന്നെ ഉള്‍പ്പെടുത്തി. ടൂറിസം വകുപ്പ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ വന്ന് വലിയ ആഘോഷമായാണ് ഉദ്ഘാടനം നടന്നത്. പക്ഷേ രണ്ടാഴ്ചപോലും ആ ഷോ നടന്നില്ല. കരാര്‍ നല്‍കിയത് തട്ടിക്കൂട്ട് കമ്പനിക്കാണെന്നാണ് മനസിലാക്കിയത്. ഇപ്പോഴാണ് താന്‍ സത്യാവസ്ഥ അറിഞ്ഞത്. അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന അനില്‍കുമാറാണ് ഈ കൊള്ള നടത്തിയതെന്നും, ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കണ്ണൂര്‍ > ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന. 2011-16 കാലത്ത് യുഡിഎഫ് എംഎല്‍എയായിരിക്കെ കണ്ണൂര്‍കോട്ടയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ നടത്തുന്നതിനായി അബ്ദുള്ളക്കുട്ടി ഒരുകോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിന്മേലാണ് അന്വേഷണം. വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘം അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലെത്തി പരിശോധന നടത്തുകയാണ്. ഉദ്യോഗസ്ഥര്‍ അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്തു.

സ്ഥിരം പദ്ധതിയെന്ന പേരില്‍ ആരംഭിച്ച ഷോ വെറും ഒരുദിവസം മാത്രമാണ് നടത്തിയതെന്നും വലിയ തുക ഇതിന്റെ പേരില്‍ ക്രമക്കേട് നടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് ഇത്രയും വലിയ ക്രമക്കേട് നടത്തിയത്. പദ്ധതിക്കായി കൊണ്ടുവന്ന ഉപകരണങ്ങളൊക്കെ തുരുമ്പെടുത്ത് നശിച്ചതും വാര്‍ത്തയായിരുന്നു.

No comments:

Post a Comment