Monday, June 14, 2021

ബിജെപിയോടുള്ള കെപിസിസി സമീപനത്തില്‍ ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണം: സിപിഐ എം

തിരുവനന്തപുരം>  ബിജെപിയോടുള്ള കെപിസിസി സമീപനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഹൈക്കമാന്റ് ഇടപെട്ടാണ് പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും മാറ്റിയത്. പുതിയതായി നിയമിതനായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ബിജെപി മുഖ്യശത്രുവല്ലെന്നും അതിനാല്‍ എതിര്‍ക്കപ്പെടേണ്ടതില്ലെന്നുമാണ് പരസ്യമായി പ്രഖ്യാപിച്ചത്.

വര്‍ഗ്ഗീയതയുമായി ഏത് അവസരത്തിലും കേരളത്തിലെ കോണ്‍ഗ്രസ് സന്ധിചേരുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇത് നല്‍കുന്നത്. എല്ലാക്കാലത്തും ബിജെപിയോട് സൗഹാര്‍ദ്ദ സമീപനം എന്നത് നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുഖമുദ്രയുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിരവധി മണ്ഡലങ്ങളില്‍ യുഡിഎഫ്-ബിജെപി കൂട്ടുക്കെട്ട് ഉണ്ടായിരുന്നതിന്റെ വ്യക്തമായ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

 തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വര്‍ഗ്ഗീയ ശക്തികളുമായി കൈകോര്‍ത്തു. ഇത് കേരളത്തിലെ ജനങ്ങള്‍ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞതിന് തെളിവാണ് തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത്. എന്നിട്ടും അതില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്ന സൂചനയാണ് കെപിസിസി നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും പ്രത്യേകിച്ച് സോണിയ ഗാന്ധിക്കും ഈ നിലപാട് ആണോ എന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.

 തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ ബിജെപിയുമായി സ്ഥിരം സഖ്യത്തിലേര്‍പ്പെടാനുള്ള നീക്കമായേ ഇപ്പോഴത്തെ പ്രഖ്യാപനങ്ങളൈ കാണാന്‍ കഴിയു. തീവ്രഹിന്ദുത്വം പ്രചരിപ്പിച്ചും കോടികളുടെ കുഴല്‍പ്പണം ഇറക്കിയുമാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിയുടെ കുഴല്‍പ്പണം, കോഴ ഇടപാടുകളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടും അതിനോട് ശക്തിയായി പ്രതികരിക്കാന്‍ യുഡിഎഫ് തയ്യാറായിട്ടില്ല.

സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്നതിലാണ് അവര്‍ക്ക് താല്‍പ്പര്യമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

No comments:

Post a Comment