Wednesday, June 9, 2021

കേന്ദ്രത്തിനാകാം, കേരളത്തിൽ ഭരണഘടനാ വിരുദ്ധം - ജോർജ് ജോസഫ് എഴുതുന്നു

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഡെവലപ്മെന്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ(ഡിഎഫ്ഐ)  പ്രായോഗികമാക്കുന്നതിനുള്ള ബില്ലിന് പാർലമെന്റ് അംഗീകാരം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിനു പുറത്ത്‌ ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെ പുതിയ ഒരു സ്ഥാപനത്തിന്  കേന്ദ്രം രൂപം നൽകിയിരിക്കുകയാണ്. നാഷണൽ ബാങ്ക് ഫോർ ഫിനാൻസിങ്‌ ഇൻഫ്രാസ്ട്രക്ടർ ആൻഡ് ഡെവലപ്മെന്റ് (നാബ്ഫിഡ്) എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന  ഈ സ്ഥാപനത്തിന് പ്രാരംഭം കുറിക്കുന്നതിന്,  മൂലധനമായി കേന്ദ്രസർക്കാർ 20,000 കോടി രൂപ നൽകുന്നതിനാണ് ബജറ്റിൽ നിർദേശിച്ചിരിക്കുന്നത്. ആദ്യ ഘട്ട ഗ്രാന്റായി 5000  കോടി രൂപ ഇതിലേക്ക് നൽകും. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്‌ലൈൻ(എൻഐപി)  എന്നറിയപ്പെടുന്ന ഏഴായിരത്തിൽപ്പരം അടിസ്ഥാന സൗകര്യ പദ്ധതിക്കായി 111 ലക്ഷം കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിനായി ബജറ്റിതര മാർഗങ്ങളിലൂടെ പണം കണ്ടെത്തുകയാണ് പുതിയ സ്ഥാപനത്തിന്റെ ലക്ഷ്യം. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രവർത്തനക്ഷമമായ, സമാനമായ സ്ഥാപനങ്ങളുടെ ചുവടുപിടിച്ചാണ് കേന്ദ്ര സർക്കാർ ഇത്തരത്തിൽ ഒരു സ്ഥാപനത്തിന് രൂപം നൽകിയിരിക്കുന്നത്. അടുത്ത ഏതാനും വർഷത്തിനുള്ളിൽ ബോണ്ടുകൾ അടക്കമുള്ള ധനസമാഹരണ മാർഗങ്ങളിലൂടെ  മൂന്ന്‌ ലക്ഷം കോടി രൂപ ശേഖരിക്കുകയാണ്  ലക്ഷ്യം. അഞ്ച്‌ വർഷത്തേക്ക് നികുതിയൊഴിവും ഈ സ്ഥാപനത്തിന് നൽകിയിട്ടുണ്ട്. സർക്കാർ ഗ്യാരന്റി വഴിയായാണ് നാബ്ഫിഡ് ധനസമാഹരണം നടത്തുക. കോർപറേറ്റ് സ്ഥാപനമായി തുടങ്ങുന്ന ഇതിന്റെ അംഗീകൃത മൂലധനം ഒരു ലക്ഷം കോടി രൂപയാണ്. കേന്ദ്ര സർക്കാർ, വെൽത്, പെൻഷൻ ഫണ്ടുകൾ, ബാങ്കുകൾ, ഇതര ധനസ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇതിൽ ഓഹരി പങ്കാളിത്തം ഉണ്ടാകുമെന്നാണ് വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത്.

അതിവേഗത്തിൽ നിർവഹിക്കപ്പെടേണ്ടതും,  എന്നാൽ വൻതോതിലുള്ള  പണച്ചെലവ് ആവശ്യവുമായ മേഖലയാണ് അടിസ്ഥാന സൗകര്യ വികസനം. ഇന്നത്തെ നിലയിൽ വികസിത രാജ്യങ്ങൾ അടക്കമുള്ളവർക്കുപോലും ഇത്തരം ഭീമമായ ചെലവുകൾ ബജറ്റിനകത്തുനിന്ന് കണ്ടെത്താൻ കഴിയുന്നില്ല.  ആധുനിക സാമ്പത്തിക പഠനങ്ങൾ ഇക്കാര്യം അടിവരയിട്ട് പറയുന്നുമുണ്ട്. അതുകൊണ്ട് ബജറ്റിന് പുറത്തുനിന്ന് (ഓഫ് ബജറ്റ്) കടമെടുക്കൽ അടക്കമുള്ള മാർഗങ്ങളിലൂടെ ധനസമാഹരണം നടത്തുക എന്നത് അന്താരാഷ്ട്ര തലത്തിൽ അംഗീകൃതമായ രീതിയാണ്. ആ വഴിക്ക് കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാൽ, ഇതേ മാർഗം അവലംബിച്ച് കേരളം,  കിഫ്‌ബി എന്ന സ്ഥാപനംവഴി പണം സമാഹരിക്കാൻ ശ്രമിക്കുന്നതിനെ നിശിതമായി എതിർക്കുകയും അതിനെ ഏതു വിധത്തിലും തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നിടത്താണ്  ഇരട്ടത്താപ്പ് പ്രകടമാകുന്നത്. കിഫ്ബിയുടേതിന് സമാനമായ നിയമമാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. രണ്ടു സ്ഥാപനവും രാജ്യാന്തര, ആഭ്യന്തര ധന മാർക്കറ്റുകളെ പ്രയോജനപ്പെടുത്തി അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഒരിടത്ത് അത് നിയമവിധേയവും മറ്റൊരിടത്ത് അത് ഭരണഘടനാ വിരുദ്ധവുമാകുന്നത് എങ്ങനെയാണ് ?

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പുതിയ  വികസന ബാങ്കിന് ഇന്ത്യയിൽ ഉടനീളം ശാഖകൾ തുറക്കുന്നതിന് പദ്ധതിയുണ്ട്. ഏതാണ്ട് സമാനമായ വിധത്തിൽ ഒന്നിലേറെ സ്ഥാപനങ്ങൾ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നു. ഐഎഫ്സിഐ, ഐഡിബിഐ, ഐസിഐസിഐ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഇതിൽ രണ്ടെണ്ണം പിന്നീട് ബാങ്കുകളായി മാറുകയും ചെയ്തു. പുതിയ ബാങ്കിന് വിദഗ്ധരും പ്രൊഫഷണലുകളും അടങ്ങുന്ന ഒരു ഡയറക്ടർ ബോർഡും ഉണ്ടാകുമെന്ന് നിയമത്തിൽ  പറയുന്നു. സമാനമായ രീതിയിലാണ്  കിഫ്ബിയുടെ രൂപീകരണവും  നടത്തിപ്പും. എന്നാൽ,  ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നു പറയുന്നതുപോലെ കിഫ്‌ബി ചെയ്യുന്നത് എല്ലാം തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് ഓഫ് ബജറ്റ് കടമെടുക്കൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് ?  എന്തുകൊണ്ട് സമാനമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം ഒരു കോർപറേറ്റ് സ്ഥാപനത്തിന് രൂപം നൽകിയിരിക്കുന്നു? വിദഗ്ധരുടെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് അവിടെ ശരിയും ഇവിടെ തെറ്റുമാകുന്നത് എങ്ങനെയാണ് ?

കേന്ദ്ര നിയമവും കിഫ്ബിയും തമ്മിൽ രണ്ട്‌ സുപ്രധാനമായ അന്തരമുണ്ട്. ഇവയാകട്ടെ അത്യന്തം അപകടകരവും പൊതുതാൽപ്പര്യങ്ങൾക്ക് വിരുദ്ധവുമായ കാര്യങ്ങളാണ്. ആദ്യ ഘട്ടത്തിൽ നാബ്ഫിഡിന്റെ 100 ശതമാനം ഓഹരികളും സർക്കാർ ഉടമസ്ഥതയിലായിരിക്കുമെങ്കിലും പിന്നീട് സർക്കാരിന്റെ ഓഹരി പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കുമെന്നും നിയമത്തിൽ പറയുന്നു. അതായത് ഭാവിയിൽ ഈ സ്ഥാപനം സ്വകാര്യവൽക്കരിക്കുമെന്ന് സാരം. സർക്കാർ ഗ്യാരന്റിനിന്ന്‌ ലക്ഷക്കണക്കിന് കോടി രൂപ ധനവിപണിയിൽനിന്ന്‌ സമാഹരിച്ചശേഷം അത് സ്വകാര്യമേഖലയ്‌ക്ക് കൈമാറുന്നത് വഴി രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖല ഒന്നാകെ തീറെഴുതുന്ന നിലയിലേക്കായിരിക്കും കാര്യങ്ങൾ പോകുക. ഇവിടെ കിഫ്‌ബി നിയമവുമായി പ്രകടമായ വ്യതിയാനം കാണാം. കാരണം, ഒരു സാഹചര്യത്തിലും സംസ്ഥാന സർക്കാരിന് കിഫ്‌ബി സ്വകാര്യവൽക്കരിക്കാൻ കഴിയില്ല എന്നതാണ് അത്. സർക്കാർ  ജാമ്യംനിന്ന് കടം വാങ്ങുന്ന പണം ഉൾക്കൊള്ളുന്ന വലിയ വിഭവശേഷിയുള്ള ഒരു സ്ഥാപനം പിന്നീട് സ്വകാര്യമേഖലയ്‌ക്ക് കൈമാറുമെന്ന വ്യവസ്ഥ നിയമത്തിൽത്തന്നെ എഴുതിച്ചേർത്തിരിക്കുന്നത് ഏറെ അപകടം പിടിച്ച ഒരു കാര്യമാണ്.

ഈ സ്ഥാപനത്തിനെതിരെയും ഇതിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും ഏതെങ്കിലും വിധത്തിലുള്ള അന്വേഷണം നടത്തുന്നതിന് കേന്ദ്ര സർക്കാരിന്റെ മുൻ‌കൂർ അനുമതി വേണമെന്നതാണ് ആശങ്കയുയർത്തുന്ന  മറ്റൊരു കാര്യം. അന്വേഷണ ഏജൻസികൾക്ക് മാത്രമല്ല,  കോടതികൾക്കുപോലും ഇക്കാര്യത്തിൽ നിയന്ത്രണമുണ്ട്. നടപടികളിലേക്ക് കടക്കുന്നതിന് കോടതികളും സർക്കാരിൽനിന്ന്  മുൻകൂർ അനുമതി തേടേണ്ടതുണ്ട്. തെറ്റായ കാര്യങ്ങൾ സംഭവിച്ചാൽ  നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനെതിരെ പൂർണ സംരക്ഷണം ഒരു കോർപറേറ്റ് ബോഡിക്ക് നൽകുന്നത് ഇന്ത്യയിൽത്തന്നെ ഇതാദ്യമാണ്. നിലവിൽ നിയമനിർമാണ സഭകൾ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്ക്  തുല്യമായ സംരക്ഷണമാണ് നാബ്ഫിഡിന്‌  നൽകിയിരിക്കുന്നത്. പുതിയ കാർഷിക നിയമങ്ങൾ അനുസരിച്ചുള്ള നടപടികളെ ജുഡീഷ്യൽ പരിശോധനകളിൽനിന്ന് ഒഴിവാക്കിയിരിക്കുന്നതിന്  സമാനമായ വ്യവസ്ഥകളാണ് ഇവിടെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്വകാര്യ വ്യക്തികൾക്കും ഡിഎഫ്ഐ തുടങ്ങാം എന്നതാണ് മറ്റൊരു വ്യവസ്ഥ. ഇതിനായി റിസർവ് ബാങ്കിന് അപേക്ഷ നൽകണം. കേന്ദ്ര സർക്കാരുമായി ആശയവിനിമയം നടത്തിയശേഷം റിസർവ് ബാങ്കിന് ഇതിന് ലൈസൻസ് നൽകാം എന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ കേന്ദ്ര സർക്കാരിന് മാത്രമല്ല, സ്വകാര്യ വ്യക്തികൾക്കുപോലും അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരിൽ എവിടെനിന്നും ഫണ്ടുകൾ സമാഹരിക്കുന്നതിന് സ്ഥാപനങ്ങൾ തുടങ്ങാം എന്നർഥം. എന്നാൽ,  കേരളം അത് ചെയ്യുമ്പോൾ രാജ്യദ്രോഹവും ഭരണഘടനാ വിരുദ്ധവുമായി മാറും.

ജോർജ് ജോസഫ് 

No comments:

Post a Comment