Tuesday, October 12, 2010

ഇന്ദിര സര്‍ക്കാര്‍ അമേരിക്കയില്‍നിന്ന് പണംപറ്റി

വാഷിങ്ടണ്‍: ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കെ കോണ്‍ഗ്രസ് പാര്‍ടി അമേരിക്കയില്‍നിന്ന് പണംപറ്റി. 1973-75 കാലഘട്ടത്തില്‍ ഇന്ത്യയിലെ അമേരിക്കന്‍ അമ്പാസഡറായിരുന്ന ഡാനിയല്‍ പാട്രിക് മൊയ്നിഹാന്റെ കത്തുകളും കുറിപ്പുകളും അടങ്ങുന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. അധികാരം നിലനിര്‍ത്താനുള്ള സഹായമായാണ് അമേരിക്ക പണം നല്‍കിയത്. ഇന്ത്യയില്‍ സിഐഎയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചെങ്കിലും ഇന്ദിര ഗാന്ധി സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും 'ഡാനിയല്‍ പാട്രിക് മൊയ്നിഹാന്‍: എ പോര്‍ട്രെയറ്റ് ഇന്‍ ലെറ്റര്‍ ഓഫ് ആന്‍ അമേരിക്കന്‍ വിഷനറി' എന്ന പുസ്തകത്തില്‍ പറയുന്നു. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള പീറ്റേഴ്സ ഇന്‍സ്റിറ്റ്യൂട്ടിലെ സ്റീവന്‍ ആര്‍ വീസ്മാന്‍ എഡിറ്റ് ചെയ്ത പുസ്തകം ചൊവാഴ്ച പുറത്തിറങ്ങും.

1974 ഒക്ടോബര്‍ 28ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ സന്ദര്‍ശിച്ച അമേരിക്കന്‍ വിദേശ സെക്രട്ടറി ഹെന്റി കിസിഞ്ചറാണ് പണം കൈമാറിയതെന്ന് മൊയ്നിഹാന്റെ കുറിപ്പിലുണ്ട്. കിസിഞ്ചര്‍ ഒറ്റയ്ക്കാണ് ഇന്ദിരയെ കണ്ടത്. കൂടിക്കാഴ്ചയ്ക്കിടെ എന്താണ് നടന്നതെന്ന് കൃത്യമായി എനിക്കറിയില്ല. എന്നാല്‍, ഈ ചുരുങ്ങിയ സമയത്തില്‍ "വേണ്ടത് ചെയ്തു'' എന്നതിനു തെളിവുണ്ട്- മൊയ്നിഹാന്‍ കുറിപ്പില്‍ പറയുന്നു. കോണ്‍ഗ്രസിന് നേരത്തെ പണം നല്‍കി സഹായിച്ച കാര്യവും ഈ സന്ദര്‍ഭത്തില്‍ കിസിഞ്ചര്‍ ഇന്ദിരയോട് സൂചിപ്പിച്ചിരുന്നു. രണ്ടു മാസം കഴിഞ്ഞ് മൊയ്നിഹാന്‍ പി എന്‍ ധറിന് എഴുതിയ കത്തില്‍, ഇന്ത്യയില്‍ ഇപ്പോഴുള്ള സര്‍ക്കാര്‍ തുടരുന്നതാണ് അമേരിക്കയ്ക്ക് താല്‍പ്പര്യമെന്ന് വ്യക്തമാക്കി. സിഐഎയെ ഇന്ത്യയില്‍നിന്നു പിന്‍വലിക്കണമെന്ന ആവശ്യം 1974ല്‍ മൊയ്നിഹാന്‍ കിസിഞ്ചറെ ഫോണില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്ന് ഒരു മാസത്തിനകം തന്റെ ആവശ്യത്തില്‍നിന്ന് മൊയ്നിഹാന്‍ പിന്മാറി. ഇന്ത്യക്ക് നമ്മളെ കൂടുതല്‍ ആവശ്യമാണെന്നും അതുകൊണ്ട് സിഐഎയെ പിന്‍വലിക്കരുതെന്നും മൊയ്നിഹാന്‍ അമേരിക്കന്‍ ആഭ്യന്തരവകുപ്പിലെ ലോറന്‍സ് ഈഗിള്‍ബര്‍ജറിനു കത്തെഴുതി. അന്ന് ഇന്ദിരയുടെ സെക്രട്ടറിയും ഇന്റലിജന്‍സ് മേധാവിയുമായിരുന്ന പി എന്‍ ധറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് മൊയ്നിഹാന്‍ ഇക്കാര്യം അമേരിക്കയെ അറിയിച്ചത്.

ദേശാഭിമാനി 121010

1 comment:

  1. ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കെ കോണ്‍ഗ്രസ് പാര്‍ടി അമേരിക്കയില്‍നിന്ന് പണംപറ്റി. 1973-75 കാലഘട്ടത്തില്‍ ഇന്ത്യയിലെ അമേരിക്കന്‍ അമ്പാസഡറായിരുന്ന ഡാനിയല്‍ പാട്രിക് മൊയ്നിഹാന്റെ കത്തുകളും കുറിപ്പുകളും അടങ്ങുന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. അധികാരം നിലനിര്‍ത്താനുള്ള സഹായമായാണ് അമേരിക്ക പണം നല്‍കിയത്. ഇന്ത്യയില്‍ സിഐഎയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചെങ്കിലും ഇന്ദിര ഗാന്ധി സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും 'ഡാനിയല്‍ പാട്രിക് മൊയ്നിഹാന്‍: എ പോര്‍ട്രെയറ്റ് ഇന്‍ ലെറ്റര്‍ ഓഫ് ആന്‍ അമേരിക്കന്‍ വിഷനറി' എന്ന പുസ്തകത്തില്‍ പറയുന്നു. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള പീറ്റേഴ്സ ഇന്‍സ്റിറ്റ്യൂട്ടിലെ സ്റീവന്‍ ആര്‍ വീസ്മാന്‍ എഡിറ്റ് ചെയ്ത പുസ്തകം ചൊവാഴ്ച പുറത്തിറങ്ങും.

    ReplyDelete