Tuesday, October 12, 2010

കര്‍ണ്ണാടക : നാടകീയ രംഗങ്ങള്‍; കൈയാങ്കളി

സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ശുപാര്‍ശ

ബംഗളൂരു: നിയമസഭയിലെ നാടകീയരംഗങ്ങള്‍ക്കും കൈയാങ്കളിക്കും ഒടുവില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ 'വിശ്വാസവോട്ട്' നേടി. തിങ്കളാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പ് സുതാര്യമല്ലെന്നും സര്‍ക്കാരിനെ പിരിച്ചുവിട്ട് കര്‍ണാടകത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ശുപാര്‍ശചെയ്തു. രാഷ്ട്രപതി ഭരണത്തിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ രാഷ്ട്രപതിക്കും കേന്ദ്രസര്‍ക്കാരിനും അയച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഗുരുതരമാണെന്നും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. റിപ്പോര്‍ട്ട് ചൊവ്വാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭായോഗം പരിഗണിക്കും. അതിനിടെ സര്‍ക്കാരിന് ഭൂരിപക്ഷം സഭയില്‍ തെളിയിക്കാന്‍ ഒരവസരംകൂടി നല്‍കണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. ബിജെപിക്ക് രാഷ്ട്രീയമുതലെടുപ്പിന് അവസരം നല്‍കാതിരിക്കാനാണിത്. തിങ്കളാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം കര്‍ണാടകപ്രശ്നം ചര്‍ച്ചചെയ്തു. വിശ്വാസവോട്ടെടുപ്പിന്റെ പേരില്‍ നാടകമാണ് സഭയില്‍ നടന്നതെന്നും ബിജെപി സര്‍ക്കാരിന്റെ ഏകപക്ഷീയമായ നടപടികളാണ് ഉണ്ടായതെന്നും ഗവര്‍ണറുടെ റിപ്പോര്‍ട്ടിലുണ്ട്. എംഎല്‍എമാരല്ലാത്തവരും പുറത്തുനിന്നുള്ളവരും സഭയ്ക്കുള്ളില്‍ കടന്നിരുന്നു. പ്രതിപക്ഷത്ത് 120 എംഎല്‍എമാരുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

എംഎല്‍സിമാരായ വി സോമണ്ണ, വിജയശങ്കര്‍ എന്നിവരാണ് വിശ്വാസവോട്ടെടുപ്പില്‍ ചട്ടം ലംഘിച്ച് പങ്കെടുത്തത്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിങ്കളാഴ്ച രാവിലെയാണ് ശബ്ദവോട്ടോടെ വിശ്വാസം നേടിയത്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് വിമതരായ 16 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി പ്രഖ്യാപിച്ചു. 11 വിമത ബിജെപി എംഎല്‍എമാരെയും അഞ്ച് സ്വതന്ത്രരെയുമാണ് അയോഗ്യരാക്കിയത്. വോട്ടെടുപ്പിനുമുമ്പ് മുഖ്യമന്ത്രിയെ വിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ ക്ഷണിക്കാതെ സ്പീക്കര്‍ കെ ജി ബൊപ്പയ്യ വിശ്വാസപ്രമേയത്തിന്‍മേല്‍ ശബ്ദവോട്ടെടുപ്പ് നടത്തുകയായിരുന്നു. സഭയ്ക്കുള്ളിലെ കനത്ത ബഹളത്തിനിടെ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതായും അനിശ്ചിതകാലത്തേക്ക് സഭ പിരിഞ്ഞതായും അറിയിച്ചു. 106 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്.

സ്പീക്കറുടെ ഈ നടപടി വിവാദമായ സാഹചര്യത്തിലാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശചെയ്തത്. വിപ്പ് ലംഘിച്ചാല്‍മാത്രം ബാധകമാക്കേണ്ട കൂറുമാറ്റനിയമം സ്പീക്കര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗങ്ങള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടു. കോണ്‍ഗ്രസ്, ജെഡിഎസ്, സ്വതന്ത്രര്‍, വിമത ബിജെപി അംഗങ്ങള്‍ ഉള്‍പ്പെടെ 120 പേരാണ് ഗവര്‍ണര്‍ക്കുമുന്നില്‍ ഹാജരായത്. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, ജെഡിഎസ് അംഗങ്ങള്‍ വിധാന്‍സൌധയ്ക്കു പുറത്ത് ധര്‍ണ നടത്തി. പിന്നീട് സിദ്ധരാമയ്യ, എച്ച് ഡി കുമാരസ്വാമി, എച്ച് ഡി രേവണ്ണ, വിമത നേതാക്കളായ ആനന്ദ് അസ്നോട്ടിക്കര്‍, ബാലചന്ദ്ര ജാര്‍ക്കോളി, എസ് കെ ബല്ലുബി എന്നിവരുടെ നേതൃത്വത്തിലാണ് 120 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടത്. ഒന്നര മണിക്കൂറോളം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഈ സമയം അഞ്ഞൂറിലേറെ ജെഡിഎസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്ഭവന്‍ റോഡില്‍ കുത്തിയിരുന്നു.

തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ 16 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റിസ് ജെ എസ് ഖഹാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ബെഞ്ച് ചൊവ്വാഴ്ചത്തേക്കു മാറ്റി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി വ്യക്തമാക്കി. ബിജെപി എംഎല്‍എമാര്‍ ചൊവ്വാഴ്ച രാഷ്ട്രപതിയെ സന്ദര്‍ശിക്കും. ഗവര്‍ണറുടെ നടപടി ജനാധിപത്യ ലംഘനമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എം വെങ്കയ്യനായിഡുവും മുഖ്യമന്ത്രി യെദ്യൂരപ്പയും ആരോപിച്ചു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബദല്‍ സര്‍ക്കാരിനില്ലെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമിയും സംസ്ഥാനകോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍ വി ദേശ്പാണ്ഡെയും മാധ്യമങ്ങളോട് പറഞ്ഞു.
(പി വി മനോജ് കുമാര്‍)

നാടകീയ രംഗങ്ങള്‍; കൈയാങ്കളി


ബംഗളൂരു: വിശ്വാസ വോട്ടെടുപ്പ് നടന്ന തിങ്കളാഴ്ച ബംഗളൂരു വിധാന്‍സൌധയിലും രാജ്ഭവനിലും നടന്നത് നാടകീയരംഗങ്ങള്‍. രാവിലെ 10ന് നിയമസഭ ചേരുന്നതിന് തൊട്ടുമുമ്പാണ് വിമത എംഎല്‍എമാരെ അയോഗ്യരാക്കി സ്പീക്കറുടെ ഉത്തരവ് വന്നത്. സഭയിലേക്ക് വരികയായിരുന്ന വിമത എംഎല്‍എമാരെ മുപ്പതോളം ബിജെപി എംഎല്‍എമാര്‍ പ്രവേശനകവാടത്തില്‍ തടഞ്ഞു. ഇതിനെ ചെറുക്കാന്‍ കോണ്‍ഗ്രസ്, ജെഡിഎസ് അംഗങ്ങള്‍ എത്തിയതോടെ കൈയാങ്കളിയായി. അംഗങ്ങളെ പിടിച്ചുമാറ്റാന്‍ ചെന്ന രണ്ട് വാച്ച് ആന്‍ഡ് വാര്‍ഡുമാരെ മര്‍ദിച്ചു. സംഘട്ടനത്തിനിടെ വിധാന്‍സൌധയുടെ ഹാളിന്റെ ജനാലചില്ലുകള്‍ തകര്‍ന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ തള്ളിമാറ്റി പ്രതിപക്ഷാംഗങ്ങളും വിമതരും അകത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ സഭയിലെത്തിയ കെപിസിസി പ്രസിഡന്റ് ആര്‍ വി ദേശ്പാണ്ഡെ വാച്ച് ആന്‍ഡ് വാര്‍ഡ് മാര്‍ഷലിനെ പിടിച്ചുമാറ്റാന്‍ നോക്കി. ഈ ശ്രമം ചെറുത്തപ്പോള്‍ പ്രതിപക്ഷനേതാവ് തന്നെ വലംകൈകൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥന്റെ നെഞ്ചിനിടിച്ചു. നിലത്തുവീണ ഉദ്യോഗസ്ഥരെ എടുത്തുമാറ്റാന്‍ അനുവദിക്കാതെ എല്ലാവരും ചേര്‍ന്ന് മര്‍ദിച്ചു. സംഭവമറിഞ്ഞ് സഭയില്‍ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ പൊലീസ് എത്തിയതോടെ ബഹളം കൂടി. യൂണിഫോം ധരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ സഭയില്‍ വരാന്‍ പാടില്ലെന്നു പറഞ്ഞായിരുന്നു ബഹളം.

ഇതിനിടെ, സഭ സമ്മേളിക്കുകയും 20 മിനിറ്റിനകം ശബ്ദവോട്ടോടെ വിശ്വാസപ്രമേയം പാസായതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയുമായിരുന്നു. നിയമസഭ പിരിഞ്ഞതോടെ രാജ്ഭവനില്‍ എത്തിയ പ്രതിപക്ഷാംഗങ്ങള്‍ റോഡ് ഉപരോധിച്ചു. പിന്നീട് രാജ്ഭവന്‍ കവാടത്തിലെ ബാരിക്കേഡിനു മുകളില്‍ കയറിയായി പ്രതിഷേധം. രണ്ടു മണിക്കൂറോളം ഇവിടെ സംഘര്‍ഷാവസ്ഥ നിലനിന്നു. നടപടിക്രമം പാലിക്കാതെയാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. സഭ സമ്മേളിച്ചയുടന്‍ തന്നെ വിശ്വാസപ്രമേയം വോട്ടിനിടുകയാണെന്നു പറഞ്ഞ സ്പീക്കര്‍ ശബ്ദവോട്ടെടുപ്പാണ് നടത്തുന്നതെന്നും അറിയിച്ചു. വോട്ടെടുപ്പിനു മുമ്പ് മുഖ്യമന്ത്രിയെ വിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ ക്ഷണിക്കണം. എന്നാല്‍, സ്പീക്കര്‍ കെ ജി ബൊപ്പയ്യ ഈ നടപടികളിലേക്കൊന്നും കടക്കാതെ വോട്ടെടുപ്പ് നടത്തുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന്റെ ഭാഗമായി പൊലീസ് രാജ് നടപ്പാക്കാനും സര്‍ക്കാര്‍ ശ്രമിച്ചു. നിയമസഭയ്ക്കകത്തും പുറത്തും വന്‍ പൊലീസ് സന്നാഹം ഒരുക്കി. എംഎല്‍എമാരെ പോലും കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കി. വിധാന്‍സൌധ റോഡിലും കെ ആര്‍ സര്‍ക്കിളിലും ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം തടസ്സപ്പെടുത്തിയ പൊലീസ് കാല്‍നടയാത്രക്കാരെയും തടഞ്ഞു.

deshabhimani 121010

1 comment: