Tuesday, October 12, 2010

അലി രാഷ്ട്രീയമാന്യത കാട്ടിയില്ല: സിപിഐ എം

മലപ്പുറം: ഇടതുപക്ഷ എംഎല്‍എ സ്ഥാനത്തിരുന്ന് യുഡിഎഫുമായി രഹസ്യബന്ധമുണ്ടാക്കിയ മഞ്ഞളാംകുഴി അലി സ്വതന്ത്രനുണ്ടാകേണ്ട മാന്യതപോലും കാണിച്ചില്ലെന്ന് സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെയും കൂട്ടരുടെയും അടുത്തെത്തി പുതിയ ബാന്ധവത്തിനാണ് അലി ശ്രമിച്ചത്. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ചനടത്തി പാര്‍ടിയെ തകര്‍ക്കാന്‍ നടത്തിയ ശ്രമം കൈയോടെ പിടിക്കപ്പെട്ടതില്‍ പരിഭ്രാന്തനായാണ് പാര്‍ടിക്കെതിരെ ആരോപണങ്ങളുമായി അലി രംഗത്തുവന്നത്. അലിയെ എംഎല്‍എയാക്കാന്‍ രാപകലില്ലാതെ അധ്വാനിച്ച ആയിരക്കണക്കിന് പാര്‍ടി പ്രവര്‍ത്തകരോടുള്ള അനാദരവും അവഹേളനവുമാണിത്. യുഡിഎഫുമായുള്ള പുതിയ ചങ്ങാത്തം പാര്‍ടിയോടുള്ള നെറികേടാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അലി ഒട്ടും വിശ്വാസയോഗ്യമല്ലാത്ത ആരോപണങ്ങളാണ് പാര്‍ടിക്കെതിരെ ഉന്നയിച്ചത്.

2001ല്‍ സ്വതന്ത്ര എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട അലിക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചവരാണ് മുസ്ളിംലീഗും യുഡിഎഫും. അലിയുടെ മണ്ഡലത്തോട് യുഡിഎഫ് ഭരണകാലത്ത് പൂര്‍ണ അവഗണനയാണുണ്ടായത്. എംഎല്‍എ എന്ന നിലയില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍നിന്നുപോലും മാറ്റിനിര്‍ത്തി. പുതിയ വികസനപദ്ധതികളോ ഫണ്ടോ അനുവദിച്ചില്ല. മണ്ഡലത്തില്‍ അക്കാലത്ത് നടന്ന എല്ലാ വികസനപ്രവര്‍ത്തനങ്ങളും എ വിജയരാഘവന്‍ എംപിയുടെ ഫണ്ട് ഉപയോഗിച്ചായിരുന്നു. പാര്‍ടി തീരുമാനപ്രകാരം എംപിയുടെ പ്രാദേശികവികസന ഫണ്ടില്‍ സിംഹഭാഗവും ഉപയോഗിക്കപ്പെട്ടത് മങ്കട മണ്ഡലത്തിലാണ്. എംഎല്‍എ ഇപ്പോള്‍ അവകാശപ്പെടുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു.

സ്വതന്ത്രനായി ജയിച്ച അലി പാര്‍ടിയുടെ ആഭ്യന്തരകാര്യങ്ങളില്‍ കക്ഷിചേരാന്‍ നടത്തുന്ന പരിശ്രമം ദുരൂഹമാണ്. പാര്‍ടി അംഗമല്ലാത്ത അലി പാര്‍ടിയിലെ ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് നടത്തിയ പ്രസ്താവന പരിഹാസ്യമായ ന്യായവാദമാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥികളെ പിന്തിരിപ്പിക്കാനും യുഡിഎഫ് അനുകൂല നിലപാട് സ്വീകരിക്കാനും തയ്യാറായത് പാര്‍ടി മനസ്സിലാക്കി. ഇതേത്തുടര്‍ന്നാണ് പാര്‍ടി നേതാക്കള്‍ പ്രതികരിച്ചത്. വഞ്ചന കണ്ടുപിടിക്കപ്പെട്ട സാഹചര്യത്തിലാണ് അലി ഇപ്പോള്‍ പുറത്തുചാടിയത്. യുഡിഎഫില്‍ പുരോഗമനം കാണുന്ന ഒരാള്‍ക്ക് യാഥാര്‍ഥ്യങ്ങള്‍ ശരിയായി കാണാനാകില്ല. അതിനാല്‍ അലി നടത്തിയ പ്രസ്താവന ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയും.

1996ലാണ് അലി പാര്‍ടിയുമായി സഹകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. 1995ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ മുനിസിപ്പാലിറ്റികളിലും സിപിഐ എം ചെയര്‍മാന്മാര്‍ തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും മുന്നേറ്റമുണ്ടായി. തുടര്‍ന്നിങ്ങോട്ട് ഇടതുപക്ഷത്തിന് ജില്ലയില്‍ വളര്‍ച്ചയാണുണ്ടായത്. അലിയുടെ പുറത്തുപോകല്‍ പാര്‍ടിക്ക് ഒരു ക്ഷീണവും ഉണ്ടാക്കില്ല. ജനങ്ങള്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് പാര്‍ടിക്കൊപ്പം നില്‍ക്കുമെന്ന് സെക്രട്ടറിയറ്റ് വിശദീകരിച്ചു.

എംഎല്‍എ സ്ഥാനം രാജിവയ്ക്കും: മഞ്ഞളാംകുഴി അലി

മലപ്പുറം: എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയാണെന്ന് ഇടതുപക്ഷ പിന്തുണയോടെ മങ്കടയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മഞ്ഞളാംകുഴി അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജിക്കത്ത് വോട്ടര്‍മാരുമായി ആലോചിച്ച് ഉടന്‍ സ്പീക്കര്‍ക്ക് കൈമാറും. സിപിഐ എമ്മിന്റെ സഹായംകൊണ്ട് നേടിയ നോര്‍ക്ക ഡയറക്ടര്‍, പ്രവാസി സംഘം ജനറല്‍ സെക്രട്ടറി, പ്രവാസി ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും ഒഴിയും. യുഡിഎഫ് പിന്തുണയോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ സഹായിക്കും. എല്‍ഡിഎഫിനെതിരെ മത്സരിക്കുന്നവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നത് ശരിയാണ്. കുഞ്ഞാലിക്കുട്ടി മുസ്ളിംലീഗിലേക്ക് സ്വാഗതം ചെയ്തതില്‍ സന്തോഷമുണ്ട്. ഭാവിപരിപാടികള്‍ ആലോചിച്ചിട്ടില്ല. സര്‍വതന്ത്ര സ്വതന്ത്രനായി മണ്ഡലത്തിലുണ്ടാകും. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കും.

സിപിഐ എം അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയെന്നും ബോധപൂര്‍വം അകറ്റിനിര്‍ത്തിയെന്നും പാര്‍ടിയിലെ വിഭാഗീയതയില്‍ ബലിയാടാക്കിയെന്നും അലി ആരോപിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പാര്‍ടിക്ക് ഒരു നയവും ഭരണപക്ഷത്തുള്ളപ്പോള്‍ മറ്റൊരു നയവുമാണ്. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം അലിഞ്ഞ് ഇല്ലാതായിരിക്കുന്നു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്. നേതാക്കളുടെ ആട്ടും തുപ്പും സഹിച്ച് വിനീതവിധേയനായി കുനിഞ്ഞ് നില്‍ക്കാന്‍ ഇനി പറ്റില്ല. രാഷ്ട്രീയ യജമാനന്മാരുടെ മുന്നില്‍ മുട്ടുമടക്കാനും ഒരുക്കമല്ല. മന്ത്രിസ്ഥാനം നല്‍കാത്തതാണോ അടിസ്ഥാന പ്രശ്നമെന്ന ചോദ്യത്തിന് താന്‍ അത് ആവശ്യപ്പെട്ടില്ലെന്നായിരുന്നു മറുപടി.

രാജിക്ക് അലി ഉമ്മന്‍ചാണ്ടിയെ കാത്തിരുന്നു


മലപ്പുറം: മഞ്ഞളാംകുഴി അലി എംഎല്‍എ സ്ഥാനം രാജിവയ്ക്കാനും എല്‍ഡിഎഫ് ബന്ധം ഉപേക്ഷിക്കാനും തീരുമാനിച്ചത് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുമായും മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമായും ആലോചിച്ച്. രാവിലെ ഇരുവരുമായും ബന്ധപ്പെട്ടശേഷമാണ് രാജി പ്രഖ്യാപനം. പ്രതിപക്ഷ നേതാവ് മലപ്പുറത്ത് എത്തിയ തിങ്കളാഴ്ചതന്നെ അലി വാര്‍ത്താസമ്മേളനത്തിന് തെരഞ്ഞെടുത്തു. മാധ്യമപ്രവര്‍ത്തകര്‍ അലിയുടെ പ്രതികരണം തേടിയപ്പോഴെല്ലാംകാത്തിരിക്കൂ എന്നായിരുന്നു മറുപടി. അലി കാത്തിരുന്നത് ഉമ്മന്‍ചാണ്ടിയുടെ വരവിനായിരുന്നു. തിങ്കളാഴ്ച രാവിലെ മുതിര്‍ന്ന യുഡിഎഫ് നേതാക്കളുമായി സംസാരിച്ചശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വാര്‍ത്താസമ്മേളനത്തിന് വീട്ടിലേക്ക് ക്ഷണിച്ചത്. സിപിഐ എമ്മിനെ ആക്ഷേപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനം കഴിഞ്ഞ ഉടന്‍ തീരുമാനിച്ചുറപ്പിച്ചപോലെ പിന്തുണയുമായി ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. വാര്‍ത്താസമ്മേളനത്തില്‍ അലിയും പിന്നീട് കുഞ്ഞാലിക്കുട്ടിയും നടത്തിയ പരാമര്‍ശങ്ങള്‍ യുഡിഎഫ് ബന്ധമുണ്ടെന്നതിന് തെളിവായി.

മങ്കട മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ഥികളെ സഹായിക്കുമെന്നായിരുന്നു അലിയുടെ പ്രതികരണം. ഇക്കാര്യം ലീഗിന് അറിയാമെന്നുപറഞ്ഞ് കുഞ്ഞാലിക്കുട്ടിയും പിന്തുണച്ചു. അലി സിപിഐ എം സ്ഥാനാര്‍ഥികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നെന്നും യുഡിഎഫിനെ സഹായിക്കുന്നെന്നും സിപിഐ എം നേതാക്കളും മങ്കടയിലെ പാര്‍ടി പ്രവര്‍ത്തകരും കുറച്ചുദിവസമായി പറഞ്ഞിരുന്നു. ഇത് ശരിയായിരുന്നെന്ന് അലിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പ്രതികരണങ്ങള്‍ വ്യക്തമാക്കി.

അടുത്തകാലത്തായി അലിക്ക് യുഡിഎഫ് നേതാക്കളുമായി നിരന്തരബന്ധമുണ്ടായിരുന്നു. ഇടതുപക്ഷബന്ധം ഉപേക്ഷിച്ച് എങ്ങനെ പോരണമെന്നും തുടര്‍നിലപാട് എന്തായിരിക്കണമെന്നും യുഡിഎഫാണ് നിശ്ചയിച്ചത്. എംഎല്‍എ സ്ഥാനം ഒഴിയുമ്പോള്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. സര്‍ക്കാരിനും സിപിഐ എമ്മിനുമെതിരെ യുഡിഎഫ് നിരത്താറുള്ള ആരോപണങ്ങളാണ് അലിയുടെ വാര്‍ത്താസമ്മേളനത്തിലുംനിറഞ്ഞുനിന്നത്. അധികാരത്തില്‍വന്നാല്‍ മന്ത്രിസ്ഥാനം നല്‍കാമെന്നുവരെ യുഡിഎഫിന്റെ വാഗ്ദാനമുണ്ടത്രെ. രാജ്യസഭയെന്ന ചൂണ്ടയും യുഡിഎഫ് ഇട്ടു. അതിലെല്ലാം അലി കൊത്തിയെന്നാണ് കരുതുന്നത്.

അലി യുഡിഎഫിലെത്തി പരീക്ഷണം നടത്തട്ടെ: പിണറായി

കോട്ടയം: മഞ്ഞളാംകുഴി അലി എംഎല്‍എയുടെ മനസ്സ് മാറിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം യുഡിഎഫിലെത്തി പരീക്ഷിച്ചുനോക്കട്ടെയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പത്തു വര്‍ഷത്തോളം അദ്ദേഹം ഞങ്ങളോടൊപ്പം സഹകരിക്കുന്നു. ഇപ്പോള്‍ യുഡിഎഫാണ് കൂടുതല്‍ ഇടത്തോട്ടുള്ളതെന്ന് പറയുന്നു. അലിയോട് ഞങ്ങള്‍ ഒരു അവിശ്വാസവും കാണിച്ചിട്ടില്ലെന്ന് കോട്ടയം പ്രസ് ക്ളബിന്റെ 'മുഖാമുഖ'ത്തില്‍ ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.

ജനപ്രതിനിധിയെന്ന നിലയില്‍ അലിഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതിരുന്നിട്ടുണ്ടോയെന്ന് പിണറായി ചോദിച്ചു. മോശം നിലപാട് ഒരുതരത്തിലും ഉണ്ടായിട്ടില്ല. പ്രവാസി സംഘടനയുടെ ഉത്തരവാദിത്വമടക്കം അദ്ദേഹത്തെ ഏല്‍പിച്ചു. ചില പ്രത്യേക ഉദ്ദേശത്തോടെ സഹകരിച്ചവര്‍, അവരുടെ ഉദ്ദേശം നടക്കാതെ വരുമ്പോള്‍ വിട്ടുപോകുന്ന സ്ഥിതി വരുന്നു. ചിലര്‍ വിട്ടുപോകുന്നത് പൊതു പ്രവണതയല്ല. ഇത്തരം വിട്ടുപോക്ക് പാര്‍ടിക്ക് ക്ഷീണം വരുത്തില്ല. 1957 ല്‍ സ്വതന്ത്രനായി വന്ന ജ. വി ആര്‍ കൃഷ്ണയ്യര്‍ ഇന്നും സ്വതന്ത്ര നിലപാടുമായി നില്‍ക്കുന്നുണ്ട്- പിണറായി പറഞ്ഞു.

അലിയോട് ഒരു നെറികേടും കാട്ടിയില്ല: പാലോളി

മലപ്പുറം: മഞ്ഞളാംകുഴി അലിയോട് പാര്‍ടി നെറികേടോ വിവേചനമോ കാണിച്ചില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായ മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. എന്നിട്ടും പാര്‍ടിയെ വഞ്ചിച്ച് യുഡിഎഫ് കൂടാരത്തിലേക്ക് പോകാനാണ് അലിയുടെ തീരുമാനം. അലിയുടെ കുടുംബം 1960കള്‍ മുതല്‍ ഇടതുപക്ഷത്തോടൊപ്പമാണ്. മങ്കടയില്‍ പാര്‍ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്തും വിയര്‍പ്പൊഴുക്കിയുമാണ് അലിയെ ജയിപ്പിച്ചെടുത്തത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അലിയുടെ മണ്ഡലത്തെ അവഗണിച്ചപ്പോള്‍ പാര്‍ടി പ്രത്യേക താല്പര്യമെടുത്ത് എ വിജയരാഘവന്റെ എംപി ഫണ്ട് പൂര്‍ണമായും വിനിയോഗിച്ചു. ഈ സര്‍ക്കാര്‍ മങ്കട മണ്ഡലത്തെ മറന്നില്ല. സര്‍ക്കാരിന്റെയും പാര്‍ടിയുടെയും എല്ലാ പരിപാടികളിലും അലിക്ക് പങ്കാളിത്തമുണ്ടായിരുന്നു. ഏതെങ്കിലും തരത്തില്‍ അതൃപ്തിയുള്ളകാര്യം അലി ഇതുവരെ പറഞ്ഞിട്ടില്ല. അലി യുഡിഎഫുമായി ബന്ധപ്പെടുന്ന കാര്യം ഈയിടെയാണ് മനസ്സിലായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പത്രിക കൊടുത്ത പാര്‍ടി സ്ഥാനാര്‍ഥികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതായും യുഡിഎഫിനെ സഹായിക്കുന്നതായും വിവരം കിട്ടി. പാര്‍ടിക്കെതിരായ നീക്കം ശക്തിപ്പെട്ടപ്പോഴാണ് അലിയെ ശ്രദ്ധിക്കണമെന്ന് പറഞ്ഞത്. യുഡിഎഫിലേക്ക് പോകാനുള്ള അലിയുടെ നീക്കം ജനങ്ങള്‍ തിരിച്ചറിയുമെന്ന് പാലോളി പറഞ്ഞു.

deshabhimani 121010

1 comment:

  1. ഇടതുപക്ഷ എംഎല്‍എ സ്ഥാനത്തിരുന്ന് യുഡിഎഫുമായി രഹസ്യബന്ധമുണ്ടാക്കിയ മഞ്ഞളാംകുഴി അലി സ്വതന്ത്രനുണ്ടാകേണ്ട മാന്യതപോലും കാണിച്ചില്ലെന്ന് സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെയും കൂട്ടരുടെയും അടുത്തെത്തി പുതിയ ബാന്ധവത്തിനാണ് അലി ശ്രമിച്ചത്. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ചനടത്തി പാര്‍ടിയെ തകര്‍ക്കാന്‍ നടത്തിയ ശ്രമം കൈയോടെ പിടിക്കപ്പെട്ടതില്‍ പരിഭ്രാന്തനായാണ് പാര്‍ടിക്കെതിരെ ആരോപണങ്ങളുമായി അലി രംഗത്തുവന്നത്. അലിയെ എംഎല്‍എയാക്കാന്‍ രാപകലില്ലാതെ അധ്വാനിച്ച ആയിരക്കണക്കിന് പാര്‍ടി പ്രവര്‍ത്തകരോടുള്ള അനാദരവും അവഹേളനവുമാണിത്. യുഡിഎഫുമായുള്ള പുതിയ ചങ്ങാത്തം പാര്‍ടിയോടുള്ള നെറികേടാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അലി ഒട്ടും വിശ്വാസയോഗ്യമല്ലാത്ത ആരോപണങ്ങളാണ് പാര്‍ടിക്കെതിരെ ഉന്നയിച്ചത്.

    ReplyDelete