Monday, November 15, 2010

ജംഗല്‍മഹലില്‍ ലക്ഷങ്ങളുടെ റാലി

പുരുളിയ: മാവോയിസ്റ്റ്- തൃണമൂല്‍ ഭീകരശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ ജംഗല്‍മഹലിനെ വിട്ടുകൊടുക്കില്ലെന്നും ഇടതുമുന്നണിയെയും സംസ്ഥാന സര്‍ക്കാരിനെയും സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ച് പശ്ചിമബംഗാളിലെ പുരുളിയയില്‍ ലക്ഷത്തിലധികംപേര്‍ പങ്കെടുത്ത ഉജ്വലറാലി. രണ്ടുവര്‍ഷമായി പുരുളിയയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ചകിതരായി കഴിയുന്ന ജനലക്ഷങ്ങള്‍ക്ക് ആവേശവും ആത്മവിശ്വാസവും പകരുന്നതായി റാലി. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ റാലി ഉദ്ഘാടനംചെയ്തു.

ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് പുരുളിയ നഗരത്തിലും റാലി നടന്ന ബല്‍റാംപുരിലും ഏര്‍പ്പെടുത്തിയിരുന്നത്. മാവോയിസ്റ് ആക്രമണങ്ങളെ നേരിടുന്ന സംയുക്തസേനയുടെ ഹെലികോപ്ടര്‍ ആകാശത്ത് നിരീക്ഷണപ്പറക്കലും നടത്തി. പുരുളിയ നഗരത്തില്‍നിന്ന് 32 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് ബല്‍റാംപുര്‍ പട്ടണത്തിനടുത്ത കോളേജ് മൈതാനത്തായിരുന്നു റാലി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒരുലക്ഷത്തിലധികംപേര്‍ റാലിയില്‍ പങ്കെടുത്തു. പുരുളിയ നഗരവും അവിടെനിന്ന് ബല്‍റാംപുര്‍വരെയുള്ള 32 കിലോമീറ്റര്‍ റോഡും കൊടിതോരണങ്ങളാല്‍ ചുവന്നിരുന്നു.

മാവോയിസ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും ഇടതുമുന്നണി സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് റാലി ഉദ്ഘാടനംചെയ്ത് ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. പാവപ്പെട്ട കര്‍ഷകരെയും തൊഴിലാളികളെയും കൊന്നൊടുക്കുകയല്ലാതെ എന്തു രാഷ്ട്രീയപ്രവര്‍ത്തനമാണ് മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും നടത്തുന്നതെന്ന് ബുദ്ധദേവ് ചോദിച്ചു. ജംഗല്‍മഹലില്‍ സര്‍ക്കാരിന്റെയും ത്രിതലപഞ്ചായത്തുകളുടെയും പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന മാവോയിസ്റ്റുകള്‍ പാവപ്പെട്ടവരുടെ ജീവിതമാണ് തകര്‍ക്കുന്നത്. ഒരുലക്ഷംപേര്‍ക്ക് തൊഴില്‍, രണ്ടുലക്ഷംപേര്‍ക്ക് തൊഴില്‍ എന്നൊക്കെ ആവര്‍ത്തിച്ച് പറയുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് തൊഴില്‍ കൊടുക്കാനുള്ള സംരംഭങ്ങളെയെല്ലാം തകര്‍ക്കുകമാത്രമേ ചെയ്തിട്ടുള്ളൂ.

പുരുളിയയടക്കമുള്ള ജംഗല്‍മഹല്‍ മേഖലയില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഏറെ വികസനപ്രവര്‍ത്തനം നടത്തി. പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കി. നിരവധി വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. മാവോയിസ്റ് ഭീകരതമൂലം നിരവധി ഗ്രാമങ്ങളില്‍നിന്ന് ജനങ്ങള്‍ പലായനം ചെയ്തിരുന്നു. ഇനി അതിന് ജനങ്ങള്‍ തയ്യാറല്ല. തങ്ങളുടെ ജീവിതം കാക്കാനുള്ള പോരാട്ടത്തില്‍ അവര്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. ജനങ്ങളുടെ സഹകരണത്തോടെ മാവോയിസ്റ്റുകളുടെ ചോരക്കളി അവസാനിപ്പിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പ്രത്യാശിച്ചു. റാലിയില്‍ നകുല്‍ മഹതോ അധ്യക്ഷനായി. ലോക്സഭയിലെ സിപിഐ എം നേതാവ് ബസുദേവ് ആചാര്യ, മറ്റ് ഇടതുമുന്നണി നേതാക്കള്‍ എന്നിവരും സംസാരിച്ചു.
(വി ജയിന്‍)

ദേശാഭിമാനി 151110

1 comment:

  1. മാവോയിസ്റ്റ്- തൃണമൂല്‍ ഭീകരശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ ജംഗല്‍മഹലിനെ വിട്ടുകൊടുക്കില്ലെന്നും ഇടതുമുന്നണിയെയും സംസ്ഥാന സര്‍ക്കാരിനെയും സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ച് പശ്ചിമബംഗാളിലെ പുരുളിയയില്‍ ലക്ഷത്തിലധികംപേര്‍ പങ്കെടുത്ത ഉജ്വലറാലി. രണ്ടുവര്‍ഷമായി പുരുളിയയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ചകിതരായി കഴിയുന്ന ജനലക്ഷങ്ങള്‍ക്ക് ആവേശവും ആത്മവിശ്വാസവും പകരുന്നതായി റാലി. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ റാലി ഉദ്ഘാടനംചെയ്തു.

    ReplyDelete