Monday, December 13, 2010

പൊതുമേഖലാ ഓഹരിവിറ്റഴിക്കല്‍ സര്‍ക്കാരിന് 8000 കോടി നഷ്ടം

ന്യൂഡല്‍ഹി: ഓഹരിവില ഇടിഞ്ഞപ്പോള്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചതിലൂടെ പൊതുഖജനാവിന് 8000 കോടി രൂപയുടെ നഷ്ടം. ആറ് കമ്പനികളുടെ ഓഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് പൊതുഖജനാവിന് ഈവര്‍ഷം കുറഞ്ഞത് 8000 കോടി രൂപയുടെ നഷ്ടമുണ്ടായതെന്ന് കണ്ടെത്തിയിരിക്കുന്നത്. വിറ്റഴിക്കുന്ന സ്ഥാപനങ്ങളുടെ ഓഹരിവില ഇടിഞ്ഞ അവസരത്തില്‍ സര്‍ക്കാര്‍ ഓഹരിവില നിശ്ചയിക്കുകയായിരുന്നു. ഓഹരിക്കമ്പോളത്തില്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില ഇടിക്കാന്‍ കോര്‍പറേറ്റുകള്‍ ആസൂത്രിതമായി നടത്തിയ ശ്രമത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഓഹരി വിറ്റഴിക്കല്‍നയത്തിന്റെ ഭാഗമായി പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയ്ക്കെത്തിയതിനു തൊട്ടുമുമ്പാണ് വിലയിടിഞ്ഞത്. ഇതിന് പ്രത്യേകിച്ച് ഒരുകാരണവും ഉണ്ടായിരുന്നില്ല. രണ്ടാഴ്ച മുമ്പ് 228 രൂപ ഉണ്ടായിരുന്ന എന്‍ടിപിസിയുടെ ഓഹരിക്ക് വില്‍പ്പനദിവസം 206 രൂപയായി പൊടുന്നനെ താഴ്ന്നു. 9.5 ശതമാനത്തിന്റെ ഇടിവ്. ഗ്രാമീണ വൈദ്യുതീകരണ കോര്‍പറേഷന്റെ (ആര്‍ഇസി) ഓഹരിവില 9.9 ശതമാനവും നാഷണല്‍ മിനറല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ (എന്‍എംഡിസി) ഓഹരിവില 13.9 ശതമാനവും ഇടിഞ്ഞെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരിവില 171 രൂപയില്‍നിന്ന് 145 രൂപയിലേക്ക് ഇടിഞ്ഞു. 15.2 ശതമാനത്തിന്റെ ഇടിവ്. എന്‍ജിനിയേഴ്സ് ഇന്ത്യയുടെ ഓഹരിക്ക് 7.3 ശതമാനവും പവര്‍ഗ്രിഡിന്റേത് 5.2 ശതമാനവും ഇടിഞ്ഞു. എന്‍ടിപിസിയുടെ ഓഹരിവില്‍പ്പനയിലൂടെ 9387 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നിരിക്കേ സര്‍ക്കാരിന് കിട്ടിയത് 8287 കോടി രൂപയാണ്. 1101 കോടി രൂപയുടെ നഷ്ടം.

ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് എന്‍എംഡിസിയുടെ ഓഹരിവില്‍പ്പനയിലാണ്. 4605 കോടിയുടെ നഷ്ടം. 14572 കോടി രൂപ കിട്ടേണ്ട സ്ഥാനത്ത് കിട്ടിയത് 9967 കോടി മാത്രം. പവര്‍ഗ്രിഡില്‍ 1157 കോടി രൂപയും ഷിപ്പിങ് കോര്‍പറേഷനില്‍ 264 കോടി രൂപയും സര്‍ക്കാരിന് നഷ്ടമായി. ഓഹരിവില്‍പ്പന സമയത്ത് വാങ്ങാനുള്ള തിരക്കുകാരണം സാധാരണഗതിയില്‍ വില കൂടേണ്ടതാണ്. എന്നാല്‍, പരമാവധി വിലയിടിക്കാന്‍ ഓഹരിക്കമ്പോളത്തില്‍ സ്വകാര്യ കോര്‍പറേറ്റ് കമ്പനികള്‍ ആസൂത്രിതമായി നീക്കം നടത്തി. ഓഹരിവിലയിടിഞ്ഞപ്പോള്‍ സര്‍ക്കാരിന് തല്‍ക്കാലം പിന്മാറാമായിരുന്നു. എന്നാല്‍, അതുണ്ടായില്ല. ആറ് കമ്പനികള്‍ക്കുമായി 31,500 കോടിയോളം രൂപയുടെ ഓഹരിയാണ് വില്‍പ്പനയ്ക്ക് വച്ചത്. വില കുറഞ്ഞ സമയത്തുതന്നെ ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം കാരണം 25 ശതമാനത്തോളം നഷ്ടമുണ്ടായെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ദേശാഭിമാനി 131210

1 comment:

  1. ഓഹരിവില ഇടിഞ്ഞപ്പോള്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചതിലൂടെ പൊതുഖജനാവിന് 8000 കോടി രൂപയുടെ നഷ്ടം. ആറ് കമ്പനികളുടെ ഓഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് പൊതുഖജനാവിന് ഈവര്‍ഷം കുറഞ്ഞത് 8000 കോടി രൂപയുടെ നഷ്ടമുണ്ടായതെന്ന് കണ്ടെത്തിയിരിക്കുന്നത്. വിറ്റഴിക്കുന്ന സ്ഥാപനങ്ങളുടെ ഓഹരിവില ഇടിഞ്ഞ അവസരത്തില്‍ സര്‍ക്കാര്‍ ഓഹരിവില നിശ്ചയിക്കുകയായിരുന്നു. ഓഹരിക്കമ്പോളത്തില്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില ഇടിക്കാന്‍ കോര്‍പറേറ്റുകള്‍ ആസൂത്രിതമായി നടത്തിയ ശ്രമത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നെന്നാണ് ഇത് വ്യക്തമാക്കുന്നത്.

    ReplyDelete